2023 December 06 Wednesday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

കൊവിഡ് വ്യാപന പ്രചാരണത്തിലെ ഇസ്‌ലാമോഫോബിയ

   

വിദ്വേഷ പ്രചാരണങ്ങള്‍ തടയാന്‍ ശക്തമായ നിയമം വേണമെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയത് കൊവിഡുമായി ബന്ധപ്പെട്ട് തബ്‌ലീഗ് ജമാഅത്തിനും മുസ്‌ലിംകള്‍ക്കുമെതിരേ ഇലക്ട്രോണിക് മാധ്യമങ്ങളില്‍ നടന്ന വ്യാപകമായ വ്യാജ പ്രചാരണത്തിനെതിരായ കേസിലാണ്. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ വേദിയൊരുക്കുകയും സര്‍ക്കാര്‍ നടപടിയെടുക്കാതെ മൂകസാക്ഷിയായി നില്‍ക്കുകയും ചെയ്യുകയാണെന്ന് അന്ന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. കൊവിഡ് വ്യാപനം പോലെ ഇസ്‌ലാമോഫോബിയ വളര്‍ത്താന്‍ ഉപയോഗിച്ച സംഭവങ്ങള്‍ സമീപകാലത്തുണ്ടായിട്ടില്ല. മുസ്‌ലിംകള്‍ മനഃപ്പൂര്‍വം രാജ്യത്ത് കൊവിഡ് പരത്തുന്നതായി സമൂഹമാധ്യമങ്ങളില്‍ മാത്രമല്ല, ഉത്തരവാദപ്പെട്ട മാധ്യമങ്ങളില്‍ വരെ പ്രചാരണമുണ്ടായി.

2020ലെ ആദ്യ കൊവിഡ് വ്യാപനകാലത്ത് മാര്‍ച്ചില്‍ ഡല്‍ഹിയില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഡല്‍ഹി നിസാമുദ്ദീനിലെ തബ് ലീഗ് ജമാഅത്ത് ആസ്ഥാനത്ത് പതിവുപോലെ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ വിദേശികളടക്കമുള്ള നൂറുകണക്കിന് പേരുണ്ടായിരുന്നു. അവര്‍ തിരിച്ചുപോകാനാവാതെ കുടുങ്ങി. അവര്‍ ഇട തിങ്ങിത്താമസിക്കുകയാണെന്നും നാട്ടിലെത്താന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ അപേക്ഷ പൊലിസ് പരിഗണിച്ചില്ല. അവിടെത്തന്നെ കഴിയാനായിരുന്നു നിര്‍ദേശം. പിന്നാലെ കൊവിഡ് മാര്‍ഗനിര്‍ദേശം ലംഘിച്ചുവെന്നാരോപിച്ച് സ്ഥാപന മേധാവി മൗലാനാ സഅദിനെതിരേ കേസെടുത്തു. പരിപാടിയില്‍ പങ്കെടുത്ത 36 വിദേശികള്‍ക്കെതിരേയും കേസെടുത്തു. അക്കാലത്ത് രാജ്യത്തെ ഗുരുദ്വാരകളിലടക്കം പലയിടങ്ങളിലും സമാനമായി ആളുകള്‍ കുടുങ്ങിപ്പോകുകയും അവിടെയും കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തിരുന്നു. ഇവര്‍ക്കെതിരേ സമാനമായ നടപടിയുണ്ടായില്ലെന്ന് മാത്രമല്ല, കേസുമെടുത്തില്ല.

 

ഡല്‍ഹിലെ ബി.എസ്.എഫ് ക്യംപില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോഴും ആരും ഒരു ആരോപണവുമുന്നയിച്ചില്ല. തബ്‌ലീഗുകാര്‍ മനപ്പൂര്‍വം കൊവിഡ് വ്യാപനം നടത്തുന്നുവെന്ന പ്രചാരണത്തിന് ആക്കം കിട്ടിയത് പൊലിസിന്റെ ഈ നടപടിയോടെയാണ്. എന്നാല്‍ അതെ വര്‍ഷം ഡിസംബറില്‍ 36 വിദേശികളെയും ഡല്‍ഹി കോടതി കുറ്റവിമുക്തരാക്കിയ വാര്‍ത്തക്ക് ഒരു പ്രധാന്യവും കിട്ടിയില്ല. പൊലിസിന് അന്വേഷണം പോലും നടത്താനായില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണം നടത്താന്‍ കുറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, തബ്‌ലീഗ് മര്‍ക്കസിലെ പള്ളി അടച്ചുപൂട്ടിയ നടപടി അതേ പടി തുടര്‍ന്നു. പള്ളി പൂര്‍ണമായും തുറന്നുകിട്ടുന്നത് കഴിഞ്ഞ നവംബറില്‍ ഹൈക്കോടതി ഉത്തരവോടെയാണ്.

കൊവിഡ് വ്യാപനം കഴിഞ്ഞിട്ടും കേസുകളൊന്നുമില്ലാതിരുന്നിട്ടും പള്ളി അടച്ചിടാന്‍ ഡല്‍ഹി പൊലിസ് ഓരോ കാരണങ്ങള്‍ പറഞ്ഞു കൊണ്ടിരുന്നു. പള്ളിയുടെ മേല്‍ ഉടമസ്ഥാവകാശ തര്‍ക്കമുണ്ടെന്നും പള്ളിയുടെ ഉടമസ്ഥത തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കിയാലേ പള്ളിയുടെ താക്കോല്‍ കൊടുക്കാനാവൂ എന്നായിരുന്നു ഡല്‍ഹി പൊലിസ് അവസാനമായി പറഞ്ഞ ന്യായം. എന്നാല്‍, കോടതി സമ്മതിച്ചില്ല. സിവില്‍ തര്‍ക്കത്തില്‍ പൊലിസിന് ഇടപെടാന്‍ അധികാരമില്ലായിരുന്നു. നിങ്ങള്‍ ആരുടെ കയ്യില്‍ നിന്നാണോ താക്കോല്‍ വാങ്ങിയത് അവര്‍ക്ക് തിരിച്ചുകൊടുക്കാനായിരുന്നു കോടതിയുത്തരവ്. ഒരു തെറ്റും ചെയ്യാതെ നീതിക്കായി കാത്തിരുന്നത് രണ്ടു വര്‍ഷത്തിലധികമാണ്. പൊലിസിന്റെ ഓരോ കഥകളും ഇസ്‌ലാം പേടിയില്‍ നിന്ന് രൂപം കൊണ്ടതായിരുന്നു.

തബ്‌ലീഗ് കേന്ദ്രം പൂട്ടിയിട്ട അതേ കാലത്ത് ഡല്‍ഹിയില്‍ പൊതു പരിപാടികള്‍ക്ക് വിലക്കുണ്ടായിരുന്നില്ല. രാഷ്ട്രീയപ്പാര്‍ട്ടികളുടെ യോഗങ്ങള്‍ നടന്നു. ഹരിദ്വാറിലും മറ്റും കുംഭമേളയും മറ്റു ആഘോഷങ്ങളും നടന്നു. തെരഞ്ഞെടുപ്പുകളും വിജയാഘോഷങ്ങളും നടന്നു. പള്ളി തുറക്കാനുള്ള വിലക്ക് വ്യക്തമായ വിവേചനമായിരുന്നു. പരിപാടിയില്‍ പങ്കെടുത്ത 36 വിദേശികളെ കരിമ്പട്ടികയില്‍പ്പെടുത്തിയതിനെതിരേ അവര്‍ നടത്തിയ നിയമപോരാട്ടവും ശ്രദ്ധേയമാണ്. വിസാ ചട്ടലംഘനമുണ്ടായെന്നായിരുന്നു ആഭ്യന്തരമന്ത്രാലയത്തിന്റെ വാദം. എന്നാല്‍, ഇത് കോടതിയില്‍ ചൂണ്ടിക്കാട്ടാന്‍ അവര്‍ക്കായില്ല. എല്ലാ കേസുകളും വിജയിച്ചാണ് അവര്‍ സ്വന്തം രാജ്യത്തേക്ക് തിരിച്ചു പോയത്. ഈ വിജയവും മാധ്യമങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടില്ല. വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്നവര്‍ക്ക് ടെലിവിഷന്‍ വാര്‍ത്താ ചാനലുകള്‍ വേദിയൊരുക്കുകയും സര്‍ക്കാര്‍ മൂകസാക്ഷിയായി നില്‍ക്കുകയും ചെയ്യുകയാണെന്ന് സുപ്രിംകോടതി കുറ്റപ്പെടുത്തിയത് ഈ സംഭവങ്ങള്‍ കൂടി ചൂണ്ടിക്കാട്ടിയാണ്. തബ്‌ലീഗ് ജമാഅത്ത് മാത്രമല്ല, ധര്‍മസന്‍സദുകളിലെ വിദ്വേഷ പ്രസംഗങ്ങള്‍, സുദര്‍ശന്‍ ടി.വിയിലെ യു.പി.എസ്.സി ജിഹാദ് പ്രചാരണം തുടങ്ങിയവയെല്ലാം ഇസ് ലാമോഫോബിയ വളര്‍ത്താന്‍ മനപ്പൂര്‍വ്വം ലക്ഷ്യംവച്ചുള്ളതായിരുന്നു. മുസ് ലിംകള്‍ സിവില്‍ സര്‍വീസ് പരീക്ഷയെഴുതി ജോലി നേടുന്നത് ഗൂഢാലോചനയാണെന്നായിരുന്നു യു.പി.എസ്.സി ജിഹാദ് പരിപാടിയിലെ വാദം. ഇതു സംബന്ധിച്ച കേസിലും സുപ്രിംകോടതി നടത്തിയ ഇടപെടല്‍ നിര്‍ണായകമാണ്. പരിപാടിയുടെ തുടര്‍ എപ്പിസോഡുകള്‍ കോടതി തടഞ്ഞുവെന്ന് മാത്രമല്ല, നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തു. പരിപാടി ചട്ടങ്ങള്‍ ലംഘിക്കുന്നതാണെന്ന് സമ്മതിച്ച കേന്ദ്ര സര്‍ക്കാര്‍ പക്ഷേ നടപടി മുന്നറിയിപ്പിലൊതുക്കി.

ഡല്‍ഹി ധര്‍മ സന്‍സദിലെ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ പൊലിസിന് മാസങ്ങള്‍ക്ക് ശേഷമെങ്കിലും കേസെടുക്കേണ്ടി വന്നത് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിന്റെ ശക്തമായ ഇടപെടല്‍ മൂലമായിരുന്നു. ഈ ഘട്ടങ്ങളിലെല്ലാം ഇത്തരം നടപടികള്‍ തടയാന്‍ ശരിയായ നിയമമില്ലാത്തതിന്റെ പോരായ്മ സുപ്രിംകോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഈ രാജ്യത്തെ നിങ്ങള്‍ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് ജസ്റ്റിസ് കെ.എം ജോസഫ് അധ്യക്ഷനായ ബെഞ്ച് ചോദിക്കുകയും ചെയ്തു. വിദ്വേഷ പ്രചാരണങ്ങള്‍ നിയന്ത്രിക്കുന്നത് സംബന്ധിച്ച കേന്ദ്ര നിയമ കമ്മിഷന്‍ നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മാര്‍ഗ രേഖ രൂപീകരിക്കാനൊരുങ്ങുകയാണ് സുപ്രിംകോടതി. ഇതിനായി സംസ്ഥാനങ്ങളുടെ നിര്‍ദേശങ്ങള്‍ ക്രോഡീകരിക്കാന്‍ മുതിര്‍ന്ന അഭിഭാഷകന്‍ സഞ്ജയ് ഹെഗ്‌ഡെയെ കോടതി ചുമതലപ്പെടുത്തിയിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.