ന്യൂഡല്‍ഹി: ഡല്‍ഹി വിമാനത്താവളത്തിലെ തിരക്ക് കുറക്കാന്‍ നിര്‍ദ്ദേശവുമായി ഇന്‍ഡിഗോ വിമാനക്കമ്പനി. ആഭ്യന്തര യാത്രയ്ക്ക് 3.5 മണിക്കൂര്‍ മുന്‍പ് വിമാനത്താവളത്തില്‍ എത്തണം. 7 കിലോ വരെയുള്ള ഒരു ഹാന്‍ഡ് ബാഗ് മാത്രം അനുവദിക്കുകയൊള്ളൂ തുടങ്ങിയ നിര്‍ദേശങ്ങളാണ് ഇന്‍ഡിഗോ മുന്നോട്ട് വെച്ചിരിക്കുന്നത്. സുരക്ഷാ പരിശോധന വേഗത്തിലാക്കാന്‍ ഇതുസഹായിക്കുമെന്നാണ് വിമാനക്കമ്പനി പറയുന്നത്.
വിമാനത്താവളത്തില്‍ നടപടികള്‍ക്ക് കാലതാമസം നേരിടുന്നുവെന്ന പരാതിയുമായി യാത്രക്കാരെത്തിയിരുന്നു. ഞായറാഴ്ച പല യാത്രക്കാര്‍ക്കും മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. പലരും സമൂഹ മാധ്യമങ്ങളില്‍ ഇന്ദിര ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന്റെ മൂന്നാം ടെര്‍മിനലിലെ തിരക്ക് സംബന്ധിച്ച് ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു.
സോഷ്യല്‍മീഡിയയിലടക്കം യാത്രക്കാര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വിമാനത്താവളത്തില്‍ പരിശോധന നടത്തുകയും ചെയ്തിരുന്നു. അദ്ദേഹം വിമാനത്താവള അധികൃതരും സുരക്ഷാ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു. തിരക്കുള്ള സമയങ്ങളില്‍ യാത്രക്കാര്‍ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രമന്ത്രി വിമാനക്കമ്പനികളോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്റിഗോ നിര്‍ദേശങ്ങളുമായി മുന്നോട്ട് വന്നത്.രാജ്യത്ത് ഏറ്റവും കൂടുതല്‍ ആഭ്യന്തര സര്‍വീസ് നടത്തുന്ന വിമാനക്കമ്പനിയാണ് ഇന്‍ഡിഗോ.
യാത്രക്കാരെ സഹായിക്കാന്‍ ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ടെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചിരുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാനത്താവളമാണ് ഇന്ദിരാഗാന്ധി വിമാനത്താവളം. മൂന്ന് ടെര്‍മിനലുകളാണ് ഉള്ളത്. അന്താരാഷ്ട്ര വിമാനങ്ങളും ആഭ്യന്തര സര്‍വീസുകളും മൂന്നാം ടെര്‍മലിനലിലാണ് പ്രവര്‍ത്തിക്കുന്നത്.
Comments are closed for this post.