2023 January 27 Friday
ശരീരത്തിനു വ്യായാമം പോലെതന്നെയാകുന്നു മനസ്സിന് വായന. -റിച്ചാർഡ് സ്റ്റീൽ

സി.എ.എയില്‍ പിന്നോട്ടില്ലാതെ കേന്ദ്രം; സുഹൃദ് രാജ്യങ്ങള്‍ ഓരോന്നായി കൊഴിയുമെന്ന മുന്നറിയിപ്പുമായി വിദേശ നയതന്ത്ര പ്രതിനിധികള്‍

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമത്തിന് അംഗീകാരം ലഭിച്ച് പ്രക്ഷോഭങ്ങളും അടിച്ചമര്‍ത്തലുകളുമായി സംഭവബഹുലമായ രണ്ടാഴ്ച പിന്നിടുന്നതിനിടെ ഇന്ത്യയുമായുള്ള ബന്ധം സുഖകരമായിരിക്കില്ലെന്ന മുന്നറിയിപ്പുമായി വിദേശ രാജ്യങ്ങള്‍.സി.എ.എയുമായി മുന്നോട്ടുപോവാനുള്ള കേന്ദ്രത്തിന്റെ തീരുമാനം തങ്ങളുമായുള്ള സൗഹൃദത്തിന് വിളളല്‍ സൃഷ്ടിക്കുമെന്നാണ് മുന്നറിയിപ്പ്. ഇന്ത്യന്‍ എക്‌സ്പ്രസ്സിന്റേതാണ് റിപ്പോര്‍ട്ട്.

എല്ലാ ഭൂഖണ്ഡങ്ങളില്‍ നിന്നുമായി 16 രാജ്യങ്ങളുടെ അമ്പാസഡര്‍മാരുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. അവരൊക്കെയും ഇന്ത്യയിലെ നിലവിലെ സാഹചര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇതിനു മുന്‍പു തന്നെ ഇന്ത്യയിലെ പല വിഷയങ്ങളിലും വിവിധ രാജ്യങ്ങള്‍ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. അന്നൊക്കെയും തങ്ങളുടെ ആഭ്യന്തര വിഷയമാണെന്നു പറഞ്ഞാണ് ഇന്ത്യ തലയൂരിയത്. ബാലാകോട്ട് വ്യോമാക്രമണം, ജമ്മു കശ്മീരിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കല്‍, അയോധ്യാ വിധി തുടങ്ങിയ കാര്യങ്ങള്‍ അതിനുദാഹരണങ്ങളാണ്.

കശ്മീര്‍ വിഷയവും അയോധ്യാ വിധിയും ആഭ്യന്തര വിഷയങ്ങളാണെന്നാണ് ഇന്ത്യ തങ്ങളോടു പറഞ്ഞതെന്നും എന്നാല്‍ പൗരത്വ ഭേദഗതി നിയമത്തില്‍ ഒരു വിശദീകരണവും നല്‍കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഒരു ജി20 രാജ്യത്തെ സ്ഥാനപതി പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

മറ്റു സംഭവങ്ങള്‍ പോലെയല്ല. ഈ നിയമം മൂന്ന് അയല്‍ രാജ്യങ്ങളെ കൂടി ബാധിക്കുന്നതാണ്.- ജി ട്വന്റി രാജ്യത്തെ ഒരു അംബാസഡര്‍ പറഞ്ഞു. അന്താരാഷ്ട്ര തലത്തില്‍ പ്രതിഫലനങ്ങള്‍ ഉണ്ടാക്കാന്‍ പോകുന്നതാണ് പൗരത്വ നിയമമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ മുസ്‌ലിം സമുദായത്തിനുള്ളില്‍ ഒതുങ്ങുന്നതല്ലെന്നായിരുന്നു ഇവരുടെ കാഴ്ചപ്പാടെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇന്ത്യ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാത്തത് അന്താരാഷ്ട്ര തലത്തിലുള്ള വിമര്‍ശനങ്ങളെ ഭയന്നാണെന്നാണ് അവര്‍ കരുതുന്നത്. വിമര്‍ശനങ്ങളൊക്കെയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരിക്കുമെന്നും ആഭ്യന്തര മന്ത്രി അമിത് ഷായുടെ കാര്യത്തെക്കുറിച്ച് അറിയില്ലെന്നും അവര്‍ പറഞ്ഞതായി ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്തു.

വിദേശ മാധ്യമങ്ങളൊക്കെയും തങ്ങളോട് ഇക്കാര്യത്തെക്കുറിച്ച് അഭിപ്രായം ചോദിക്കുന്നുണ്ടെന്നും അവര്‍ പറയുന്നു. ഓരോ ദിവസം കഴിയും തോറും ഇന്ത്യയുടെ സ്ഥാനം ദുര്‍ബലപ്പെട്ടുവരികയാണെന്നും പ്രതിഷേധത്തിന്റെ ചിത്രങ്ങളടക്കം വിദേശ മാധ്യമങ്ങളില്‍ വരുന്നുണ്ടെന്നും ഒരു യൂറോപ്യന്‍ രാജ്യത്തില്‍ നിന്നുള്ള സ്ഥാനപതി പറഞ്ഞു.

വിമര്‍ശനത്തോടും വിയോജിപ്പിനോടുമുള്ള സര്‍ക്കാരിന്റെ അസഹിഷ്ണുതയും വ്യക്തമായതായി അദ്ദേഹം പറഞ്ഞു. കഴിഞ്ഞയാഴ്ച പ്രതിഷേധങ്ങളില്‍ പങ്കെടുത്തതിന് ഒരു ജര്‍മന്‍ വിദ്യാര്‍ഥിക്കും നോര്‍വീജിയന്‍ ടൂറിസ്റ്റിനുമെതിരെ സര്‍ക്കാര്‍ നടപടിയെടുത്തതും അവര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തേ ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് അമേരിക്കന്‍ സ്‌റ്റേറ്റ് ഡിപ്പാര്‍ട്‌മെന്റ് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങളെയും മതാവകാശങ്ങളെയും സംരക്ഷിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി മൈക്കല്‍ ആര്‍. പോംപിയോയും എടുത്തുപറഞ്ഞിരുന്നു. പൗരത്വ നിയമം വിവേചനമുണ്ടാക്കുന്നതാണെന്നായിരുന്നു ഐക്യരാഷ്ട്ര സഭയിലെ മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ ഇതേക്കുറിച്ചു പറഞ്ഞത്.

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെത്തുടര്‍ന്ന് അന്താരാഷ്ട്ര തലത്തില്‍ നിന്ന് ഇന്ത്യക്കുണ്ടായ ആദ്യ തിരിച്ചടി ബംഗ്ലാദേശില്‍ നിന്നായിരുന്നു. ഇന്ത്യയിലേക്ക് എത്താനിരുന്ന ബംഗ്ലാദേശിന്റെ വിദേശ, ആഭ്യന്തര മന്ത്രിമാര്‍ ആ സന്ദര്‍ശനം റദ്ദാക്കിയിരുന്നു. അതിനു പിന്നാലെ ജാപ്പനീസ് പ്രധാനമന്ത്രി ഷിന്‍സോ ആബെയും തന്റെ സന്ദര്‍ശനം റദ്ദാക്കി.

സന്ദര്‍ശനം റദ്ദാക്കുക മാത്രമാണ് ബംഗ്ലാദേശ് ചെയ്തതെങ്കില്‍, മലേഷ്യ പരസ്യമായി ഇന്ത്യയെ വിമര്‍ശിക്കുകയാണു ചെയ്തത്. ജനങ്ങള്‍ മരിക്കുകയാണെന്നായിരുന്നു ഇന്ത്യയിലെ സാഹചര്യത്തെക്കുറിച്ച് മലേഷ്യന്‍ പ്രധാനമന്ത്രി മഹാതിര്‍ മുഹമ്മദ് പറഞ്ഞത്. ഈ ആരോപണം ഇന്ത്യ നിഷേധിച്ചിരുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.