2023 December 04 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

അഖിലേഷിനെ തോല്‍പിക്കാന്‍ വേണമെങ്കില്‍ ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്ന് മായാവതി; യു.പിയില്‍ ബി.എസ്.പി-എസ്.പി പോര് കനക്കുന്നു

   

ലക്നൗ: ഉത്തര്‍പ്രദേശില്‍ ബി.എസ്.പി-എസ്.പി പോര് രൂക്ഷമാകുന്നു. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ തോല്‍പിക്കാന്‍ വേണമെങ്കില്‍ ബി.ജെ.പിക്കും വോട്ട് ചെയ്യുമെന്നാണ് ബി.എസ്.പി അധ്യക്ഷ മായാവതിയുടെ പ്രഖ്യാപനം.

2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പിയുമായി സഖ്യം ചേര്‍ന്നത് തെറ്റായിപ്പോയെന്നും ബി.എസ്.പി അധ്യക്ഷ പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 1995 ലെ എസ്.പിയ്ക്കെതിരായ കേസ് പിന്‍വലിച്ചത് തെറ്റായിപ്പോയെന്നും മായാവതി കൂട്ടിച്ചേര്‍ത്തു. 2019 ലെ സഖ്യത്തെ മുന്‍നിര്‍ത്തി അഖിലേഷ് യാദവ് പറഞ്ഞത് പ്രകാരമാണ് താന്‍ കേസ് പിന്‍വലിച്ചതെന്നും മായാവതി പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എസ്.പിയെ പരാജയപ്പെടുത്താന്‍ ഏതറ്റംവരേയും പോകുമെന്നും മായാവതി പറഞ്ഞു.

‘എസ്.പിയുടെ രണ്ടാമത്തെ സ്ഥാനാര്‍ത്ഥിക്ക് മേല്‍ ആര്‍ക്കാണോ ഏറ്റവും വിജയസാധ്യത അയാള്‍ക്ക് ബി.എസ്.പിയുടെ എല്ലാ എം.എല്‍.എമാരും വോട്ട് ചെയ്യും. അത് ബി.ജെ.പി സ്ഥാനാര്‍ത്ഥിക്കാണെങ്കിലും ചെയ്യും’, മായാവതി പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം എസ്.പി വഞ്ചനാത്മകമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് മായാവതി കുറ്റപ്പെടുത്തി.

നേരത്തെ ബി.എസ്.പിയുടെ എം.എല്‍.എമാര്‍ എസ്.പിയില്‍ ചേര്‍ന്നിരുന്നു. അഞ്ച് എം.എല്‍.എമാരാണ് പാര്‍ട്ടി വിട്ട് അഖിലേഷിനൊപ്പം ചേര്‍ന്നത്. ഇതിന് പിന്നാലെയാണ് രൂക്ഷപ്രതികരണവുമായി മായാവതി രംഗത്തെത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.