2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘റെയ്‌ഡോ ശരിക്കും..തീര്‍ത്തും അപ്രതീക്ഷിതം തന്നെ’ ബി.ബി.സിക്കെതിരായ നടപടിയില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ പ്രതികരണവുമായി മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: ബി.ബി.സിയുടെ ഇന്ത്യയിലെ ഓഫിസുകളില്‍ ആദായ നികുതി വകുപ്പ് നടത്തുന്ന റെയ്ഡില്‍ പരിഹാസം നിറഞ്ഞ പ്രതികരണവുമായി തൃണമൂല്‍ എം.പി മഹുവ മൊയ്ത്ര.

‘ബി.ബി.സിയുടെ ഡല്‍ഹി ഓഫിസില്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തുന്നു എന്ന വാര്‍ത്തകള്‍ വരുന്നു. ശരിക്കും?. തീര്‍ത്തും അപ്രതീക്ഷിതം- അവര്‍ ട്വിറ്ററില്‍ കുറിച്ചു. ‘അപ്രതീക്ഷിതം’ എന്നായിരുന്നു മെഹുവയുടെ പരിഹാസം.

രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. ബി.ബി.സി ഡോക്യുമെന്ററി പുറത്തിറക്കിയപ്പോള്‍ അത് നിരോധിച്ചു. ഇപ്പോഴിതാ ഓഫിസ് റെയ്ഡ് ചെയ്യുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് രാജ്യത്ത് കോണ്‍ഗ്രസ് ട്വിറ്ററില്‍ പറഞ്ഞു.

   

ബി.ബി.സിയുടെ മുംബൈയിലും ഡല്‍ഹിയിലുമുള്ള ഓഫിസുകളിലാണ് പരിശോധന പുരോഗമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ വിവാദ ഡോക്യുമെന്ററി പുറത്ത് വന്നതിന് പിന്നാലെയാണ് പരിശോധന. അല്‍പ്പസമയം മുമ്പാണ് ആദായ നികുതി വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ റെയ്ഡ് ആരംഭിച്ചത്. റെയ്ഡില്‍ ജീവനക്കാരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തു.

ഡോക്യുമെന്ററി പുറത്തുവന്നതിന് പിന്നാലെ ബി.ബി,സി ഇന്ത്യയില്‍ നിരോധിക്കണമെന്നതടക്കമുള്ള ആവശ്യങ്ങള്‍ ബി.ജെ.പി പ്രവര്‍ത്തകരുടെ ഭാഗത്തു നിന്നുണ്ടായിരുന്നു. ‘മോദി: ദി ഇന്ത്യ ക്വസ്റ്റ്യന്‍’ ഡോക്യുമെന്ററി രണ്ടു ഭാഗങ്ങളായാണ് പുറത്തുവന്നത്. ആദ്യ ഭാഗം ഗുജറാത്ത് വംശഹത്യയെ കുറച്ചുള്ളതായിരുന്നു. രണ്ടാമത്തേതില്‍ നരേന്ദ്ര മോദി രണ്ടാമതും പ്രധാനമന്ത്രിയായതിന് ശേഷമുള്ള സംഭവ വികാസങ്ങളാണ് വിശദീകരിച്ചത്.

ഗുജറാത്ത് കലാപത്തില്‍ നരേന്ദ്രമോദിയുടെ പങ്ക് വിമര്‍ശന വിധേയമായി സമീപിക്കുന്ന ഡോക്യുമെന്ററിക്ക് കേന്ദ്ര സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ ബ്ലോക്ക് ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കും യൂട്യൂബിനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. വസ്തുനിഷ്ഠതയില്ലാത്തതും കൊളോണിയല്‍ ചിന്താഗതിയെ പ്രതിഫലിപ്പിക്കുന്നതുമായ പൊപഗണ്ട എന്നാണ് കേന്ദ്രസര്‍ക്കാര്‍ ഡോക്യുമെന്ററിയെ വിലയിരുത്തിയത്.

ഇന്ത്യയില്‍ ബി.ബി.സി ചാനല്‍ നിരോധിക്കണമെന്ന ഹിന്ദുസേനയുടെ ഹരജി കഴിഞ്ഞ ദിവസം സുപ്രിംകോടതി തള്ളിയിരുന്നു. ഹിന്ദുസേനാ അഖിലേന്ത്യ അധ്യക്ഷന്‍ വിഷ്ണുഗുപ്ത സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്. തെറ്റിദ്ധരിപ്പിക്കുന്ന ഹരജിയെന്ന് വിലയിരുത്തിയാണ് സുപ്രിംകോടതി വിഷ്ണുഗുപ്തയുടെ ആവശ്യം തള്ളിക്കളഞ്ഞത്. ഡോക്യൂമെന്ററിയുമായി ബന്ധപ്പെട്ട മറ്റു ഹരജികളൊടൊപ്പം വിഷ്ണുഗുപ്തയുടെ ഹരജി കേള്‍ക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.
വിഷ്ണുഗുപ്തക്കെതിരെ കടുത്ത വിമര്‍ശനമാണ് സുപ്രിംകോടതി ഉന്നയിച്ചത്. കോടതിയുടെ സമയം പാഴാക്കാനാണോ ഇത്തരത്തിലുള്ള ഹരജികളുമായി എത്തുന്നതെന്ന് ഹരജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബെഞ്ച് ചോദിച്ചു.

പക്ഷപാതപരമായിട്ടാണ് ബി.ബി.സി പ്രവര്‍ത്തിക്കുന്നതെന്നും ഇന്ത്യയില്‍ വിലക്കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി ടെലികാസ്റ്റ് ചെയ്തതോടെയാണ് വിഷ്ണുഗുപ്ത ഹരജി സമര്‍പ്പിച്ചത്. ഡോക്യുമെന്ററി തയ്യാറാക്കപ്പെട്ട സാഹചര്യം വിലയിരുത്തണമെന്ന് വിഷ്ണു ഗുപ്തയുടെ അഭിഭാഷക കോടതിയില്‍ ആവശ്യപ്പെട്ടു. ഇന്ത്യയുടെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായ തകര്‍ക്കാനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയാണ് ബി.ബി.സി നടത്തുന്നതെന്ന് ഹിന്ദുസേന ആരോപിച്ചു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.