തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്.
ഇതോടെ തിരുവനന്തപുരത്ത് പെട്രോളിന് 91.42 രൂപയും ഡീസലിന് 85.93 രൂപയുമായി വര്‍ധിച്ചു. കൊച്ചിയില്‍ പെട്രോളിന് 88.79 രൂപയും ഡീസലിന് 85.31 രൂപയുമാണ് വില. തുടര്‍ച്ചയായ പത്താം ദിവസമാണ് ഇന്ധനവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തുന്നത്. പത്ത് ദിവസത്തിനിടെ പെട്രോളിന് രണ്ട് രൂപ 70 പൈസയും ഡീസലിന് ഒരു രൂപ 45 പൈസയുമാണ് വര്‍ധിച്ചത്.
രാജ്യത്ത് ഇന്ധനവില റെക്കോര്‍ഡ് വേഗത്തില്‍ വര്‍ധിക്കുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മിക്കയിടങ്ങളിലും പെട്രോളിന് 100 രൂപ കടന്നിട്ടുണ്ട്. ലോക്ക് ഡൗണിന് ശേഷമുള്ള എട്ട് മാസത്തിനിടെ 16 രൂപയാണ് ഇന്ധനവിലയില്‍ വര്‍ദ്ധനയുണ്ടായത്.
ഇന്ധന വിലവര്‍ദ്ധനവില്‍ വലിയ വിമര്‍ശനമാണ് സര്‍ക്കാരിനെതിരെ ഉയരുന്നത്. യു.പി.എ സര്‍ക്കാരിന്റെ ഭരണകാലത്ത് ഇന്ധനവില വര്‍ധനവിനെതിരെ ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പ്രകടനങ്ങളുടെയും ഓണ്‍ലൈന്‍ ക്യാംപെയ്‌നുകളുടെയും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ടാണ് പലരും വിമര്‍ശനമുന്നയിച്ചിരിക്കുന്നത്.
കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്രം ഇന്ധന വില തുടര്‍ച്ചയായി കൂട്ടുന്നത് എന്ന് പ്രതിപക്ഷം വിമര്‍ശനം ഉന്നയിക്കുന്നുണ്ട്. ലോകത്ത് ഇന്ധനത്തിന് ഏറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ.
Comments are closed for this post.