ഹൈദരാബാദ്: പാകിസ്താനില്‍ തങ്ങളുടെ പെണ്‍മക്കളുടെ മൃതദേഹങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടാതിരിക്കാന്‍ പാകിസ്താനില്‍ പെണ്‍കുട്ടികളുടെ ഖബറുകള്‍ താഴിട്ട് പൂട്ടുന്നുവെന്ന് ഇന്ത്യന്‍ ദേശീയമാധ്യമങ്ങള്‍. പച്ച ഗ്രില്‍ കൊണ്ട് പൂട്ടിയിട്ട ഒരു ഖബറിടത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു പ്രചാരണം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ ആണ് ആദ്യമായി വാര്‍ത്ത പുറത്തുവിടുന്നത്. ഇത് ഏറ്റെടുത്ത് ദേശീയ മാധ്യമങ്ങളും ഇതേ വാര്‍ത്ത പ്രസിദ്ധീകരിച്ചു. ടൈംസ് ഓഫ് ഇന്ത്യ, എന്‍.ഡി.ടി.വി, ഇന്ത്യ ടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, ദി പ്രിന്റ്, ടൈംസ് നൗ, ഫസ്റ്റ് പോസ്റ്റ്, ന്യൂസ്18, എ.ബി.പി, സീ ന്യൂസ്, ഇന്ത്യ ടി.വി ഉള്‍പ്പെടെ ഇതേ ചിത്രങ്ങള്‍ പാകിസ്താനിലേതെന്ന പേരില്‍ വാര്‍ത്ത നല്‍കി. എ.എന്‍.ഐയുടെ അതേ വാദങ്ങള്‍ നിരത്തിയായിരുന്നു വാര്‍ത്തകള്‍. മലയാളത്തിലെ പ്രമുഖ മാധ്യമങ്ങളും വാര്‍ത്ത ഏറ്റു പിടിച്ചു.
എന്നാല്‍ വാര്‍ത്തയിലെ കള്ളത്തരം പുറത്തു കൊണ്ടു വന്നിരിക്കുകയാണ് ആള്‍ട്ട് ന്യൂസ്. തെലങ്കാനയിലെ ഹൈദരാബാദിലുള്ള പള്ളിയില്‍നിന്നുള്ള ചിത്രമാണ് പാകിസ്താനിലേതെന്ന പേരില്‍ ദേശീയമാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നാണ്’ആള്‍ട്ട് ന്യൂസ്’ ചൂണ്ടിക്കാട്ടുന്നത്. ഹൈദരാബാദിലെ മദനപ്പേട്ട് ദാറാബ് ജങ് കോളനിയിലെ സാലാര്‍ മുല്‍ക് പള്ളിയിലെ ഖബറിസ്ഥാനിലാണ് വിവാദ ഖബറിടമുള്ളത്. ഹൈദരാബാദ് സ്വദേശിയായ യുവാവാണ് തന്റെ മാതാവിന്റെ ഖബറിനുമേല്‍ ഗ്രില്‍ സ്ഥാപിച്ചത്. ഇവിടെ മറ്റാരും ഖബര്‍ കുഴിക്കാതിരിക്കാനാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് പള്ളിയിലെ മുഅദ്ദിന്‍ മുഖ്താര്‍ സാഹബ് വെളിപ്പെടുത്തിയത്.
News agencies and News portals have reported that Pakistani parents are locking graves of their daughters to avoid rape. Thse articles are based on a tweet by an Ex Muslim atheist Harris Sultan, An author of a book 'The curse of God, Why I left Islam'. pic.twitter.com/hx7w9J19rK
— Mohammed Zubair (@zoo_bear) April 30, 2023
ഹൈദരാബാദ് സ്വദേശിയായ സാമൂഹികപ്രവര്‍ത്തകന്‍ അബ്ദുല്‍ ജലീല്‍ സംഭവസ്ഥലത്തെത്തി മുഅദ്ദിനുമായി സംസാരിക്കുന്ന വിഡിയോ ‘ആള്‍ട്ട് ന്യൂസ്’ പുറത്തുവിട്ടിട്ടുണ്ട്. പാകിസ്താനില്‍ ശവരതി തടയാന്‍ മാതാപിതാക്കള്‍ ചെയ്യുന്നതാണെന്ന മാധ്യമ, സോഷ്യല്‍ മീഡിയ പ്രചാരണവും മുഖ്താര്‍ സാഹബ് തള്ളി. പള്ളിയിലെ ശ്മശാനത്തില്‍ സ്ഥലപരിമിതിമൂലം പഴയ ഖബറുകളില്‍ വീണ്ടും കുഴിയെടുത്ത് ഖബറടക്കം നടക്കുന്ന രീതിയുണ്ട്. ഇത് തടയാനാണ് നാട്ടുകാരന്‍ തന്റെ മാതാവിന്റെ ഖബറില്‍ ഗ്രില്‍ ഘടിപ്പിച്ചതെന്ന് മുഅദ്ദിന്‍ വിശദീകരിച്ചു. ഇതോടൊപ്പം വിവാദ ഖബര്‍ സ്ഥിതി ചെയ്യുന്നത് ശ്മശാനത്തിന്റെ കവാടത്തിലാണ്. ഇതുവഴി കടന്നുപോകുന്നവര്‍ ഖബറില്‍ ചവിട്ടുന്നത് തടയുകകൂടി ലക്ഷ്യമിട്ടാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം വിശദീകരിച്ചു.
'South Asia's Leading Multimedia News Agency' @ANI was the first to spread this FAKE NEWS in India, This ANI feed was forwarded to several News media which was blindly reshared by Hindi/English News Channels without verifying it themselves. This is the state of our Indian media. https://t.co/j06Gue1IlM
— Mohammed Zubair (@zoo_bear) April 30, 2023
70 വയസുകാരിയുടെ ഖബറാണിതെന്നാണ് അന്വേഷണത്തില്‍ മനസിലായത്. ഏകദേശം രണ്ടു വര്‍ഷംമുന്‍പായിരുന്നു ഇവരുടെ മരണം. മരണത്തിനുശേഷം 40 ദിവസം കഴിഞ്ഞാണ് മകന്‍ ഖബറില്‍ ഗ്രില്‍ സ്ഥാപിച്ചത്.
ആസ്ത്രേലിയയില്‍ കഴിയുന്ന യുക്തിവാദിയായ എഴുത്തുകാരന്‍ ഹാരിസ് സുല്‍ത്താന്‍ ആണ് ചിത്രം ആദ്യമായി ട്വീറ്റ് ചെയ്തത്. മക്കളെ ശവരതി നടത്തുന്നത് തടയാന്‍ പാകിസ്താനില്‍ രക്ഷിതാക്കള്‍ ഖബറുകള്‍ താഴിട്ടുപൂട്ടുന്നുവെന്ന അടിക്കുറിപ്പോടെയായിരുന്നു ഹാരിസിന്റെ ട്വീറ്റ്. ഇത് ഏറ്റെടുത്തായിരുന്നു എ.എന്‍.ഐയുടെ വാര്‍ത്ത. എന്നാല്‍, വാര്‍ത്തയുടെ യാഥാര്‍ത്ഥ്യം വസ്തുതാന്വേഷണ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈറും ‘ആള്‍ട്ട് ന്യൂസും’ പുറത്തുകൊണ്ടുവന്നതോടെ ഹാരിസ് സുല്‍ത്താന്‍ ടീറ്റ് പിന്‍വലിച്ചു മാപ്പുപറഞ്ഞു.
എന്നാല്‍, എ.എന്‍.ഐയോ ചിത്രം ഏറ്റെടുത്ത മറ്റ് ദേശീയ മാധ്യമങ്ങളോ ഇതുവരെയും വ്യാജവാര്‍ത്ത പിന്‍വലിക്കുകയോ മാപ്പുപറയുകയോ ചെയ്തിട്ടില്ല.
Comments are closed for this post.