കൊളംബോ: ദുബൈയിലേക്ക് കടക്കാനുള്ള ശ്രീലങ്കന്‍ മുന്‍ ധനകാര്യമന്ത്രി ബാസില്‍ രാജപക്‌സയുടെ ശ്രമം തടഞ്ഞ് ജനങ്ങള്‍. വിമാനത്താവളത്തില്‍നിന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞ് തടയുകയായിരുന്നു. എമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ യാത്രക്ക് അനുമതി നല്‍കാതിരിക്കുകയും ചെയ്തതോടെ രാജപക്‌സയുടെ യാത്ര മുടങ്ങി.
പ്രസിഡന്റ് ഗോടബയ രാജപക്‌സയുടെ സഹോദരനാണ് ബാസില്‍. കൊളംബോ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വി.ഐ.പി ടെര്‍മിനലിലൂടെയാണ് ബാസില്‍ രാജ്യം വിടാന്‍ ശ്രമിച്ചത്.
അതേസമയം, ബാസില്‍ രാജപക്‌സ ഇന്ത്യയില്‍ അഭയം തേടുമെന്ന വാര്‍ത്തകള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നിഷേധിച്ചു. പ്രസിഡന്റ് രാജപക്‌സ ഇന്ത്യയിലേക്ക് കടന്നുവെന്ന വാര്‍ത്ത അദ്ദേഹത്തോടടുത്ത വൃത്തങ്ങള്‍ നിഷേധിച്ചു. ശ്രീലങ്കയിലെ ഒരു ഉന്നത നേതാക്കന്‍മാരും രാജ്യം വിട്ടു പുറത്തുപോയിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി.
ശ്രീലങ്കയിലെ സാമ്പത്തിക പ്രതിസന്ധിയും രൂക്ഷമായ ക്ഷാമവും മൂലം ദുരിതത്തിലായ ജനങ്ങള്‍ കഴിഞ്ഞ ശനിയാഴ്ച പ്രസിഡന്റിന്റെ വസതി കീഴടക്കി പ്രതിഷേധിച്ചിരുന്നു. പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധമുണ്ടാകുമെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് തലേന്ന് രാത്രി തന്നെ അദ്ദേഹം വസതി വിട്ട് പോയിരുന്നു. കപ്പലില്‍ കയറി നടുക്കടലില്‍ കഴിയുകയാണെന്ന വാര്‍ത്തകള്‍ പരന്നിട്ടുണ്ടെങ്കിലും സ്ഥിരീകരണമില്ല. ഇപ്പോഴും പ്രസിഡന്റ് എവിടെയാണ് എന്നതിനെ കുറിച്ച് വ്യക്തമായ വിവരമില്ല. അതേസമയം, ബുധനാഴ്ച രാജിവെക്കുമെന്ന് പ്രസിഡന്റ് രാജപക്‌സ പ്രതിഷേധക്കാരെ അറിയിച്ചിട്ടുണ്ട്.
Comments are closed for this post.