ന്യൂഡല്‍ഹി: ലഡാക്കിലെ പാങ്‌ഗോങ് തടാകക്കരയില്‍ നിന്ന് ചൈനീസ് സൈന്യം പിന്മാറിയതിന്റെ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്. മാക്‌സര്‍ ടെക്‌നോളജീസ് ആണ് പാങ്‌ഗോങ് തടാകക്കരയുടെ ചൊവ്വാഴ്ച മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവിട്ടത്.
ജനുവരി അവസാനത്തില്‍ ശേഖരിച്ച ഉപഗ്രഹ ചിത്രത്തില്‍ തടാകക്കരയില്‍ കടന്നു കയറിയ ചൈനീസ് സൈനികര്‍ അവിടെ സൈനിക ക്യാമ്പുകള്‍ സ്ഥാപിച്ചതായി കാണാം. എന്നാല്‍, പുതിയ ചിത്രത്തില്‍ പ്രദേശത്ത് നിന്ന് ചൈനീസ് സൈനിക ക്യാമ്പുകള്‍ പിന്‍വാങ്ങിയിട്ടുണ്ട്. ടെന്റുകളും ബങ്കറുകളുമായി മലകള്‍ക്ക് മുകളിലൂടെ നടന്നു നീങ്ങുന്ന ചൈനീസ് സൈനികരെ ദൃശ്യങ്ങളില്‍ കാണാം.
ഇന്ത്യയുടെ ഭാഗത്തെ സൈനികരും പിന്‍മാറ്റം ആരംഭിച്ചതായി ഉന്നത അധികൃതര്‍ വ്യക്തമാക്കിയതായി വാര്‍ത്താ ഏജന്‍സി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. പാങ്‌ഗോങ് തടാകത്തിന്റെ തെക്ക് വടക്ക് മേഖലകളില്‍ നിന്ന് ഇന്ത്യചൈന സൈന്യങ്ങള്‍ പിന്മാറാന്‍ ധാരണയിലെത്തിയിരുന്നു.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും സേനാ പിന്‍മാറ്റം തുടങ്ങിയതായി പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ് രാജ്യസഭയില്‍ അറിയിച്ചതിന് പിന്നാലെയാണ് പിന്മാറുന്നതിന്റെ വിഡിയോ ഇന്ത്യന്‍ സൈന്യം പുറത്തുവിട്ടത്.ഏപ്രിലിന് ശേഷമുളള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇരുരാജ്യങ്ങളും നീക്കുമെന്നും ചില വിഷയങ്ങളില്‍ കൂടി ധാരണയാകാനുണ്ടെന്നും രാജ്‌നാഥ് സിങ് അറിയിച്ചിരുന്നു.
കഴിഞ്ഞ ഏപ്രിലില്‍ തുടക്കം കുറിച്ച സംഘര്‍ഷത്തിനാണ് ഇരുരാജ്യങ്ങളുടെയും പിന്മാറ്റത്തിലൂടെ പരിഹാരമായത്. യഥാര്‍ഥ നിയന്ത്രണരേഖയിലെ ഇന്ത്യന്‍ പ്രദേശത്ത് ചൈനീസ് സൈനികര്‍ കടന്നുകയറിയത് സംഘര്‍ഷത്തിനും ഏറ്റുമുട്ടലിലേക്കും വഴിവെച്ചിരുന്നു.
Comments are closed for this post.