2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

കോളജുകളില്‍ ഗുണ്ടായിസം നടത്തിയാല്‍ രാജ്യത്ത് പുരോഗതിയുണ്ടാവില്ല; ജെ.എന്‍.യു അതിക്രമത്തില്‍ കെജ്‌രിവാള്‍

ന്യുഡല്‍ഹി: സ്‌കൂളുകളിലും കോളജുകളിലും സംഘര്‍ഷങ്ങളും ഗുണ്ടായിസവും ഉണ്ടായാല്‍ രാജ്യം ഒരിക്കലും പുരോഗതി കൈവരിക്കില്ലെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ രാമനവമി ദിവസത്തില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

‘വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്‌കൂളിലും കോളജുകളിലും പോകുന്നത്. പഠനം മാത്രമേ അവിടെ നടക്കാവൂ. ഇവിടെ ശരിയായ പഠനം നടന്നാല്‍ മാത്രമേ രാഷ്ട്രം പുരോഗതി പ്രാപിക്കൂ’ കെജ്‌രിവാള്‍ പറഞ്ഞു.

ജെ.എന്‍.യുവിലെ കാവേരി ഹോസ്റ്റലിലേക്കു പതിവായി കൊണ്ടുവന്നിരുന്ന കോഴിയിറച്ചി കാമ്പസില്‍ രാമനവമി പൂജയുണ്ടെന്നു പറഞ്ഞ് എ.ബി.വി.പിക്കാര്‍ എതിര്‍ത്തതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിടുന്നത്. മാംസനിരോധനം ചോദ്യംചെയത് രംഗത്ത് വന്ന ഇടതു വിദ്യാര്‍ഥി സംഘടനനേതാക്കള്‍ അടക്കമുള്ളവരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ആയുധങ്ങള്‍ ഉപയോഗിച്ച് അക്രമിക്കുകയായിരുന്നു.

സംഘര്‍ഷവുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഇനി കാമ്പസില്‍ ഏതെങ്കിലും തരത്തിലുള്ള അക്രമത്തില്‍ ഏര്‍പ്പെടുന്നതായി കണ്ടെത്തിയാല്‍ അച്ചടക്ക നടപടിയെടുക്കുമെന്ന് ജെ.എന്‍.യു അഡ്മിനിസ്ട്രേഷന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വിദ്വേഷ രാഷ്ട്രീയവും ഭിന്നിപ്പിക്കുന്ന അജണ്ടയുമായി എ.ബി.വി.പി പ്രവര്‍ത്തകര്‍ കാവേരി ഹോസ്റ്റലില്‍ അക്രമാന്തരീക്ഷം സ്യഷ്ടിക്കുകയായിരുന്നെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂനിയന്‍ കുറ്റപ്പെടുത്തിയിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.