2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

തുറന്ന വാഹനത്തില്‍ മനീഷ് സിസോദിയ സി.ബി.ഐ ആസ്ഥാനത്ത്; മദ്യനയത്തില്‍ ചോദ്യം ചെയ്യല്‍ ഇന്ന്

സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് നിരോധനാജ്ഞ

ന്യൂഡല്‍ഹി: മദ്യനയ കേസില്‍ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ സി.ബി.ഐ ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി അദ്ദേഹം വീട്ടില്‍ നിന്ന് പുറപ്പെട്ടു. തുറന്ന വാഹനത്തിലാണ് അദ്ദേഹത്തിന്റെ യാത്ര. നൂറുകണക്കിന് അനുയായികളും അദ്ദേഹത്തെ അനുഗമിക്കുന്നുണ്ട്. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ സമാധി സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് സി.ബി.ഐ ഓഫിസിലെത്തുകയെന്ന് അദ്ദേഹം പ്രതികരിച്ചു.

‘സി.ബി.ഐ ഓഫിസിലേക്ക് വീണ്ടും പോവുകയാണ്. ചോദ്യം ചെയ്യലില്‍ പൂര്‍ണമായും സഹകരിക്കും. ലക്ഷക്കണക്കിന് കുഞ്ഞുങ്ങളുടെ സ്‌നേഹവും കോടിക്കണക്കിന് സാധാരണക്കാരുടെ ആശിര്‍വാദവും ഞങ്ങള്‍ക്കൊപ്പമുണ്ട്. കുറച്ചു മാസക്കാലം ജയിലില്‍ കഴിയേണ്ടി വരുമോ എന്നതിനെ കുറിച്ച് ഞാന്‍ ആശങ്കപ്പെടുന്നില്ല. രാജ്യത്തിന് വേണ്ടി തൂക്കിലേറ്റപ്പെട്ട ഭഗത്സിങ്ങിന്റെ അനുയായിയാണ് ഞാന്‍’ -അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

സെന്‍ട്രല്‍ ഡല്‍ഹിയിലെ ലോധി റോഡിലുള്ള സി.ബി.ഐ ഓഫീസില്‍ രാവിലെ 11 മണിയോടെയാണ് ചോദ്യം ചെയ്യല്‍ ആരംഭിക്കുന്നത്.

അതേസമയം, ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തിന് പുറത്ത് ഒത്തുചേരലുകള്‍ വിലക്കിക്കൊണ്ട് സി.ബി.ഐ ഉത്തരവിറക്കിയിട്ടുണ്ട്. എ.എ.പി നേതാക്കളുടെ പ്രതിഷേധമുണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് പ്രദേശത്ത് 144 ഏര്‍പ്പെടുത്തിയത്. സിസോദിയയുടെ ഔദ്യോഗിക വസതിക്ക് പുറത്തും പൊലിസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഫെബ്രുവരി 19ന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് സി.ബി.ഐ അദ്ദേഹത്തെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ ഡല്‍ഹി ധനമന്ത്രി കൂടിയായ അദ്ദേഹം ബജറ്റ് നടക്കാനിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ഹാജരാകുന്നതിന് സമയം നീട്ടി ആവശ്യപ്പെടുകയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.