ന്യൂഡല്‍ഹി: കര്‍ഷകരെ കൊല്ലാക്കൊല ചെയ്ത് കേന്ദ്രം. പ്രക്ഷോഭത്തിനിടെ മരിച്ചവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം വകുപ്പില്ലെന്നതാണ് കേന്ദ്രത്തിന്റെ പുതിയ അടവ്. മരിച്ചത് പ്രക്ഷോഭത്തിനിടെയാണെന്നതിന് രേഖകളില്ല പോലും.
ഡല്‍ഹിയിലെ അതിര്‍ത്തികളില്‍ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച കര്‍ഷകരുടെ മരണത്തെക്കുറിച്ച് കേന്ദ്രസര്‍ക്കാറിന്റെ കൈവശം രേഖയില്ലെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമര്‍ പാര്‍ലമെന്റിലാണ് അറിയിച്ചത്. പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുമോയെന്ന പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് പാര്‍ലമെന്റില്‍ രേഖാമൂലം മറുപടി നല്‍കിയതാണ് തോമര്‍.
‘കാര്‍ഷിക മന്ത്രാലയത്തിന്റെ കൈവശം ഇതുസംബന്ധിച്ച യാതൊരു രേഖയുമില്ല. അതിനാല്‍ ഈ ചോദ്യം ഉന്നയിക്കേണ്ട ആവശ്യമില്ല’ കൃഷിമന്ത്രി പ്രതികരിച്ചു.
കൃഷിമന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്തെത്തി. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍ ലഭിക്കാതെ രാജ്യത്ത് ആരും മരിച്ചില്ലെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിന് സമാനമാണ് ഈ മറുപടിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ വാദം.
കേന്ദ്ര സര്‍ക്കാറിന്റെ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു വര്‍ഷമായി ഡല്‍ഹിയിലെ അതിര്‍ത്തിയില്‍ തുടരുന്ന പ്രക്ഷോഭത്തിനിടെ 700ഓളം കര്‍ഷകര്‍ക്കാണ് ജീവന്‍ നഷ്ടമായത്. തിങ്കളാഴ്ച മൂന്ന് കാര്‍ഷിക നിയമങ്ങളും പാര്‍ലമെന്റ് പിന്‍വലിച്ചിരുന്നു. ചര്‍ച്ച ഒഴിവാക്കി മിനിട്ടുകള്‍ക്കകം നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാണ് നിയമങ്ങള്‍ പിന്‍വലിച്ചത്. താങ്ങുവിലയെ കുറിച്ച് പ്രതികരിക്കാനും കേന്ദ്രം തയ്യാറായിട്ടില്ല.
അതേസമയം, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചെങ്കിലും സമരം പിന്‍വലിക്കാന്‍ കര്‍ഷക സംഘടനകള്‍ തയാറായിട്ടില്ല. കര്‍ഷകര്‍ ഉന്നയിക്കുന്ന മറ്റ് പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടാല്‍ മാത്രമേ പ്രക്ഷോഭം അവസാനിപ്പിക്കുവെന്നാണ് സംയുക്ത കിസാന്‍ മോര്‍ച്ചയുടെ പ്രതികരണം.
വിളകള്‍ക്ക് അടിസ്ഥാന താങ്ങുവില ഉറപ്പാക്കുക, കര്‍ഷകര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറുകള്‍ പിന്‍വലിക്കുക, പ്രക്ഷോഭത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കുക തുടങ്ങിയവയാണ് കര്‍ഷകരുടെ ആവശ്യം.
Comments are closed for this post.