2023 April 01 Saturday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ബി.ജെ.പിയുടെ പേരുമാറ്റ രാഷ്ട്രീയം തെലങ്കാനയിലേക്കും?; കരീം നഗറിനെ ‘കരി’നഗറാക്കി പത്രങ്ങളില്‍ പരസ്യം

ഹൈദരാബാദ്: പേരിലെന്തിരിക്കുന്നു എന്നാണ് സാധാരണ പറയാറ്. എന്നാല്‍ ബി.ജെ.പിയുടെ കാവി രാഷ്ട്രീയത്തിന് പേരിലെല്ലാമുണ്ട്. പേരുമാറ്റം പാര്‍ട്ടിയുടെ പ്രധാന അജണ്ടയാണ്. ബി.ജെ.പി അധികാരത്തിലുള്ള നിരവധി സംസ്ഥാനങ്ങളിലാണ് സ്ഥലങ്ങളുടെ പേരുമാറ്റ പ്രക്രിയ നടന്നിട്ടുള്ളത്.

ബി.ജെ.പിയുടെ ഈ പേരുമാറ്റ രാഷ്ട്രീയം തെലങ്കാനയിലേക്കും കടന്നുകയറുന്നു. സംസ്ഥാനത്തെ മാധ്യമങ്ങളില്‍ നല്‍കിയ പരസ്യത്തില്‍ കരീംനഗര്‍ എന്ന സ്ഥലത്തെ കരിനഗര്‍ എന്ന് പരാമര്‍ശിച്ചിരിക്കുകയാണ് പാര്‍ട്ടി. ‘പ്രജാസംഗ്രാമ യാത്ര’യുടെ അവസാന ഘട്ടത്തിലേക്ക് പാര്‍ട്ടി തലവന്‍ ജെ. പി നദ്ദയെ സ്വാഗതം ചെയ്യുന്ന പരസ്യത്തിലാണ് ഈ പേരുമാറ്റം.

ഇത് അക്ഷരത്തെറ്റല്ലെന്നും ഭൂരിപക്ഷ സമുദായത്തെ അണിനിരത്താന്‍ തെലങ്കാനയിലെ പ്രധാന പത്രങ്ങളില്‍ തന്ത്രപരമായി നല്‍കിയ പരസ്യമാണെന്നും നിരീക്ഷകര്‍ പറയുന്നു. തെലങ്കാന ബി.ജെ.പി അധ്യക്ഷന്‍ ബണ്ടി സഞ്ജയ് ആണ് ലോക്‌സഭാ മണ്ഡലമായ കരിംനഗറിനെ പ്രതിനിധീകരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

ബി.ജെ.പി നേതാക്കള്‍ അവരുടെ പ്രസംഗങ്ങളില്‍ പലപ്പോഴും മുസ്‌ലിം പേരുള്ള നഗരങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതായി നിരീക്ഷകര്‍ പറയുന്നു. എന്നാല്‍, യഥാര്‍ത്ഥ പേരുകള്‍ തെറ്റിദ്ധരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുകയോ നോട്ടിസ് നല്‍കി വിശദീകരണം തേടുകയോ ചെയ്യുന്നില്ല. ഹൈദരാബാദിനെ ഭാഗ്യനഗര്‍ എന്നും നിസാമാബാദിനെ ഇന്ദുര്‍ എന്നും ഇപ്പോള്‍ കരിംനഗര്‍ കരിനഗര്‍ എന്നും വിളിച്ചു. ഇതുകൂടാതെ, ഹുസൈന്‍ സാഗര്‍ വിനയ സാഗര്‍ എന്നും മൗസംജാഹി മാര്‍ക്കറ്റിനെ വിനായക് ചൗക്ക് എന്നും വിശേഷിപ്പിച്ചിട്ടുണ്ട്. നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നു.

നഗരങ്ങളെയും ജില്ലകളെയും മറ്റും മുസ്‌ലിം പേരുകളില്‍ വിളിക്കുന്നതിലും ബി.ജെ.പി നേതാക്കള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.