2021 May 16 Sunday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

കരുതല്‍ വേണം പൊന്നോമനകളുടെ കാര്യത്തില്‍; കൊവിഡ് രണ്ടാം തരംഗം കുഞ്ഞുങ്ങള്‍ക്കു മേലും പിടിമുറുക്കുന്നു

ന്യൂഡല്‍ഹി: കൊവിഡ് രണ്ടാം തരംഗം കുട്ടികള്‍ക്കു മേലും പിടിമുറുക്കുന്നു. വൈറസ് ബാധക്ക് ഇരയാകുന്ന കുട്ടികളുടെ എണ്ണത്തില്‍ കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് വന്‍വര്‍ധനയാണ് ഉണ്ടായിരിക്കുന്നതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. കുട്ടികള്‍ക്കിടയിലെ പോസിറ്റിവ് കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചതായി ഡല്‍ഹി-എന്‍.സി.ആറിലെ ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തുന്നു.

നവജാത ശിശുക്കളും ഇതില്‍ ഉള്‍പെടുന്നു. മിക്ക നവജാത ശിശുക്കളും അതിനെ അതിജീവിക്കുന്നുണ്ട്. എന്നാല്‍ 5 നും 12 നും ഇടയിലുള്ള കുട്ടികള്‍ അപകടസാധ്യതയിലേക്ക് പോകുന്നതായും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. ചില ആശുപത്രികളില്‍ പോസിറ്റിവായ കുട്ടിക്കൊപ്പം അമ്മമാരും പോസിറ്റീവായ അമ്മമാര്‍ക്കൊപ്പം കുട്ടികളും നില്‍ക്കേണ്ടി വരുന്നതും പ്രശ്‌നം കൂടുതല്‍ ഗുരുതരമാക്കുന്നു.

തന്റെ മകള്‍ക്ക് വയറിളക്കമാണ് ആദ്യം വന്നതെന്ന് ഒരു ആറുവയസ്സുകാരിയുടെ രക്ഷിതാവ് പറയുന്നു. പിന്നാലെ ചുമയും. ദിവസങ്ങള്‍ നീണ്ടതോടെ ടെസ്റ്റ് നടത്തി. പോസ്റ്റിവ് ആയിരുന്നു. ഇപ്പോള്‍ കുട്ടി സുഖം പ്രാപിക്കുന്നു.

ഡല്‍ഹിയിലെ മധുകര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ ഒരാഴ്ചക്കുള്ളില്‍ 50 കുട്ടികളാണ് ശിശുരോഗ കേസുകളുമായി എത്തിയത്. കൊവിഡ് സെന്ററില്‍ 67 ബെഡുകള്‍ ഒരാഴ്ച കൊണ്ട് ഒരുക്കേണ്ടി വന്നു.

‘2020 നെ അപേക്ഷിച്ച് സ്ഥിതിഗതികള്‍ ഭയാനകമാണ്. രണ്ടാം തരംഗത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ രോഗത്തിനിരയാകുന്നത് വര്‍ദ്ധിച്ച് വരുകയാണ്. എല്ലാവര്‍ക്കും ചികിത്സ നല്‍കാനുള്ള സംവിധാനം രാജ്യത്തില്ല. മാതാപിതാക്കള്‍ മുന്‍കരുതല്‍ എടുക്കുകയാണ് കുട്ടികള്‍ക്ക് നല്‍കാവുന്ന ഏറ്റവും വലിയ സുരക്ഷ. അടിയന്തര ഘട്ടങ്ങളില്‍ വൈദ്യസഹായം തേടാന്‍ വൈകരുതെന്നും പ്രമുഖ ആരോഗ്യവിദഗ്ദ്ധനായ ഡോ. പ്രവീണ്‍ ഖില്‍നാനി പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്യുന്നു.

കുട്ടികളില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുള്ള പ്രധാന കാരണങ്ങള്‍
വൈറസിന്റെ പുതിയ പരിവര്‍ത്തനം
വീടുകളില്‍ മുന്‍കരുതലുകളിലുണ്ടായ അഭാവം
ആള്‍ക്കുട്ടങ്ങളിലേക്ക് പോകുന്നത് വഴിയുണ്ടാകുന്ന കൊവിഡ് വ്യാപനം
കുട്ടികള്‍ക്ക് വാക്‌സിന്‍ ഇല്ലാത്തത്

രണ്ടാം തരംഗത്തില്‍ കൊറോണ കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. സ്വാഭാവികമായി അതിന്റെ പ്രഹരശേഷിയും കടുത്തതായിരിക്കുമെന്ന് ശിശുരോഗവിദഗ്ദ്ധനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഡോ. സഞ്ജീവ് ബഗായിയും മുന്നറിയിപ്പ് നല്‍കുന്നു.

‘കഴിഞ്ഞ വര്‍ഷം, ലോകമെമ്പാടും 11 ശതമാനം കുട്ടികളെയാണ് കൊവിഡ് ബാധിച്ചത്. എന്നാല്‍ ഈ വര്‍ഷം ആഗോളതലത്തില്‍ 20-40 ശതമാനം കുട്ടികളാണ് പോസിറ്റിവായി. ടി-സെല്‍ പ്രതിരോധശേഷിയുടെ അഭാവം, ശ്വാസോച്ഛാസ പാതയിലെ (പ്രത്യേകിച്ചും തൊണ്ടയോട് ചേര്‍ന്ന് ) ace റീസെപ്റ്ററുകളുടെ അഭാവം, സംരക്ഷണ പ്രോട്ടീനുകള്‍ എന്നിവ നിര്‍ജീവമാകുന്നതാണ് പ്രധാന കാരണമെന്ന് ഡോ. ബാഗായ് വ്യക്തമാക്കുന്നു.

കുടുംബങ്ങള്‍ പഴയത് പോലെ ഇപ്പോള്‍ ജാഗ്രത പുലര്‍ത്തുന്നില്ല. പുറമേ നിന്ന് വീട്ടിലേക്ക് വരുന്നതിനും പുറത്തേക്ക് പോകുന്നതിനും ഇടകലരുന്നതിനും ഇപ്പോള്‍ യാതൊരു മുന്‍കരുതലും കുടുംബങ്ങളിലുണ്ടാകാത്തും കുട്ടികളെ കൊവിഡ് ബാധിക്കുന്നതിന് കാരണമാകുന്നു-ആചാര്യ ശ്രീ ഭിക്ഷു ഗവര്‍മെന്റ് ആശുപത്രിയിലെ ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ഡോ. ശ്രീദേഷ് കുമാര്‍ പറയുന്നു.

കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഇതുവരെ ലഭ്യമായിട്ടില്ല എന്നത് എല്ലാവരും ഓര്‍ക്കണം. അവരില്‍ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളെ പോലും ഗൗരവത്തോടെ കാണണം. കുട്ടികളെ കൊവിഡ് പടരാന്‍ സാധ്യതയുള്ള ആള്‍ക്കൂട്ടമുള്ള ഇടങ്ങളിലേക്ക് കൊണ്ടുപോകാതിരിക്കുകയാണ് വേണ്ടത്. അതിനൊപ്പം അവരിലുണ്ടാകുന്ന ഉദരസംബന്ധിയായ ലക്ഷണങ്ങള്‍ (വയറ് വേദന, വയറിളക്കം), തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകള്‍, കണ്ണിന് ചുകപ്പ്, തുടങ്ങിയ ലക്ഷണങ്ങളെ അവഗണിക്കരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

കുട്ടികളിലെ കൊവിഡ് ലക്ഷണങ്ങള്‍ ചിലത് ഇതാണ്

അതിസാരം
ഛര്‍ദ്ദി
തിണര്‍പ്പ്
നേത്ര അണുബാധ
വാസ്‌കുലിറ്റിസ് (രക്തക്കുഴലുകളില്‍ വീക്കം)
പനി
ചുമ

മാതാപിതാക്കള്‍ /കുട്ടികള്‍ പോസിറ്റിവ് ആണെങ്കില്‍ എന്തുചെയ്യും

‘മാതാപിതാക്കള്‍ കുട്ടിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിരീക്ഷിക്കേണ്ടതുണ്ട്. വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ ഉദരസംബന്ധിയായ അസുഖ ലക്ഷണങ്ങള്‍, പനി, ചുമ, തൊലിപ്പുറത്തുണ്ടാകുന്ന ചുവന്ന് പൊങ്ങിയ തടിപ്പുകള്‍, കണ്ണിന് ചുകപ്പ് തുടങ്ങിയ ലക്ഷണങ്ങളുണ്ടായാല്‍ തുടക്കത്തില്‍ തന്നെ ചികിത്സ തുടങ്ങണം.

‘കൊവിഡ് പോസിറ്റീവ് അമ്മയുടെ മുലപ്പാല്‍ വഴി കുട്ടിയിലേക്ക് വൈറസ് പടരുമെന്ന് ഇതുവരെയും ഒരു പഠനവും തെളിയിച്ചിട്ടില്ല. അതിനാല്‍, അമ്മമാര്‍ക്ക് ഭക്ഷണം നല്‍കാം,പക്ഷേ എല്ലായ്‌പ്പോഴും മാസ്‌ക് ധരിക്കണം, കുട്ടികളില്‍ നിന്ന് പരമാവധി ശാരീരിക അകലം നിലനിര്‍ത്തണം, കുട്ടിയെ പരിപാലിക്കാന്‍ മറ്റൊരാള്‍ ഉണ്ടാകുന്നത് നല്ലതാണ്. അതെ സമയം മുലയൂട്ടുന്ന അമ്മമാരുടെ ആരോഗ്യം വഷളാകുന്നതിന് മുമ്പ് ഡോക്ടറെ സമീപിക്കാന്‍ വൈകരുതെന്നും ഡോക്ടര്‍മാര്‍ പറയുന്നു.

കുട്ടികള്‍ മാസ്‌ക് ധരിക്കാന്‍ മടിക്കുന്നതും, അവരുടെ ശരിയായ അളവിനുള്ള മാസ്‌കുകള്‍ ധരിപ്പിക്കാത്തതും പ്രശ്‌നമാണ്. അതിനാല്‍ പൊതു ഇടങ്ങളിലേക്ക് അവരെ കൊണ്ടു പോകുന്നത് പരമാവധി ഒഴിവാക്കണമെന്നും വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.