2023 December 07 Thursday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

യു.പിയില്‍ കൊലക്കേസ് പ്രതിയെ പൊലിസ് വെടിവെച്ചു കൊന്നു; ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടതെന്ന് ബി.ജെ.പി എം.എല്‍.എയുടെ ട്വീറ്റ്

ഉമേഷ് പാല്‍ കൊലക്കേസ് പ്രതിയാണ് ഉസ്മാന്‍ എന്ന വിജയ് ചൗധരി

ലഖ്‌നൗ: ഉത്തർപ്രദേശിൽ കൊലക്കേസ് പ്രതിയെ പൊലിസ് വെടിവെച്ചു കൊന്നു. ഉസ്മാൻ എന്ന വിജയ് ചൗധരി ആണ് കൊല്ലപ്പെട്ടത്. ബഹുജൻ സമാജ്‌വാദി പാർട്ടി (ബിഎസ്പി) എംഎൽഎ രാജു പാൽ കൊലപാതകക്കേസിലെ മുഖ്യ സാക്ഷിയായിരുന്ന ഉമേഷ്പാലിനെ വെടിവെച്ചു കൊന്ന കേസിലെ പ്രതിയാണ് ഇയാൾ.

വിജയ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതാണെന്ന് യോഗിയുടെ മുൻ ഉപദേശകനും പ്രമുഖ എ.എൽ.എയുമായ ബി.ജെ.പി നേതാവ് ട്വീറ്റ് ചെയ്തു.

ഉമേഷ് പാൽ കൊലപാതക കേസിലെ മറ്റൊരു പ്രതി അർബാസിനെ കഴിഞ്ഞ 28ന് യുപി പൊലിസ് സമാനമായ സാഹചര്യത്തിൽ വകവരുത്തിയിരുന്നു. ഇതോടെ ആറ് പ്രതികളുള്ള കേസിൽ രണ്ട് മുഖ്യ പ്രതികളെയാണ് പൊലിസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയത്.

ഇന്ന് പുലർച്ചെ പ്രയാഗ്രാജിലെ കൗന്ധിയാരാ പൊലിസ് സ്റ്റേഷന് മുൻപിൽ വച്ചായിരുന്നു ഏറ്റുമുട്ടൽ. പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഉസ്മാൻ വെടിയുതിർക്കുകയായിരുന്നുവെന്നാണ് പൊലിസ് ഭാഷ്യം. തുടർന്ന് പൊലിസുമായി ഉണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് വെടിയേറ്റു. പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രതി തോക്കുചൂണ്ടി നിൽക്കുന്ന ഫോട്ടോയുൾപ്പെടെ യുപി പൊലിസ് പുറത്തുവിട്ടിട്ടുണ്ട്.

   

ഉമേഷ്പാൽ കൊലക്കേസിലെ ആറ് പ്രതികളിൽ ബാക്കിയുള്ള 4 പ്രതികൾക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് 2.5 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്.

ബിഎസ്പി എംഎൽഎ ആയിരുന്ന രാജു പാൽ 2005ലാണ് കൊല്ലപ്പെടുന്നത്. മുൻ എം.പി ആതിഖ് അഹമ്മദിന്റെ സഹോദരൻ ഖാലിദ് അസീമിനെ തോൽപിച്ച് അലഹബാദ് സീറ്റ് സ്വന്തമാക്കി മാസങ്ങൾക്കുള്ളിലായിരുന്നു അദ്ദേഹത്തിന്റെ മരണം. കേസിൽ ആതിഖ് അഹമ്മദും സഹോദരൻ അശറഫും മുഖ്യപ്രതികളായിരുന്നു. ഈ കേസിൽ മുഖ്യ സാക്ഷിയായിരുന്നു ഉമേഷ്പാൽ. കഴിഞ്ഞയാഴ്ചയാണ് വിജയ് അടങ്ങുന്ന സംഘം ഉമേഷ്പാലിനെ കൊലപ്പെടുത്തുന്നത്.

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.