2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജഹാംഗീര്‍പുരി അക്രമം: അഞ്ച് പേര്‍ക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസ്

   

ഡല്‍ഹി: ജഹാംഗീര്‍പുരിയില്‍ ഹനുമാന്‍ ജയന്തി ആഘോഷവുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ അറസ്റ്റിലായവരില്‍ അഞ്ച് പേര്‍ക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുത്ത് ഡല്‍ഹി പൊലിസ്. നേരത്തെ അക്രമസംഭവങ്ങളില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടി വേണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പൊലിസ് കമ്മീഷണറോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണിത്. അന്‍സാര്‍, സലിം, ഇമാം ഷെയ്ഖ് എന്ന സോനു, ദില്‍ഷാദ്, അഹിര്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
ഇതുവരെ 25 പേരാണ് കേസില്‍ അറസ്റ്റിലായത്. ഇവരില്‍ മൂന്ന് പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഡല്‍ഹി പൊലിസ് പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

അതേ സമയം ഹനുമാന്‍ ജയന്തിഘോഷയാത്രക്കിടെ ഡല്‍ഹി ജഹാംഗീര്‍പുരി നടന്ന സംഘര്‍ഷത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് വസ്തുതാന്വേഷണ സംഘം ആവശ്യപ്പെട്ടു. ശനിയാഴ്ച ജഹാംഗീര്‍പുരി നടന്ന സംഘര്‍ഷത്തില്‍ ഡല്‍ഹി പൊലിസിനെ പ്രതിക്കൂട്ടിലാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വിട്ട വസ്തുതാന്വേഷണ റിപ്പോര്‍ട്ട്. ഘോഷയാത്രക്കൊപ്പം മുന്നിലും പിന്നിലും രണ്ട് ജീപ്പുകളില്‍ പൊലിസ് ഉണ്ടായിരുന്നു. തോക്കുകളും വാളുകളുമായി പ്രകോപന മുദ്രാവാക്യലുയര്‍ത്തി നീങ്ങുന്ന ജാഥക്കൊടുവില്‍ എന്ത് സംഭവിക്കുമെന്ന് അറിഞ്ഞു കൊണ്ടായിരുന്നു ജാഥ നടത്താന്‍ പൊലിസ് അനുവദിച്ചത്.

സംഘര്‍ഷത്തിന്റെ നിജസ്ഥിതി അറിയാന്‍ ഡല്‍ഹി പൊലിസിന്റെ പങ്കാണ് ആദ്യം അന്വേഷിക്കേണ്ടതെന്നും സംഘര്‍ഷം തടയാന്‍ പൊലിസ് നടപടി സ്വീകരിച്ചില്ലെന്നും സംഘാഗവും സി.പി.എം ഡല്‍ഹി സെക്രട്ടറിയേറ്റ് അംഗവുമായ പ്രൊഫ.രാജീവ് കുന്‍വര്‍ പറഞ്ഞു. പൊലിസിന്റെ നിലവിലെ അന്വേഷണം പക്ഷപാതമാണെന്നും അതിനാല്‍ എത്രയും വേഗം ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും പ്രൊഫ.രാജീവ് കുന്‍വര്‍ ആവശ്യപ്പെട്ടു.

വിവിധ വിഭാഗക്കാര്‍ തമ്മില്‍ സൗഹാര്‍ദ അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശത്ത് ഘോഷയാത്രക്കാര്‍ക്കെതിരെ നടപടി എടുക്കാതെ ഒരുവിഭാഗത്തില്‍പെട്ടവരെ മാത്രം അറസ്റ്റ് ചെയ്യുന്ന നടപടി തെറ്റാണെന്നും ഈ കാര്യം അഡീഷനല്‍ പൊലിസ് കമീഷണര്‍ കിഷന്‍ കുമാറിനെ നേരില്‍ കണ്ടു ധരിപ്പിച്ചുവെന്നും സംഘം അറിയിച്ചു. സി.പി.എം, സി.പി.ഐ അടക്കമുള്ള ഏഴ് ഇടതുപക്ഷ സംഘടനകളും ഒരുകൂട്ടം അഭിഭാഷകരും സംഘര്‍ഷ സ്ഥലം സന്ദര്‍ശിച്ചാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.