
ന്യൂഡല്‍ഹി: ലഖിംപൂര്‍ ഖേരി കര്‍ഷക കൂട്ടക്കൊലയില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന് ആശിഷ് മിശ്രക്ക് സുപ്രിംകോടതി എട്ടാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യകാലയളവില്‍ യു.പിയിലും ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും താമസിക്കരുതെന്നും കോടതി ഉത്തരവിട്ടു.
ജാമ്യത്തിലിറങ്ങി ഒരാഴ്ചക്കുള്ളില്‍ യു.പി വിടണം. ആശിഷ് മിശ്രയോ, കുടുംബാംഗങ്ങളോ സാക്ഷികളെ സ്വധീനിക്കാന്‍ ശ്രമിച്ചാല്‍ ജാമ്യം റദ്ദാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്കി. 2021 ഒക്ടോബര്‍ മൂന്നിനാണ് ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ സമരം ചെയ്തിരുന്ന കര്‍ഷക സംഘത്തിനിടയിലേക്ക് ആശിഷ് മിശ്ര കാര്‍ ഓടിച്ച് കയറ്റിയത്.
ആശിഷ് മിശ്രയുടെ പിതാവും ബി.ജെ.പി നേതാവുമായ അജയ് മിശ്രയുടെ ഉടമസ്ഥതയിലുള്ള മഹീന്ദ്ര ഥാര്‍ ഉള്‍പ്പെടെ മൂന്ന് എസ്.യു.വികളുടെ വാഹനവ്യൂഹമാണ് ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ പാഞ്ഞുകയറിയത്.
നാല് കര്‍ഷകരും മാധ്യമപ്രവര്‍ത്തകനുമാണ് സംഭവത്തില്‍ കൊല്ലപ്പെട്ടത്. തുടര്‍ന്നുണ്ടായ അക്രമത്തില്‍ മൂന്നുപേരും കൊല്ലപ്പെട്ടു. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ ഒക്ടോബര്‍ ഒമ്പതിനാണ് ആശിഷ് അറസ്റ്റിലായത്.
Comments are closed for this post.