2021 July 28 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

ആരോഗ്യ മേഖലയെ പിന്തുണക്കാന്‍ ഒരു ലക്ഷം കൊവിഡ് മുന്‍നിര പോരാളികളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ആരോഗ്യമേഖലയെ പിന്തുണക്കാന്‍ രാജ്യം ഒരു ലക്ഷം കൊവിഡ് മുന്‍നിര പ്രവര്‍ത്തകരെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്‌കില്‍ ഇന്ത്യയുടെ കീഴില്‍ കൊവിഡ് 19 മുന്‍നിര പ്രവര്‍ത്തകര്‍ക്കായുളള ആറിന ക്രാഷ്‌കോഴ്‌സ് പ്രോഗ്രാമിന്റെ ലോഞ്ചിംഗ് വേളയിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.

‘വൈറസ് നമുക്കിടയില്‍ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങള്‍ സംഭവിച്ചേക്കാം. അതിനാല്‍ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികള്‍ മറികടക്കുന്നതിനു വേണ്ടി രാജ്യത്തിന്റെ തയ്യാറെടുപ്പുകള്‍ വര്‍ധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കൊവിഡ് മുന്‍നിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികള്‍ ആരംഭിക്കുന്നത്’ പ്രധാനമന്ത്രി പറഞ്ഞു. കോഴ്സ് മൂന്ന് മാസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഇതുവഴി ഇവര്‍ക്ക് ജോലി ലഭ്യമാകുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.

മഹാമാരിക്കെതിരെ പോരാടുന്ന നിലവിലെ ടാസ്‌ക് ഫോഴ്സിനെ പിന്തുണക്കാനാണ് പുതിയ ക്രാഷ് കോഴ്‌സിലൂടെ യുവാക്കളെ പരിശീലിപ്പിക്കുന്നത്. പ്രത്യേക പരിശീലന പരിപാടി തികച്ചും സൗജന്യമാണ്. സര്‍ട്ടിഫിക്കറ്റ്, ഭക്ഷണം, താമസ സൗകര്യം, സ്‌റ്റൈപ്പന്‍ഡ്, ഇന്‍ഷുറന്‍സ് എന്നിവ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും.

ആറു മേഖലകളിലായിട്ടാണ് പരിശീലനം. ഹോം കെയര്‍ സപ്പോര്‍ട്ട്, ബേസിക് കെയര്‍ സപ്പോര്‍ട്ട്, അഡ്വാന്‍സ്ഡ് കെയര്‍ സപ്പോര്‍ട്ട്, എമര്‍ജന്‍സി കെയര്‍ സപ്പോര്‍ട്ട്, സാമ്പിള്‍ കളക്ഷന്‍ സപ്പോര്‍ട്ട്, മെഡിക്കല്‍ എക്യുപ്മെന്റ് സപ്പോര്‍ട്ട് എന്നിവയാണ് ഇതില്‍ ഉള്‍പ്പെടുക. 276 കോടി രൂപയാണ് കേന്ദ്രം ഇതിന് അനുവദിച്ചിട്ടുള്ളത്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.