2020 September 29 Tuesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘യാ അല്ലാഹ് എന്റെ മോന്‍’-കണ്ണീരായി ഉമ്മ; ഉപ്പക്കു മുന്നില്‍ അപരിചിതത്വത്തിന്റെ അന്ധാളിപ്പുമായി കുഞ്ഞുമോള്‍- കഫീല്‍ ഖാന്‍ കുടുംബത്തെ കണ്ടപ്പോള്‍ video

ലഖ്‌നൗ: യാ അല്ലാഹ് എന്റെ മോന്‍ വന്നല്ലോ…ആ ഉമ്മ കണ്ണീരായി. മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ധീരമായ ശബ്ദത്തില്‍ ഉറക്കെയുറക്കെ വാചാലനായിരുന്ന കഫീല്‍ ഖാനും ആ കണ്ണീരിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഉമ്മയെ കെട്ടിപ്പിടിച്ച് അയാള്‍ പൊട്ടിക്കരഞ്ഞു. കൊച്ചു കുഞ്ഞിനെ പോലെ.

കാണുന്നവര്‍ക്കും കേള്‍ക്കുന്നവര്‍ക്കും ആ ഉമ്മയുടേയും മകന്റേയും വിരഹകാലം ഏറെയൊന്നുമില്ല. വെറും മാസങ്ങള്‍. എന്നാല്‍ മാസങ്ങള്‍ മാത്രം നീണ്ട വിരഹത്തിനൊടുവിലെ സമാഗമത്തിന് പക്ഷേ നനവേറെയായിരുന്നു. കാണുന്നവരുടേയും കേള്‍ക്കുന്നവരുടേയും കണ്ണില്‍ നീര് പൊടിക്കാന്‍ മാത്രം നനവാര്‍ന്നത്. അത്രക്കേറെ ആയിരുന്നിരിക്കണം അയാള്‍ ആ തടവറയില്‍ അനുഭവിച്ചത്.

കഫീല്‍ ഖാന്‍ മക്കളേയും ഉമ്മയേയും കാണുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. പത്തോ പതിനൊന്നോ മാസമേയുള്ളു കുഞ്ഞു ഒലിവര്‍ക്ക് അദ്ദേഹം ജയിലില്‍ പോവുമ്പോള്‍. ഇപ്പോഴവള്‍ പാപ്പാ എന്നും ദാദി എന്നും പറഞ്ഞു തുടങ്ങിയിരിക്കുന്നു. ആദ്യം കണ്ടപ്പോഴുള്ള അമ്പരപ്പ് പെട്ടെന്നു മാറി ഒലിവറിന്. അവള്‍ വേഗം പാപ്പായുമായി കൂട്ടായി. മൂത്തമകള്‍ സബ്രീനയോ ഉപ്പയോട് വാചാലയാവുന്നു. നീയെങ്ങിനെയാ ഇത്ര വലുതായതെന്ന് അതിശപ്പെടുന്നു മോളോട് കഫീല്‍. മക്കളോടൊത്തുള്ള കഫീല്‍ഖാന്റെ കളികളും പോസ്റ്റ് ചെയ്തിട്ടുണ്ട് അദ്ദേഹത്തിന്റെ പേജില്‍.

സെപ്റ്റംബര്‍ ഒന്നാം തിയതിയാണ് അലഹബാദ് ഹൈക്കോടതി ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചത്. അദ്ദേഹത്തിനെതിരെ ചുമത്തിയ ദേശീയ സുരക്ഷാ നിയമം റദ്ദാക്കിയ കോടതി അദ്ദേഹത്തെ ഉടന്‍ വിട്ടയക്കണമെന്ന് കര്‍ശന നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡിസംബര്‍ 12 ന് അലിഗഡ് സര്‍വകലാശാലയില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചതിനാണ് കഫീല്‍ ഖാനെ വിദ്വേഷ പ്രസംഗം നടത്തിയെന്നാരോപിച്ച് യു.പി പൊലിസ് അറസ്റ്റുചെയ്തത്.

ഗൊരഖ്പുരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്‌സിജന്‍ കിട്ടാതെ 60 കുട്ടികള്‍ മരിച്ച കേസില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചതോടെയാണ് ഡോ. കഫീല്‍ ഖാന്‍ വാര്‍ത്തകളിലിടം നേടിയത്. ഇതോടെ സര്‍ക്കാരിന്റെ നോട്ടപ്പുള്ളിയുമായി.

തുടര്‍ന്ന് ചികിത്സാപ്പിഴവുകള്‍ക്ക് ഉത്തരവാദിയെന്ന് മുദ്രകുത്തി കഫീല്‍ഖാനെതിരെ കേസെടുത്തു ജയിലിലടച്ചെങ്കിലും അന്വേഷണത്തില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്ന് കണ്ടെത്തി.

പിന്നീട് പൗരത്വ നിയമത്തിന് എതിരായ സമരത്തില്‍ നടത്തിയ പ്രസംഗത്തിന്റെ പേരില്‍ വീണ്ടും അറസ്റ്റു ചെയ്തു. ഈ കേസില്‍ കഴിഞ്ഞ ഫെബ്രുവരി 10ന് കോടതി ജാമ്യം നല്‍കിയെങ്കിലും യു.പി സര്‍ക്കാര്‍ ദേശീയ സുരക്ഷാ നിയമം ചുമത്തി വീണ്ടും ജയിലിലാക്കുകയായിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.