
ന്യൂഡല്‍ഹി: പാര്‍ലമെന്റിന്റെ അടിയന്തര സമ്മേളനം വിളിച്ച് വിവാദ കാര്‍ഷിക നിയമങ്ങള്‍ തിരിച്ചുവിളിക്കാനുള്ള കേന്ദ്രസര്‍ക്കാരിനുള്ള അവസാനത്തെ അവസരമാണ് ഇന്നത്തെ ചര്‍ച്ചകളെന്ന് മുന്നറിയിപ്പുമായി കര്‍ഷകര്‍. മാത്രമല്ല, പ്രതിഷേധക്കാര്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാനുള്ള നീക്കത്തിനെതിരേയും കര്‍ഷകര്‍ കേന്ദ്രത്തിന് മുന്നറിയിപ്പ് നല്കുന്നു. കര്‍ഷക പ്രസ്ഥാനങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കരുതെന്ന് ഞങ്ങള്‍ സര്‍ക്കാരിനോട് ആവശ്യപ്പെടുന്നു. ഉന്നയിക്കുന്ന ആവശ്യത്തില്‍ ഐക്യമുണ്ട്. ചൊവ്വാഴ്ചത്തെ യോഗത്തില്‍ ഇത് വ്യക്തമായിരുന്നുവെന്നും സംയുക്ത് കിസാന്‍ മോര്‍ച്ച പറഞ്ഞു. 32 കര്‍ഷക സംഘടനകളെ മാത്രം ചര്‍ച്ചയ്ക്കു ക്ഷണിച്ച് മൂന്നാംഘട്ട ചര്‍ച്ചകളെ പരാമര്‍ശിച്ചാണ് പ്രസ്താവന.
ഇന്ന് കേന്ദ്രം കര്‍ഷകരുമായി വീണ്ടും ചര്‍ച്ച നടത്തുന്നുണ്ട്. പഞ്ചാബ് മുഖ്യമന്ത്രിയും ഇന്ന് അമിത് ഷായെ കാണുന്നുണ്ട്. സപ്തംബറില്‍ പ്രതിഷേധം തുടങ്ങിയ ശേഷമുള്ള നാലാമത്തെ ചര്‍ച്ചയാണ് ഇന്നു നടക്കാനിരിക്കുന്നത്. തങ്ങളുടെ ആവശ്യങ്ങള്‍ വിശദീകരിക്കാന്‍ നേരത്തേ രണ്ട് ആഭ്യന്തര കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. സമരം ശക്തിപ്പെടുന്ന സാഹചര്യത്തില്‍ എങ്ങനെയെങ്കിലും പ്രതിഷേധം ഒതുക്കിത്തീര്‍ക്കാനാണ് കേന്ദ്രവും ബി.ജെ.പിയും ശ്രമിക്കുന്നത്.
നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കര്‍ഷകര്‍ ഉറച്ചു നില്‍ക്കുകയാണ്. ദിനംപ്രതി പ്രതിഷേധ സ്ഥലത്തേക്ക് കര്‍ഷകര്‍ കൂടുതല്‍ എത്തിക്കൊണ്ടിരിക്കുകയാണ്. പ്രതിഷേധം പഞ്ചാബ് കര്‍ഷകരാല്‍ നയിക്കപ്പെടുന്നതെങ്കിലും രാജ്യത്തുടനീളമുള്ള കര്‍ഷകര്‍ തങ്ങളുടെ ആവശ്യങ്ങളില്‍ ഐക്യത്തോടെ നിലകൊള്ളുന്നതായും കരിനിയമങ്ങള്‍ തിരിച്ചുവിളിക്കുംവരെ പ്രതിഷേധം തുടരുമെന്നും കര്‍ഷക പ്രതിനിധികള്‍ വ്യക്തമാക്കി.
കഴിഞ്ഞ 7 ദിവസമായി പതിനായിരക്കണക്കിന് അമ്മമാരും കുട്ടികളും വൃദ്ധരും ഉള്‍പ്പെടെയുള്ളവരാണ് സമാധാനപരമായി സമരം നടത്തുന്നത്. പ്രതിഷേധം ഡല്‍ഹിയിലേക്കും പുറത്തേക്കുമുള്ള ഗതാഗതത്തെ ബാധിച്ചു. സിങ്കു, തിക്രി, ഗാസിയാബാദ്, ജരോഡ, ജാതിക്ര, ഔചാന്ദി എന്നീ അതിര്‍ത്തികള്‍ അടച്ചിട്ടിരിക്കുകയാണ്. ആവശ്യമെങ്കില്‍ പ്രധാന ഡല്ഹിനോയിഡഡല്ഹി(ഡിഎന്‍ഡി) എക്സ്പ്രസ് ഹൈവേയും അടച്ചിടാന്‍ അധികൃതര്‍ തയ്യാറാണ്. ലാംപൂറും ചില്ല അതിര്‍ത്തിയും ഭാഗികമായി തുറന്നിട്ടുണ്ട്. കാളിന്ദി കുഞ്ച്, ധന്സ, ദൗരാല, കപാഷേര, ദുണ്ടഹേര, പാലം വിഹാര്‍ ക്രോസിങുകള്‍ തുറന്നിട്ടുണ്ട്.
അതേസമയം, പ്രതിഷേധത്തിനിടെ കുറഞ്ഞത് മൂന്ന് മരണങ്ങളെങ്കിലും രേഖപ്പെടുത്തിയിട്ടുണ്ട്. തണുത്ത കാലാവസ്ഥ കണക്കിലെടുത്ത് ഇനിയും നീട്ടുന്നത് കേന്ദ്രത്തിന്റെ മനുഷ്യത്വരഹിതമായ നടപടിയാണെന്നും കര്‍ഷകര്‍ പറഞ്ഞു.