2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

ഫാഷന്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാം; ‘നിഫ്റ്റില്‍’ വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫാഷന്‍ രംഗത്ത് മികച്ച കരിയര്‍ സ്വന്തമാക്കാം; ‘നിഫ്റ്റില്‍’ വിവിധ പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഫാഷന്‍ പഠനരംഗത്തെ ശ്രദ്ധേയസ്ഥാപനമായ എന്‍.ഐ.എഫ്.ടി (നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്‌നോളജി )യില്‍ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി അഞ്ചിനാണ് പ്രവേശന പരീക്ഷ. കണ്ണൂരിലടക്കം 18 ക്യാംപസുകളിലാണ് വിവിധ പ്രോഗ്രാമുകളുള്ളത്.

പ്രവേശന പരീക്ഷ
കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയാണ്. ബി.ഡിസ് പ്രവേശനത്തിന ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ്, ജനറല്‍ എബിലിറ്റി ടെസ്റ്റ് എന്നിവയില്‍ യോഗ്യത നേടിയ ശേഷം സിറ്റുവേഷന്‍ ടെസ്റ്റ് കൂടെ വിജയിക്കണം. ബി.എഫ് ടെക് പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റ് മാത്രമേയുള്ളൂ. എം. ഡിസ് പ്രോഗ്രാമിന് ജനറല്‍ എബിലിറ്റി ടെസ്റ്റ്, ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റ് എന്നിവയോടൊപ്പം ഇന്റര്‍വ്യൂവുമുണ്ടാകും. എം.എഫ്‌ടെക്, എം.എഫ്.എം പ്രോഗ്രാം പ്രവേശനത്തിന് ജനറല്‍ എബിലിറ്റി ടെസ്റ്റ്, ഇന്റര്‍വ്യൂ എന്നിവയാണുള്ളത്. മാതൃകാചോദ്യപേപ്പര്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ് .
എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ ഉള്‍പ്പെടെ അറുപതോളം പരീക്ഷാകേന്ദ്രങ്ങളുണ്ട്.
ജനുവരി മൂന്നാം വാരം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം. മാര്‍ച്ചില്‍ ഫലമറിയാം. സിറ്റുവേഷന്‍ ടെസ്റ്റ്/ഇന്റര്‍വ്യൂ എന്നിവ ഏപ്രിലില്‍ നടക്കും. ഏപ്രില്‍ അവസാന വാരത്തോടെ അന്തിമ ഫലം പ്രസിദ്ധീകരിക്കും.

അപേക്ഷ
ജനുവരി മൂന്നിനകം www.nift.ac.in വഴി അപേക്ഷിക്കണം. 2024 ല്‍ പ്ലസ്ടു പരീക്ഷ എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. 3000 രൂപയാണ് ഫീസ്. പട്ടിക,ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 1500 രൂപ മതി. ബി.ഡിസിനും ബി.എഫ്‌ടെക്കിനും അപേക്ഷിക്കുന്നവര്‍ 4500 രൂപ അടയ്ക്കണം( പട്ടിക ഭിന്നശേഷി വിഭാഗക്കാര്‍ക്ക് 2250 രൂപ) .5000 രൂപ ലേറ്റ് ഫീ യോടെ ജനുവരി 8 വരെയും അപേക്ഷ സമര്‍പ്പിക്കാം.

   

കാംപസുകള്‍
ബെംഗളൂരു, ഭോപാല്‍, ചെന്നൈ, ഗാന്ധിനഗര്‍, ഹൈദരാബാദ്, കണ്ണൂര്‍,കൊല്‍ക്കത്ത, മുംബൈ, ന്യൂഡല്‍ഹി, പട്‌ന, പഞ്ച്കുല, ദാമന്‍, റായ്ബറേലി, ഷില്ലോംഗ്, കംഗ്‌റ, ജോധ്പൂര്‍, ഭുവനേശ്വര്‍, ശ്രീനഗര്‍ എന്നിവ.

പ്രോഗ്രാമുകള്‍

ബിരുദതലം
ബാച്ചിലര്‍ ഓഫ് ഡിസൈന്‍
(ബി.ഡിസ്)
ഫാഷന്‍ ഡിസൈന്‍, ലതര്‍ ഡിസൈന്‍, അക്‌സസറി ഡിസൈന്‍ , ടെക്‌സ്‌റ്റൈല്‍ ഡിസൈന്‍, നിറ്റ് വിയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍ എന്നീ മേഖലകളില്‍ നാലുവര്‍ഷ പ്രോഗ്രാമുകള്‍. പ്ലസ് ടു ഏത് സ്ട്രീമുകാര്‍ക്കും അപേക്ഷിക്കാം.
ബാച്ചിലര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി (ബി.എഫ്.ടെക്)
നാലുവര്‍ഷ പ്രോഗ്രാം. പ്ലസ്ടുവില്‍ ഫിസിക്‌സ്, മാത്തമാറ്റിക്‌സ് വിഷയങ്ങള്‍ പഠിച്ചിരിക്കണം. 3/4 വര്‍ഷ എന്‍ജിനീയറിംഗ് ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്കും അപേക്ഷിക്കാം.

ബിരുദാനന്തര ബിരുദതലം
മാസ്റ്റര്‍ ഓഫ് ഡിസൈന്‍ (എം.ഡിസ്)
രണ്ടുവര്‍ഷ പ്രോഗ്രാം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബിരുദം, എന്‍.ഐ.ഡി / എന്‍.ഐ.എഫ്.ടിയില്‍നിന്നുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ എന്നിവയാണ്

യോഗ്യത.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ മാനേജ്‌മെന്റ് (എം.എഫ്.എം)
രണ്ടു വര്‍ഷ പ്രോഗ്രാം. അംഗീകൃത സര്‍വകശാലയില്‍നിന്നുള്ള ബിരുദം,എന്‍.ഐ.ഡി / എന്‍.ഐ.എഫ്.ടിയില്‍ നിന്നുള്ള മൂന്ന് വര്‍ഷ ഡിപ്ലോമ എന്നിവയാണ് യോഗ്യത.
മാസ്റ്റര്‍ ഓഫ് ഫാഷന്‍ ടെക്‌നോളജി(എം.എഫ് ടെക്)
രണ്ടുവര്‍ഷ പ്രോഗ്രാം. എന്‍.ഐ.എഫ്.ടിയില്‍ നിന്നുള്ള ബി.എഫ്.ടെക് / ഏതെങ്കിലും സ്ട്രീമിലുള്ള ബി.ടെക് നേടിയിരിക്കണം.

കണ്ണൂര്‍ ക്യാമ്പസിലെ പ്രോഗ്രാമുകള്‍

ബി.ഡിസ് (ഫാഷന്‍ ഡിസൈന്‍, ടെക്‌സ്റ്റൈല്‍ ഡിസൈന്‍, നിറ്റ് വിയര്‍ ഡിസൈന്‍, ഫാഷന്‍ കമ്മ്യൂണിക്കേഷന്‍), ബി.എഫ്‌ടെക് (അപ്പാരല്‍ പ്രൊഡക്ഷന്‍). കൂടാതെ എം.ഡിസ്, എം.എഫ്.എം എന്നീ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുണ്ട്. ഓരോ പ്രോഗ്രാമിലും 34 സീറ്റുകള്‍ വീതം. കേരളത്തില്‍ പ്ലസ് ടു പൂര്‍ത്തിയാക്കിയവര്‍ക്ക് ഓരോ പ്രോഗ്രാമിലും ഏഴ് സീറ്റുകള്‍ (ഡൊമിസൈല്‍ സീറ്റുകള്‍) വീതം അധികമായുണ്ട്. മൂന്ന് സീറ്റുകള്‍ വീതം എന്‍.ആര്‍.ഐ/ ഫോറിന്‍ നേഷനല്‍ കാറ്റഗറിയിലുമുണ്ട്.

പി.കെ അന്‍വര്‍ മുട്ടാഞ്ചേരി
കരിയര്‍ വിദഗ്ധന്‍ anver@live.in


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.