2023 September 24 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇന്ത്യ മുസ്‌ലിങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസമുള്ള രാജ്യമെങ്കില്‍ ഇവിടുത്തെ മുസ്‌ലിം ജനസംഖ്യ കൂടുന്നതെങ്ങനെ’ നിര്‍മല സീതാരാമന്‍

വാഷിങ്ടണ്‍: ഇന്ത്യയിലെ മുസ്‌ലിം വിഭാഗത്തിന്റെ അവസ്ഥയെ കുറിച്ച ചോദ്യത്തിന് രൂക്ഷമായി പ്രതികരിച്ച് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ത്യയില്‍ മുസ്‌ലിംകള്‍ക്കെതിരേ അതിക്രമങ്ങള്‍ നടക്കുന്നുവെന്നത് തെറ്റായ പാശ്ചാത്യ പ്രചാരണം മാത്രമാണെന്ന് കേന്ദ്ര ധനമന്ത്രി പറഞ്ഞു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ പാകിസ്താനിലേക്കാള്‍ സുരക്ഷിതരാണെന്നും സ്ഥിതിഗതികള്‍ മനസ്സിലാക്കാന്‍ വന്ന് കണ്ടു നോക്കൂ എന്നും അവര്‍ ആവശ്യപ്പെട്ടു.

യു.എസില്‍ പീറ്റേഴ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഇന്റര്‍നാഷനല്‍ ഇക്കണോമിക്‌സില്‍ (പി.ഐ.ഐ.ഇ) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ പ്രതിരോധശേഷിയും വളര്‍ച്ചയും സംബന്ധിച്ച ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഇന്ത്യയില്‍ മുസ്‌ലിം ന്യൂനപക്ഷത്തിനെതിരേ നടക്കുന്ന അതിക്രമങ്ങള്‍, പ്രതിപക്ഷ എം.പിമാരെ അയോഗ്യരാക്കല്‍ എന്നിവയെപറ്റി പാശ്ചാത്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളെക്കുറിച്ച് പി.ഐ.ഐ.ഇ പ്രസിഡന്റ് ആഡം എസ് പോസണിന്റെ ചോദ്യത്തോടായിരുന്നു പ്രതികരണം.

 

‘അതിനുള്ള ഉത്തരം ഇന്ത്യയിലേക്ക് വരുന്ന നിക്ഷേപകരില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു, അവര്‍ വന്നുകൊണ്ടിരിക്കുന്നു. നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ താല്‍പ്പര്യമുള്ളവരാണെങ്കില്‍, ഇന്ത്യ സന്ദര്‍ശിക്കാത്തവര്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടുകള്‍ കേള്‍ക്കുന്നതിനുപകരം ഇന്ത്യയില്‍ എന്താണ് സംഭവിക്കുന്നതെന്ന്, വന്ന് കണ്ട് നോക്കൂ എന്ന് മാത്രമേ ഞാന്‍ പറയൂ.’ മന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മുസ്‌ലിം ജനസംഖ്യയുള്ള രാജ്യമാണ് ഇന്ത്യ. ആ ജനസംഖ്യ വളരുകയാണ്. നിങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്ന പ്രചാരണങ്ങളില്‍ എന്തെങ്കിലും യാഥാര്‍ഥ്യമുണ്ടെങ്കില്‍, ഭരണകൂടം അവരുടെ ജീവിതം ദുഷ്‌കരമാക്കുന്നുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കുമോ?, മുസ്‌ലിം ജനസംഖ്യ 1947ല്‍ ഉണ്ടായിരുന്നതിനേക്കാള്‍ വളരുമായിരുന്നോ എന്നും ധനമന്ത്രി ചോദിച്ചു.

ഇന്ത്യന്‍ മുസ്‌ലിംകളുടെ അവസ്ഥ പാകിസ്താനിലെ മുസ്‌ലിംകളെക്കാള്‍ മെച്ചമാണ്. പാകിസ്താനില്‍ ശിയാ, മുഹാജിര്‍ വിഭാഗങ്ങള്‍ക്കെതിരേ അക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ എല്ലാ വിഭാഗം മുസ്‌ലിംകളും അവരുടെ ജീവിതം കെട്ടിപ്പടുക്കുന്നതും കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതും കാണാന്‍ കഴിയുന്നുണ്ട്. അവര്‍ക്ക് സര്‍ക്കാര്‍ ഫെല്ലോഷിപ്പ് നല്‍കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

പാകിസ്താനിലെ ന്യൂനപക്ഷങ്ങളുടെ അവസ്ഥയെ കുറിച്ചും അവര്‍ പറഞ്ഞു. അവിടെ ന്യൂനപക്ഷങ്ങള്‍ ദിനം പ്രതി എണ്ണത്തില്‍ കുഞ്ഞു കൊണ്ടിരിക്കുകയാണെന്നും നിര്‍മല സീതീരാമന്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യയിലുടനീളം മുസ്‌ലിംകള്‍ക്കെതിരേ അക്രമം നടക്കുന്നുവെന്നത് തെറ്റായ പ്രചാരണമാണ്. 2014 ന് ശേഷം ജനസംഖ്യ കുറഞ്ഞോ? ഏതെങ്കിലും ഒരു പ്രത്യേക സമൂഹത്തില്‍ മരണങ്ങള്‍ അനുപാതമില്ലാതെ ഉയര്‍ന്നിട്ടുണ്ടോ? അതിനാല്‍, ഈ റിപ്പോര്‍ട്ടുകള്‍ എഴുതുന്ന ആളുകളെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്നു. അവര്‍ ഇന്ത്യയില്‍ വന്ന് അവരുടെ വാദം തെളിയിക്കട്ടെ, ‘നിര്‍മല കൂട്ടിച്ചേര്‍ത്തു.

ലോക വ്യാപാര സംഘടന(ഡബ്ല്യു.ടി.ഒ) എല്ലാ രാജ്യങ്ങളുടെയും പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യണമെന്നും കൂടുതല്‍ നീതിയുക്തമായിരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.