2023 March 23 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

മനീഷ് സിസോദിയ കോടതിയില്‍; തലസ്ഥാനത്ത് പ്രതിഷേധം, സംഘര്‍ഷം, എ.എ.പി ആസ്ഥാനത്തിനു മുന്നില്‍ നിരോധനാജ്ഞ

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് സി.ബി.ഐ അറസ്റ്റ് ചെയ്ത ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ കോടതിയില്‍ ഹാജരാക്കി. ഡല്‍ഹി ഓരസ് അവന്യു കോടതിയിലാണ് അദ്ദേഹത്തെ ഹാജരാക്കിയത്. ചോദ്യം ചെയ്യാന്‍ കസ്റ്റഡിയില്‍ വേണമെന്ന് സി.ബി.ഐ ആവശ്യപ്പെടും. പ്രമുഖ അഭിഭാഷകനായ മനു അഭിഷേക് സിങ്വിയാണ് സിസോദിയക്ക് വേണ്ടി ഹാജരാകുന്നത്.

അതിനിടെ തലസ്ഥാനത്ത് എ.എ.പി പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഡല്‍ഹിയിലെ ബി.ജെ.പി ഓഫിസിലേക്ക് എ.എ.പി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. പൊലിസ് തടഞ്ഞതോടെയാണ് മാര്‍ച്ച് അക്രമാസക്തമായത്. സംഘര്‍ഷത്തെത്തുടര്‍ന്ന് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. പ്രവര്‍ത്തരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി.

അതേസമയം. എ.എ.പി ഓഫിസിനു മുന്നിലും പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. എ.എ.പി ഓഫിസിലേക്ക് കയറിയ പൊലിസിനെ പ്രവര്‍ത്തകര്‍ തള്ളി പുറത്താക്കി. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് ഡല്‍ഹിയിലെ പല ഭാഗങ്ങളിലും കനത്ത പൊലിസ് സേനയെ വിന്യസിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഡല്‍ഹി സിബിഐ ആസ്ഥാനത്ത് എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്.

സിബിഐ കേസില്‍ ഒന്നാം പ്രതിയാണ് മനീഷ് സിസോദിയ. ഈയിടെ അറസ്റ്റിലായവരില്‍നിന്നും ലഭിച്ച ഇലക്ട്രോണിക് രേഖകളുടെ അടിസ്ഥാനത്തിലായിരുന്നു ചോദ്യംചെയ്യലും അറസ്റ്റും. മദ്യനയവുമായി ബന്ധപ്പെട്ടും ദിനേഷ് അറോറ ഉള്‍പ്പെടെ എഫ്‌ഐആറില്‍ പ്രതിചേര്‍ത്തിട്ടുള്ളവരുമായി സിസോദിയയ്ക്കുള്ള ബന്ധത്തെ കുറിച്ചു സിബിഐ ചോദ്യങ്ങള്‍ ഉന്നയിച്ചു. എന്നാല്‍ സിസോദിയയുടെ മറുപടിയില്‍ സിബിഐ ഉദ്യോഗസ്ഥര്‍ തൃപ്തരായിരുന്നില്ലെന്നും ഇതാണ് അറസ്റ്റിലേക്ക് നയിച്ചതെന്നുമാണ് സിബിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ വാര്‍ത്ത ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.

അറസ്റ്റ് ചെയ്യപ്പെടുമെന്നും തയാറായി നില്‍ക്കാനും പാര്‍ട്ടിപ്രവര്‍ത്തകരോട് സിസോദിയ നേരത്തെ പറഞ്ഞിരുന്നു. രാജ്ഘട്ടില്‍ പോയി പ്രാര്‍ഥിച്ചശേഷമാണ് സിസോദിയ സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. സിസോദിയയുടെ വസതിക്കു മുന്‍പില്‍ മുതല്‍ സിബിഐ ആസ്ഥാനം വരെ ഡല്‍ഹി പൊലിസ് കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

സിസോദിയയുടെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയമാണെന്നും ജനങ്ങള്‍ ഇതിനെതിരെ പ്രതികരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ പ്രതികരിച്ചു. ‘മനീഷ് നിരപരാധിയാണ്. അദ്ദേഹത്തിന്റെ അറസ്റ്റ് വൃത്തികെട്ട രാഷ്ട്രീയത്തിന്റെ ഭാഗമാണ്. സിസോദിയയുടെ അറസ്റ്റ് ജനങ്ങളുടെ രോഷം വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലാവരും ഇത് കാണുന്നുണ്ട്. ജനങ്ങള്‍ക്ക് എല്ലാം മനസ്സിലാകും. അവര്‍ ഇതിനെതിരെ പ്രതികരിക്കും. ഇത് ഞങ്ങളുടെ പോരാട്ടത്തിന് കരുത്തു കൂട്ടും’ കെജ്‌രിവാള്‍ പ്രതികരിച്ചു.

ഫെബ്രുവരി 19ന് ചോദ്യം ചെയ്യാന്‍ ഹാജരാകണമെന്നു സിസോദിയയോടു സിബിഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഡല്‍ഹിയുടെ ധനമന്ത്രി കൂടിയായ അദ്ദേഹം, ബജറ്റ് അവതരിപ്പിക്കാന്‍ ഒരാഴ്ചത്തെ സമയം ആവശ്യപ്പെട്ടു. തുടര്‍ന്ന് സിബിഐ സമയം നീട്ടി നല്‍കുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒക്ടോബറില്‍ സിബിഐ ഒന്‍പതു മണിക്കൂറോളം മനീഷ് സിസോദിയ ചോദ്യം ചെയ്തിരുന്നു. 2021-2022ലെ ഡല്‍ഹി മദ്യനയത്തില്‍ ക്രമക്കേടുണ്ടെന്ന ആരോപണത്തില്‍ ലഫ്. ഗവര്‍ണറായിരുന്ന വിജയ് കുമാര്‍ സക്‌സേനയാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. 2021 നവംബര്‍ 17ന് നടപ്പാക്കിയ മദ്യനയം വിവാദത്തെത്തുടര്‍ന്ന് ആം ആദ്മി സര്‍ക്കാര്‍ 2022 ജൂലൈയില്‍ പിന്‍വലിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട അനധികൃത പണമിടപാട് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) 3000 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ഇതില്‍ സിസോദിയയെ പ്രതിചേര്‍ത്തിട്ടില്ല.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News