2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഡല്‍ഹി മദ്യനയ കേസ്: കെ.സിആറിന്റെ മകളെ വീണ്ടും ചോദ്യം ചെയ്യും; നാളെ ഹാജരാവാന്‍ ഇഡി നോട്ടിസ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയകേസുമായി ബന്ധപ്പെട്ട് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകള്‍ കെ.കവിതയെ ഇ.ഡി (എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ്) വീണ്ടും ചോദ്യം ചെയ്യും. നാളെ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടിസ് അയച്ചു.

കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 12ന് ഇവരെ ഇഡി ഹൈദരാബാദില്‍ ഏഴ് മണിക്കൂറിലേറെ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് പ്രത്യുപകാരം കൈപറ്റിയ സൗത്ത് ഗ്രൂപ്പിന്റെ ഭാഗമാണ് കവിതയെന്നാണ് ഇഡി ആരോപിക്കുന്നത്. കവിതയുമായി അടുത്ത ബന്ധമുള്ള വ്യവസായി അരുണ്‍ രാമചന്ദ്ര പിള്ളയെ അറസ്റ്റ് ചെയ്ത് ഒരു ദിവസം കഴിഞ്ഞ ഉടനെയാണ് കവിതക്ക് നോട്ടിസ് അയച്ചിരിക്കുന്നത്. ഇദ്ദേഹത്തെ മാര്‍ച്ച് 13 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.

ഡല്‍ഹിയില്‍ ദീര്‍ഘമായ ചോദ്യം ചെയ്യലിന് ശേഷമാണ് അരുണ്‍ രാമചന്ദ്ര പിള്ളയെ ഇ.ഡി അറസ്റ്റ് ചെയ്തത്. മദ്യനയ അഴിമതിക്കേസില്‍ ഇ.ഡി നടത്തുന്ന പതിനൊന്നാമത്തെ അറസ്റ്റായിരുന്നു ഇത്. കേസിലെ നിര്‍ണായക കണ്ണിയെന്ന് ആരോപിക്കപ്പെടുന്ന സൗത്ത് ഗ്രൂപ്പിലെ പ്രധാനിയാണ് അരുണ്‍ രാമചന്ദ്രപിള്ള. സൗത്ത് ഗ്രൂപ്പിലെ മറ്റൊരു പ്രധാനിയായ തെലങ്കാന മുഖ്യമന്ത്രിയുടെ മകള്‍ കെ കവിതയുടെ ബിനാമിയും ബിസിനസ് പങ്കാളിയുമാണ് പിള്ളയെന്നും ഏജന്‍സികള്‍ പറയുന്നു. ഇദ്ദേഹത്തിന്റെ സ്വത്തുക്കള്‍ കഴിഞ്ഞ ജനുവരിയില്‍ ഇ.ഡി കണ്ടുകെട്ടിയിരുന്നു.

കവിതയുടെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നേരത്തെ അറസ്റ്റിലായിട്ടുണ്ട്. സൗത്ത് ഗ്രൂപ്പ്, വിജയ് നായര്‍ വഴി നൂറ് കോടി രൂപ ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയെന്നും പ്രത്യുപകാരമായി മറ്റൊരു പ്രതിയായ സമീഹര്‍ മഹേന്ദ്രുവിന്റെ ഇന്‍ഡോ സ്പിരിറ്റെന്ന കമ്പനിയില്‍ കെ കവിതയ്ക്കുള്‍പ്പെടെ ഓഹരി നല്‍കിയെന്നതാണ് ഇ.ഡിയുടെയും സി.ബി.ഐയുടെ കേസുകളിലെ മുഖ്യ ആരോപണം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.