2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ ഇന്നറിയാം

ന്യൂഡല്‍ഹി: ഇന്ത്യയുടെ 15ാമത് രാഷ്ട്രപതിയെ ഇന്നറിയാം. 11 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. വൈകുന്നേരം വോട്ടെണ്ണല്‍ പൂര്‍ത്തിയാവും. മുഖ്യവരണാധികാരിയായ രാജ്യസഭ സെക്രട്ടറി പി.സി.മോദി ഫലപ്രഖ്യാപനം നടത്തും. എന്‍.ഡി.എ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മുവും പ്രതിപക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയും തമ്മിലാണ് മത്സരം.

മുര്‍മുവിന് വ്യക്തമായ മുന്‍തൂക്കമുണ്ട്. ഭൂരിപക്ഷം വര്‍ധിക്കുമെന്ന് എന്‍.ഡി.എയുടെ പ്രതീക്ഷ. ആകെ 4025 എംഎല്‍എമാര്‍ക്കും 771 എം പിമാര്‍ക്കുമാണ് വോട്ടുണ്ടായിരുന്നത്. ഇതില്‍ 99 ശതമാനം പേര്‍ വോട്ടു ചെയ്തു. 60 ശതമാനത്തിലധികം വോട്ട് ഉറപ്പാക്കിയ എന്‍ഡിഎ സ്ഥാനാര്‍ഥി ദ്രൗപദി മുര്‍മു വിജയം ഉറപ്പിച്ചിട്ടുണ്ട്. 38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് യശ്വന്ത് സിന്‍ഹക്കുള്ളത്.

ഒഡിഷ സ്വദേശിയും ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ബി.ജെ.പി നേതാവുമാണ് ദ്രൗപദി മുര്‍മു. വിജയിക്കാനാവശ്യമായ പിന്തുണ ഉറപ്പിച്ച ശേഷമാണ് ദ്രൗപതി മുര്‍മുവിനെ സ്ഥാനാര്‍ഥിത്വം എന്‍.ഡി.എ പ്രഖ്യാപിച്ചത്. 5.33 ലക്ഷമായിരുന്നു ആദ്യ ഘട്ടത്തില്‍ എന്‍.ഡി.എയുടെ വോട്ട് മൂല്യം. പിന്നീട് ഘട്ടം ഘട്ടമായി വോട്ട് മൂല്യം വര്‍ധിച്ചു. ശിവസേന, ജെ.എം.എം തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് കൂടി പിന്തുണ ലഭിച്ചതോടെ വോട്ട് മൂല്യം 6.61 ലേക്ക് ഉയര്‍ന്നു. പൊതു സമ്മതന്‍ എന്ന നിലയിലാണ് യശ്വന്ത് സിന്‍ഹയെ പ്രതിപക്ഷം സ്ഥാനാര്‍ഥിയാക്കിയത്.

38 പ്രതിപക്ഷ പാര്‍ട്ടികളുടെ പിന്തുണയാണ് സിന്‍ഹയ്ക്കുളളത്. 4.13 ലക്ഷമാണ് പ്രതീക്ഷിക്കുന്ന വോട്ട് മൂല്യം. ഇതില്‍ നിന്നും വോട്ട് കുറയുമോ എന്ന ആശങ്ക പ്രതിപക്ഷ ക്യാമ്പിനുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.