2023 June 02 Friday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘ഹാത്രസ് പെണ്‍കുട്ടിക്ക് നീതി ലഭിക്കണമെന്ന് പറയുന്നത് കുറ്റകൃത്യമാണോ?’ യു.പി സര്‍ക്കാര്‍ അഭിഭാഷകന് നേരെ രൂക്ഷമായ ചോദ്യങ്ങളുമായി സുപ്രിം കോടതി

ന്യൂഡല്‍ഹി: ഹാത്രസ് കൂട്ടബലാത്സംഗ കൊലക്കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകവെ യു.പി പൊലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ രൂക്ഷ പരാമര്‍ശങ്ങളുമായി സുപ്രിം കോടതി. ഹാത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നത് കുറ്റകൃത്യമാണോ എന്ന് കോടതി യു.പി സര്‍ക്കാര്‍ അഭിഭാഷകനായ അഡ്വ.ജെത്മലാനിയോട് ചോദിച്ചു. കസ്റ്റഡിയിലെടുക്കാന്‍ മാത്രം എന്താണ് കാപ്പന്റെ കയ്യില്‍ നിന്നും കണ്ടെടുത്തതെന്നും കോടതി ചോദിച്ചു. ഒരു ഐഡി കാര്‍ഡും ചില ലഘുലേഖകളുമെന്ന് യു.പി സര്‍ക്കാര്‍ അഭിഭാഷകന്‍ മറുപടി നല്‍കി. ഇതു മാത്രമാണോ എന്തെങ്കിലും സ്‌ഫോടക വസ്തു കണ്ടെടുത്തോ എന്നായിരുന്നു കോടതിയുടെ മറുചോദ്യം. ലഘുലേഖയാണോ കസ്റ്റഡിയിലെടുക്കാന്‍ കാരണമെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

കാപ്പന് എതിരായി കൂട്ടു പ്രതിയുടെ മൊഴിയുണ്ടെന്ന് യു.പി സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ കൂട്ടുപ്രതിയുടെ മൊഴി തെളിവായി കണക്കാക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഹാത്രസ് പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്ന് പറയുന്നത് കുറ്റകൃത്യമാണോ എന്നും കോടതി ചോദിച്ചു. കാറില്‍ നിന്ന് കണ്ടെടുത്ത് ലഘുലേഖകളില്‍ അപകടകരമായി എന്താണുള്ളതെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

2012ലെ നിര്‍ഭയ കേസ് പ്രതിഷേധവും കോടതി ഓര്‍മിപ്പിച്ചു. പൗരന് അഭിപ്രായ സ്വാതന്ത്ര്യമുള്ള നാടാണിതെന്നും കോടതി ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് യു.യു ലളിതിന്റെ നേതൃത്വത്തിലുള്ള ബെഞ്ച് സിദ്ദീഖ് കാപ്പന് ജാമ്യം അനുവദിച്ചിട്ടുണ്ട്. അന്വേഷണം പൂര്‍ത്തിയായ ശേഷമേ ജാമ്യം അനുവദിക്കാവൂവെന്ന യു.പി സര്‍ക്കാറിന്റെ ആവശ്യം കോടതി തള്ളിയാണ് കോടതി വിധി. രണ്ട് വര്‍ഷത്തെ തടവിന് ശേഷമാണ് കാപ്പന് ജാമ്യം ലഭിക്കുന്നത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.

ആറാഴ്ച ഡല്‍ഹിയില്‍ കഴിയണമെന്നും ഇവിടുത്തെ ലോക്കല്‍ പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യുകയും വേണം. അതുകഴിഞ്ഞ് കേരളത്തിലേക്ക് മടങ്ങാമെന്നും കോടതി അറിയിച്ചു. കേരളത്തിലെത്തിയാല്‍ ലോക്കല്‍ പൊലിസ് സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും നിര്‍ദേശമുണ്ട്. സാക്ഷികളെ സ്വാധീനിക്കരുതെന്നും മറ്റുമുള്ള കാര്യങ്ങളും ഉപാധിയിലുണ്ട്.

അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സുപ്രിം കോടതിയെ സമീപിച്ചത്. അതേസമയം, ജയില്‍ മോചിതനാകണമെങ്കില്‍ ഇ.ഡിയുടെ കേസിലും ജാമ്യം ലഭിക്കണം.

ഹാത്രസ് കേസ് റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുന്നതിനിടയിലാണ് യു.പി പൊലിസ് സിദ്ദീഖ് കാപ്പനെ അറസ്റ്റ് ചെയ്തത്. ഡല്‍ഹിക്ക് അടുത്ത് മഥുര ടോള്‍ പ്ലാസയില്‍ വെച്ച് 2020 ഒക്ടോബര്‍ അഞ്ചിനായിരുന്നു അറസ്റ്റ്. സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചു എന്നാരോപിച്ച് അറസ്റ്റ് ചെയ്ത ശേഷം സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുകയായിരുന്നു.

പിന്നീട് കാപ്പനെതിരെ യു.എ.പി.എ ചുമത്തി. കാപ്പനും സഹയാത്രികരും വര്‍ഗീയ കലാപം ഉണ്ടാക്കാനും സാമൂഹിക സൗഹാര്‍ദം തകര്‍ക്കാനും ശ്രമിച്ചെന്ന് ആരോപിച്ചാണ് യു.എ.പി.എ പ്രകാരം കേസെടുത്തത്. രാജ്യദ്രോഹം, ക്രിമിനല്‍ ഗൂഢാലോചന, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം എന്നീ വകുപ്പുകളും യു.പി പൊലിസ് കാപ്പനെതിരെ ചുമത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.