ന്യൂഡല്‍ഹി: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി ആര് എന്നതിലുള്ള സസ്‌പെന്‍സ് തുടരുന്നു. ഡല്‍ഹിയില്‍ ഇന്നും ചര്‍ച്ചകള്‍ നടക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ ഡല്‍ഹിയിലെ വസതിയില്‍ ഇന്നലെ നടന്ന മാരത്തണ്‍ ചര്‍ച്ചകള്‍ക്കൊടുവിലും അന്തിമതീരുമാനത്തിലേക്ക് എത്താന്‍ ഹൈക്കമാന്‍ഡിനു കഴിഞ്ഞിരുന്നില്ല.
മുന്‍ മുഖ്യമന്ത്രി സിദ്ധാരാമയ്യയ്ക്ക് ഭൂരിഭാഗം എംഎല്‍എമാരുടെയും പിന്തുണ ഉണ്ടെങ്കിലും മുഖ്യമന്ത്രി സ്ഥാനത്തിന്‍മേലുള്ള അവകാശവാദത്തില്‍നിന്നു പിന്മാറാന്‍ ഡി.കെ.ശിവകുമാര്‍ തയാറാകാത്തതാണു പ്രതിസന്ധി സൃഷ്ടിക്കുന്നത്. മുഖ്യമന്ത്രിയാക്കിയില്ലെങ്കില്‍ മന്ത്രിസഭയിലേക്ക് ഇല്ലെന്നും സാധാരണ എംഎല്‍എയായി പ്രവര്‍ത്തിക്കാമെന്നും ഇന്നലെ ഖര്‍ഗെയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ ഡി.കെ.ശിവകുമാര്‍ അറിയിച്ചതായാണു വിവരം. ഇരുവര്‍ക്കും രണ്ടര വര്‍ഷം വീതം മുഖ്യമന്ത്രിപദം നല്‍കാനാണ് സാധ്യതയെങ്കിലും ആദ്യം ആരു ഭരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങളില്‍ സോണിയ ഗാന്ധിയുടെ നിലപാട് നിര്‍ണായകമാകും.
നേതാക്കള്‍ നടത്തിയ കൂടിയാലോചനകള്‍ക്കൊടുവില്‍ സിദ്ധരാമയ്യയെ നേതാവായി പ്രഖ്യാപിക്കുന്നതിനോട് യോജിച്ച ശിവകുമാര്‍ ഹൈക്കമാന്‍ഡ് നിര്‍ദേശിച്ച ഫോര്‍മുല അംഗീകരിക്കാനും തയാറായതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്നലെ രാത്രിതന്നെ മുഖ്യമന്ത്രി പ്രഖ്യാപനം നടത്താനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തീരുമാനിച്ചിരുന്നതെങ്കിലും ഷിംലയിലുള്ള സോണിയാഗാന്ധി എത്തിയശേഷം പ്രഖ്യാപനം നടത്തിയാല്‍ മതിയെന്ന് ധാരണയിലെത്തുകയായിരുന്നു. ഇന്നലെ രാത്രി വൈകിയാണ് സോണിയ ഡല്‍ഹിയിലെത്തിയത്. ഇന്നു രാവിലെ സോണിയയുമായി ശിവകുമാറും സിദ്ധരാമയ്യയും വെവ്വേറെ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷം നേതാക്കള്‍ ബംഗളൂരുവിലെത്തി തീരുമാനം ഔദ്യോഗികമായി പ്രഖ്യാപിക്കാനാണ് ധാരണയായത്.
ഇന്നലെ രാവിലെയോടെയാണ് പി.സി.സി പ്രസിഡന്റ് ഡി.കെ ശിവകുമാര്‍ ഡല്‍ഹിയിലെത്തിയത്. സഹോദരന്‍ ഡി.കെ സുരേഷിന്റെ വസതിയിലെത്തിയ ശിവകുമാര്‍ പിന്നീട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ കെ.സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജേവാല എന്നിവരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗയെ സന്ദര്‍ശിച്ചത്.
സംസ്ഥാന നേതാക്കളുമായി ചര്‍ച്ച പൂര്‍ത്തിയാക്കിയ പശ്ചാത്തലത്തില്‍ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി കൂടിയാലോചിച്ച് മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്നുതന്നെ അന്തിമതീരുമാനം എടുക്കും എന്നാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയാക്കുന്നതിനോടാണ് ഖര്‍ഗെയ്ക്കും രാഹുലിനും താല്‍പര്യം. ഹൈക്കമാന്‍ഡ് തീരുമാനം എടുത്താല്‍ ബെംഗളൂരുവില്‍ നിയമസഭാകക്ഷിയോഗം ചേര്‍ന്ന് ഔദ്യോഗികമായായി പ്രഖ്യാപിക്കും. ഇരുനേതാക്കളെയും ഒപ്പംനിര്‍ത്തി ഐക്യം ഉറപ്പിച്ചശേഷമാകും ഖര്‍ഗെ മുഖ്യമന്ത്രിയാരെന്ന പ്രസ്താവന നടത്തുക. ഉപമുഖ്യമന്ത്രിമാരെയും ഇന്നു പ്രഖ്യാപിക്കുമെന്നാണ് വിവരം. സത്യപ്രതിജ്ഞയുടെ തീയതി മുഖ്യമന്ത്രി തീരുമാനിക്കും. നേരത്തേ വ്യാഴാഴ്ചയായിരുന്നു സത്യപ്രതിജ്ഞ നിശ്ചയിച്ചിരുന്നത്.
Comments are closed for this post.