
ന്യൂഡല്‍ഹി: ആഭ്യന്തര യാത്രാ മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. രണ്ടുഡോസ് വാക്സിന് സ്വീകരിച്ച് പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്.ടി.പി.സി.ആര്, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബന്ധമാക്കരുതെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയിരിക്കുന്ന പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നത്.
ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ മറ്റൊരു സുപ്രധാന ഇളവ്. നിലവില്‍ മൂന്നുസീറ്റുകളുടെ നിരയില്‍ നടുവില്‍ ഇരിക്കുന്ന യാത്രക്കാരന് പിപിഇ കിറ്റ് ധരിക്കണമെന്ന നിര്‍ദേശം ഉണ്ടായിരുന്നു. എന്നാല്‍ മാസ്ക്ക് ധരിക്കുക സാമൂഹിക അകലം പാലിക്കുക തുടങ്ങിയ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ടതെന്നും മാര്‍ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.
ആഭ്യന്തര യാത്രകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തരുതെന്നും സംസ്ഥാനങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. അതേസമയം, ക്വാറന്റൈന്, ഐസൊലേഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്കു സാഹചര്യം അനുസരിച്ചു തീരുമാനമെടുക്കാം. ഏതെങ്കിലും സംസ്ഥാനത്തോ കേന്ദ്ര ഭരണ പ്രദേശത്തോ കൊവിഡ് കേസുകള്‍ കൂടുന്ന സാഹചര്യമുണ്ടായാല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അതതു സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ടെന്ന് മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പല സംസ്ഥാന സര്‍ക്കാരുകളും അന്തര്‍സംസ്ഥാന യാത്രകള്‍ക്ക് വ്യത്യസ്ത മാര്‍ഗനിര്‍ദേശങ്ങളാണ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതേതുടര്‍ന്നാണ് ഇവയില്‍ ഏകീകരണം നടത്തി ആരോഗ്യ, കുടുംബ ക്ഷേമ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്. റെയില്‍, ബസ്, വിമാന യാത്രകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പരിഷ്കരിച്ചിരിക്കുന്നത്.
അതിനിടെ, 44,658 ആണ് രാജ്യത്തെ പ്രതിദിന കൊവിഡ് കണക്ക്. 496 കോവിഡ് മരണങ്ങളും 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 30,007 പേര്‍ക്കും മഹാരാഷ്ട്രയില്‍ 5,108 പേര്‍ക്കുമാണ് കൊവിഡ് ബാധിച്ചത്.
32,988 പേര് രോഗമുക്തരാകുകയും ചെയ്തു. രോഗമുക്തി നേടിയവരുടെ എണ്ണം 3,18,21,428 ആയി. 3,44,899 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ 79,48,439 പേര്‍ക്ക് വാക്സിന് നല്‍കിയതായും അധികൃതര്‍ അറിയിച്ചു.