2023 June 03 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘പ്രധാനമന്ത്രി..നിങ്ങളെ അയാളൊരു തൊപ്പിയണിയിച്ചിരിക്കുന്നു, നിങ്ങള്‍ വിഡ്ഢിയാക്കപ്പെടുകയാണ്’ അദാനി വിഷയത്തില്‍ മഹുവയുടെ തീപ്പൊരി പ്രസംഗം

ന്യൂഡല്‍ഹി: അദാനി വിഷയത്തില്‍ പാര്‍ലമെന്റില്‍ കത്തിക്കയറി തൃണമൂല്‍ എം.പി മഹുവ മൊയിത്ര. ഭരണപക്ഷ എംം.പിമാര്‍ നിരന്തരമായി ബഹളം വെച്ചിട്ടും തനിക്ക് പറയാനുള്ളത് മുഴുവന്‍ ഉറച്ച സ്വരത്തില്‍ അവര്‍ പാര്‍ലമെന്റില്‍ വിളിച്ചു പറഞ്ഞു. വായിക്കാം അവരുടെ തീപ്പൊരി പ്രസംഗത്തിന്റെ ഏകദേശ പരിഭാഷ.

‘സത്യം മൂന്ന് ഘട്ടങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അതെന്നും പരിഹസിക്കപ്പെടുന്നു. അത് തീക്ഷണമായി എതിര്‍ക്കപ്പെടുന്നു. അത് സ്വയം തെളിയിക്കണം എന്ന് പ്രതീക്ഷിക്കപ്പെടുന്നു. ലോകമെങ്ങുമുള്ള പാര്‍ലമെന്റുകളില്‍ പലതരം സംവാദങ്ങള്‍ നടക്കാറുണ്ട്. അത് പലപ്പോഴും ഉള്ളിലിരിക്കുന്നവരെ അസ്വസ്ഥപ്പെടുത്താറുണ്ട്. ഇവിടേയും മറിച്ചല്ല. സൗഹൃദപരമായും അല്ലാതേയും ഉള്ള സംവാദങ്ങള്‍ ഇവിടേയും നടക്കാറുണ്ട്. തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് അവരുടെ മനസ്സിലുള്ളത് ഭയം കൂടാതെയും പക്ഷപാതം കൂടാതെയും പറയാന്‍ സാധിക്കുന്ന പരിശുദ്ധമായ ഒരിടം കൂടിയാണ് ഏറെക്കുറേ ഇവിടം. എന്നാല്‍ വിഷമത്തോട് കൂടി പറയട്ടേ ഇന്ന് ലോകസഭ നമുക്ക് പറയാന്‍ ഉള്ളത് പറയാന്‍ സാധിക്കാത്ത രീതിയിലേക്ക് മാറിയിരിക്കുന്നു. പിന്നെ ഞങ്ങള്‍ എന്താണ് പറയേണ്ടത്. ബോധിപ്പിക്കാന്‍ പാടില്ലാത്ത കാര്യങ്ങള്‍ ബോധിപ്പാക്കാന്‍ കഴിയുന്നതിനേക്കാള്‍ വളരേ കൂടുതലായിരിക്കുന്നു. പ്രതിപക്ഷത്തിരിക്കുന്നവര്‍ക്ക് ‘പ്രത്യേക’ വാക്കുകള്‍ ഒരു സാഹചര്യത്തിലും ഉച്ചരിക്കാന്‍ പാടില്ലെന്ന സ്ഥിതിയാണ്. ഞങ്ങള്‍ക്ക് ചൈന എന്ന് പറയാന്‍ പാടില്ല. ഞങ്ങള്‍ക്ക് പെഗസസ്, ബി.ബി.സി, റാഫേല്‍, മോര്‍ബി ചില സമയത്ത് മോദിജി എന്നു പോലും ഇവിടെ പ്രതിപക്ഷത്തിന് ഉച്ചരിക്കാന്‍ കഴിയില്ല. ഞങ്ങള്‍ പ്രതിപക്ഷത്തിന് എന്നും മ്യൂട്ട് ആവുന്ന അവസ്ഥയാണ്.

സാമൂഹിക നീതിക്കും ജനാധിപത്യത്തിനും ഏറ്റവും വലിയ ശത്രുവാണ് അഴിമതി എന്നതാണ് സര്‍ക്കാറിന്റെ നിലപാടെന്ന് പ്രസിഡന്റിന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കണം അഴിമതിക്കെതിരെ അനുകമ്പയുള്ള നിലപാട് കഴിഞ്ഞ രണ്ടു വര്‍ഷമായി സര്‍ക്കാര്‍ കൈകൊണ്ടത്. സത്യസന്ധമായ നിലപാട് ഈ ഭരണ സംവിധാനത്തില്‍ ഉറപ്പു വരുത്തിയിട്ടുണ്ട് എന്നും പ്രസിഡന്റ് പറഞ്ഞിരുന്നു. സമൂഹാകബോധം വര്‍ധിച്ചു വരുന്ന അവസരത്തില്‍ അഴിമതിക്ക് നേരെ ഒരി സിംപതിയും ഉണ്ടാവില്ല. സ്വജനപക്ഷപാതിത്വനവും അഴിമതിയും ഈ സര്‍ക്കാറില്‍ നിന്നുണ്ടായിട്ടില്ലെന്നായിരുന്നു പ്രസംഗത്തിലെ വാദം. രാജ്യം നിര്‍മാണമെന്ന ഈ മഹായജ്ഞത്തില്‍ നമ്മുടെ കര്‍ത്തവ്യ പാതയിലൂടെ നടന്ന് ഭരണഘടക്ക് നല്‍കിയ പ്രതിജ്ഞ നമുക്ക് പൂര്‍ത്തീകരിക്കാം എന്ന് പറഞ്ഞാണ് പ്രസിഡന്റ് പ്രസംഗം അവസാനിപ്പിച്ചത്. അതുകൊണ്ട് തന്നെ ഒരു ജനപ്രതിനിധിയെന്ന നിലക്ക് ഈ പാര്‍ലമെന്റിലെ അംഗമെന്ന നിലക്ക് ഞാന്‍ നിങ്ങള്‍ ഉണ്ടാക്കുന്ന എല്ലാ ശബ്ദങ്ങള്‍ക്കും ഇടയിലൂടെ എനിക്കു പറയാനുള്ളതെല്ലാം പറഞ്ഞ് എന്റെ കര്‍ത്തവ്യപഥത്തിലൂടെ മുന്നേറുകയാണ്. ഞാനുച്ചരിക്കുന്ന ഓരോ വാക്കും ഈ മഹായജ്ഞത്തില്‍ സത്യത്തിനുള്ള തര്‍പ്പണവും കാണിക്കയും ആയിരിക്കും.

ഈ രാജ്യത്തെ ഏറ്റവും പ്രശസ്തനായ വ്യക്തിയെ കുറിച്ചാണ് ഞാന്‍ ഇന്ന് സംസാരിക്കുന്നത്. ഈ സഭയുടെ നിര്‍ഭാഗ്യമെന്ന് പറയട്ടേ അത് പ്രധാനമന്ത്രിയല്ല. അദ്ദേഹത്തിന്റെ പേര് തുടങ്ങുന്നത് എ അക്ഷരത്തിലാണ്. അവസാനിക്കുന്നത് ഐയിലുമാണ്. എന്നാല്‍ അത് അദ്വാനിയല്ല (advani) അയാളെ എ എന്നു വിളിക്കാം. കമ്പനിയെ എ കമ്പനി എന്നും. ഗൗതം അദാനിയെ സൂചിപ്പിച്ചായിരുന്നു പരാമര്‍ശം. ദേഷ്യപ്പെടരുതെന്ന് എന്നോട് എപ്പോഴും പറയാറുണ്ട്.എന്നാല്‍ ഞാന്‍ ദേഷ്യപ്പെടുകയല്ല. ഈ മനുഷ്യന്‍ നമ്മെ എല്ലാം വിഡ്ഢികളാക്കിയിരിക്കുകയാണ്. അയാള്‍ ഈ തൊപ്പി അയാള്‍ നമ്മെ അണിയിച്ചിരിക്കുന്നു. തന്റെ കയ്യിലെ തൊപ്പി ഉയര്‍ത്തിപ്പിടിച്ച് അവര്‍ പറഞ്ഞു.

ടെന്‍ഡര്‍ വഴി മിക്ക കാര്യങ്ങളും നേടേണ്ടിവരുന്ന ആന്തരിക ഘടനയുള്ള ഒരു കമ്പനിക്ക് നിയന്ത്രിത റിട്ടേണ്‍ ആണ് ലഭിക്കേണ്ടത്. ഉയര്‍ന്ന ഗുണിതങ്ങളല്ല. പ്രത്യേകിച്ചും അത് തകര്‍ച്ചയിലേക്ക് പോകുമ്പോള്‍- അവര്‍ ചൂണ്ടിക്കാട്ടി. ഗൂഗിള്‍, ആമസോണ്‍, മൈക്രോസോഫ്റ്റ് എന്നിവപോലും കമ്പനി എയുമായി താരതമ്യപ്പെടുത്താവുന്ന തരത്തില്‍ വരുമാനം നല്‍കുന്നില്ലെന്നും അവര്‍ തുറന്നടിച്ചു.

‘ഒരു റഷ്യന്‍ കമ്പനി ഓയില്‍ റിഫൈനറി ബിസിനസ് ഏറ്റെടുത്തപ്പോള്‍ അത് രാജ്യത്തിനു മേലുള്ള ആക്രമണമായില്ലേ. ഖത്തറിന്റെ ഫണ്ട് ഉപയോഗിച്ച് മുംബൈയുടെ വൈദ്യുതി ഏറ്റെടുത്തപ്പോള്‍ അത് ഇന്ത്യക്കെതിരായ ആക്രമണമായിരുന്നില്ല?. ഇന്ത്യയുടെ അഭിമാനം ഒരു വ്യക്തിയുടെ സമ്പത്തല്ല, ഇന്ത്യയുടെ അഭിമാനം അതിന്റെ സ്ഥാപന ഘടനകളുടെ ദൃഢതയിലാണ്’. ഷോര്‍ട്ട് സെല്ലറായ ഹിന്‍ഡന്‍ബര്‍ഗിന്റെ റിപ്പോര്‍ട്ട് ഇന്ത്യയ്‌ക്കെതിരായ കണക്കുകൂട്ടിയ ആക്രമണമാണെന്ന് അദാനി ഗ്രൂപ്പിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടി അവര്‍ പറഞ്ഞു.

ബഹുമാന്യനായ പ്രധാനമന്ത്രീ..ഈ മനുഷ്യന്‍ നിങ്ങളെയും തൊപ്പിയണിയിച്ചിരിക്കുകയാണ്. നിങ്ങളുടെ പ്രതിനിധിസംഘത്തില്‍ നിങ്ങളോടൊപ്പം അയാള്‍ യാത്ര ചെയ്യുന്നു. ഇന്ത്യ സന്ദര്‍ശിക്കുന്ന രാജ്യത്തലവന്‍മാരെ അയാള്‍ കാണുന്നു. ഇന്ത്യ എന്നാല്‍ പ്രധാനമന്ത്രിയാണെന്നും പ്രധാനമന്ത്രി താനാണെന്നും അയാള്‍ ചിത്രീകരിക്കുന്നു. പ്രധാനമന്ത്രിയുടെ പിന്നിലെ റിമോട്ട് കണ്‍ട്രോള്‍ താനാണെന്നും തനിക്ക് ചെയ്യുന്ന ഉപകാരങ്ങള്‍ പ്രധാനമന്ത്രിക്ക് ചെയ്യുന്നതിന് തുല്യമാണെന്നും അദ്ദേഹം ലോകത്തിന് മുന്നില്‍ കാണിക്കുന്നു- അവര്‍ പറഞ്ഞു.

ബഹുമാന്യയായ ധനമന്ത്രീ അയാള്‍ നിങ്ങളേയും ഒരു തൊപ്പിയണിയിച്ചിരിക്കുന്നു. സെബിയുടെ അന്വേഷണം നടക്കുകയാണെന്ന് പാര്‍ലമെന്റിലെ നിങ്ങളുടെ മന്ത്രാലയം എന്നോട് പറയുമ്പോള്‍, രാജ്യത്തെ പരമോന്നത കോടതി അവരെ കുറ്റവിമുക്തരാക്കി എന്ന് ഈ കമ്പനി ഒരു പ്രസ്താവന പുറപ്പെടുവിക്കുന്നു. ഏത് കോടതി- മഹുവ ചോദിച്ചു. ആഭ്യന്തര വാണിജ്യവും (ഇന്‍സൈഡര്‍ ട്രേഡിംഗ്) കോര്‍പ്പറേറ്റ് ഭരണവും (കോര്‍പ്പറേറ്റ് ഗവര്‍ഡണസ്) സംബന്ധിച്ച സെബി കമ്മിറ്റിയില്‍ മിസ്റ്റര്‍ എയുടെ മകന്റെ അമ്മായിയപ്പനെ എങ്ങനെ അനുവദിക്കും? അവര്‍ ആഞ്ഞടിച്ചു.

‘ഇന്ത്യ ലോകത്തിലെ മൂന്നാം സാമ്പത്തിക ശക്തിയായി ഉയര്‍ന്നു വരികയാണ്. ചങ്ങാത്ത മുതലാളിത്തത്തിന്റെ ദുര്‍ഗന്ധം കൊണ്ട് ഗവണ്‍മെന്റിലെ നിങ്ങളുടെ സമയം കളങ്കപ്പെടുത്താന്‍ അവനെ അനുവദിക്കരുത്.
ദയവായി എല്ലാ കാര്യങ്ങളിലും പൂര്‍ണ്ണവും സമഗ്രവുമായ അന്വേഷണത്തിന് ഉടന്‍ ഉത്തരവിടുക…നമ്മുടെ രാജ്യത്തിന്റെ പ്രശസ്തി അപകടത്തിലാണ്- അവര്‍ പറഞ്ഞു.

എല്ലാവരും ചോദിക്കാറുണ്ട് അംബാനി, ചൈന, ജെ.പി മോര്‍ഗന്‍ ആരാണ് മഹുവ മൊയിത്രക്ക് പിന്നിലെന്ന്. ആരും എനിക്ക് പിന്നിലില്ല. മഹുവ എന്നും സത്യത്തിന് പിറകിലാണ്. അവര്‍ തന്റെ പ്രസംഗം അവസാനിപ്പിച്ചു.

തുടക്കം മുതല്‍ ഭരണപക്ഷ എം.പിമാരുടെ ബഹളത്തിനിടയിലാണ് അവര്‍ പ്രസംഗം പൂര്‍ത്തിയാക്കിയത്. സ്പീക്കര്‍ നിരവധി തവണ താക്കീത് നല്‍കിയിട്ടും എം.പിമാര്‍ ബഹളം നിര്‍ത്തിയില്ല.

അതിനിടെ പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്നാരോപിച്ച് ബി.ജെ.പി എം.പിമാര്‍ രംഗത്തെത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.