2023 December 09 Saturday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ജഹാംഗീര്‍ പുരിയില്‍ നോര്‍ത്ത് ഡല്‍ഹി കോര്‍പറേഷന്റെ ‘ബുള്‍ഡോസര്‍ രാജ’്; ‘അനധികൃത’ വീടുകള്‍ തകര്‍ക്കാന്‍ 400 പൊലിസുകാര്‍, ഒമ്പത് ബുള്‍ഡോസറുകള്‍

ന്യൂഡല്‍ഹി: ജഹാംഗീര്‍ പുരിയിലും ബുള്‍ഡോസര്‍ രാജ്. അനധികൃത വീടുകള്‍ തകര്‍ക്കാന്‍ 400 പൊലിസുകാരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത്. ഒമ്പത് ബുള്‍ഡോസറുകളും സ്ഥലത്തെത്തിയിട്ടുണ്ട്. വിമര്‍ശകരെയും പ്രതിഷേധകരെയും അടിച്ചമര്‍ത്താന്‍ മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ബി.ജെ.പി സര്‍ക്കാറുകള്‍ ഉപയോഗിച്ച ബുള്‍ഡോസര്‍ തന്ത്രം ഹനുമാന്‍ ജയന്തിയെ സംഘര്‍ഷം നടന്ന ഡല്‍ഹി ജഹാംഗീര്‍പുരിയിലും പ്രയോഗിക്കുകയാണ്.

നടപടിയില്‍ രാഷ്ട്രീയ ഇടപെടലില്ലെന്നാണ് നോര്‍ത്ത് ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ (എം.സി.ഡി) വ്യക്തമാക്കുന്നത്. എന്നാല്‍ സംഘര്‍ഷത്തിലെ കുറ്റാരോപിതരുടെ കെട്ടിടങ്ങള്‍ പൊളിക്കണമെന്ന് ബിജെപി നേരത്തെ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പൊലിസ് സഹായം തേടി എം.സി.ഡി നോര്‍ത്ത് വെസ്റ്റ് ഡിസിപിക്ക് ഇത് സംബന്ധിച്ച് ഔദ്യോഗികമായി കത്തയക്കുകയും ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാന്‍ ഏപ്രില്‍ 20,21 തിയ്യതികളില്‍ വനിതാ പൊലിസുകാരും ഔട്ടര്‍ ഫോഴ്‌സുമടക്കം 400 പൊലിസുകാരെ വേണമെന്നാണ് അസിസ്റ്റന്റ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നത്.

രാമ നവമി ഘോഷയാത്രയ്ക്ക് നേരെയുള്ള കല്ലേറില്‍ കുറ്റാരോപിതരായ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട 45 പേരുടെ സ്വത്തുവകകള്‍ മധ്യപ്രദേശിലെ ഖര്‍ഗോണില്‍ പൊലിസ് സുരക്ഷയില്‍ അധികൃതര്‍ നശിപ്പിച്ചിരുന്നു. അനിഷ്ട സംഭവം നടന്ന് 48 മണിക്കൂറിനകമായിരുന്നു ഭരണകൂട നടപടി. പൊതു സ്ഥലങ്ങള്‍ കൈയേറിയാണ് മിക്കവരും കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുള്ളതെന്നായിരുന്നു ഇതിന് ഇന്‍ഡോര്‍ ഡിവിഷണല്‍ കമ്മിഷണര്‍ പവന്‍ ശര്‍മ്മ നല്‍കിയ വിശദീകരണം. ഇത്തരം തകര്‍ക്കലുകള്‍ക്കെതിരെ എസ്പി നേതാവ് അഖിലേഷ് യാദവ്, രാഹുല്‍ ഗാന്ധി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മുസ്‌ലിം സ്വത്തുക്കള്‍ വ്യാപകമായി ഇടിച്ചുനിരപ്പാക്കുന്ന സംഭവത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടിരുന്നു. ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദാണ് കോടതിയെ സമീപിച്ചിരുന്നത്. ഈ നടപടിക്കെതിരെ ആംനസ്റ്റി ഇന്റര്‍നാഷണലും രൂക്ഷ വിമര്‍ശനമുന്നയിച്ചിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.