2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഘര്‍ വാപ്പസി’ ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി വഗേല കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തുന്നു; സൂചന നല്‍കി പാര്‍ട്ടി മുന്‍ സംസ്ഥാന അധ്യക്ഷന്‍

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമെന്ന സൂചന നല്‍കികോണ്‍ഗ്രസ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ അര്‍ജുന്‍ മോദ്വാദിയ. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

ദൂത്സാഗര്‍ ഡയറി മുന്‍ ചെയര്‍മാന്‍ വിപുല്‍ ചൗധരിക്കെതിരെ അഴിമതിക്കേസ് എടുത്തിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് വഗേലയും മോദ്വാദിയയും ചേര്‍ന്ന് വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. ഇതിനിടെയാണ് മോദ്വാദിയയുടെ പ്രതികരണം.

‘നിങ്ങളുടെ ആകാംക്ഷ അടുത്ത് തന്നെ തന്നെ അവസാനിക്കും. പാര്‍ട്ടി സംസ്ഥാന നേതൃത്വം വഗേലയെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തു കഴിഞ്ഞു. പക്ഷെ ഇക്കാര്യത്തില്‍ അവസാന തീരുമാനം ഹൈക്കമാന്‍ഡാണ് സ്വീകരിക്കേണ്ടത്’, വഗേല കോണ്‍ഗ്രസിലേക്ക് മടങ്ങിയെത്തുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് മോദ്വാദിയ പ്രതികരിച്ചു. 2017 ല്‍ സംഭവിച്ചത് വിധിയാണെന്നും അത് ഇനി താന്‍ ആവര്‍ത്തിക്കില്ലെന്നും പത്രസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന നേതാവായ വഗേല 2017 ലായിരുന്നു കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. രാജ്യസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന അഹമ്മദ് പട്ടേലിനെതിരെ വോട്ട് ചെയ്ത ശേഷം വഗേലയും ചില കോണ്‍ഗ്രസ് നേതാക്കളും ചേര്‍ന്ന് പാര്‍ട്ടി വിടുകയായിരുന്നു. 2017 ല്‍ കോണ്‍ഗ്രസ് വിട്ട വഗേല പിന്നീട് എന്‍ സി പിയില്‍ എത്തി. എന്നാല്‍ 2020 ല്‍ എന്‍ സി പിയില്‍ നിന്നും രാജിവെച്ചു. പിന്നീട് രാഷ്ട്രീയ പാര്‍ട്ടികളുടെ ഒന്നും ഭാഗമായിരുന്നില്ല.

ബിജെപിയിലാണ് വഗേല രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 1995 ല്‍ ഗുജറാത്തില്‍ അധികാരം നേടിയ ബി ജെ പി കേശുഭായ് പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതില്‍ പ്രതിഷേധിച്ച് വഗേല നേതൃത്വത്തിനെതിരെ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് ബി ജെ പിയില്‍ പിളര്‍പ്പുണ്ടാക്കി കോണ്‍ഗ്രസിന്റെ പിന്തുണയോടെ ഗുജറാത്ത് മുഖ്യമന്ത്രിയായി. പിന്നീടാണ് കോണ്‍ഗ്രസിന്റെ ഭാഗമായത്.

ശക്തമായ അണികള്‍ ഉളള വഗേലയെ പോലൊരു നേതാവ് എത്തിയാല്‍ അത് തിരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് ഗുണകരമാകുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. വഗേല എത്തിയാല്‍ ബി ജെ പിയില്‍ നിന്നുള്‍പ്പെടെയുള്ള ചില നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേരാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഇത്തരത്തിലുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നതായുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. നിലവില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടിക്ക് ഉയര്‍ത്തിക്കാട്ടാന്‍ ഒരു നേതാവില്ല. വഗേലയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുമോയെന്നത് ഉള്‍പ്പെടെയുള്ള അഭ്യൂഹങ്ങളും ചര്‍ച്ചകളും രാഷ്ട്രീയ വൃത്തങ്ങളില്‍ നിലനില്‍ക്കുന്നുണ്ട്.

ഈ വര്‍ഷം അവസാനമാണ് ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക. 2017 ല്‍ ബി ജെ പി 99 സീറ്റുകളായിരുന്നു നേടിയത്. കോണ്‍ഗ്രസിന് ലഭിച്ചത് 77 സീറ്റുകളായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.