2023 December 03 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

റോഹിങ്ക്യന്‍ കണ്ണീര്‍, ഡല്‍ഹി വംശഹത്യ, കൊവിഡ് കാലത്തെ ഇന്ത്യ….ദാനിഷിന്റെ കാമറ ലോകത്തിനു മുന്നില്‍ കാണിച്ചത് നേര്‍ക്കാഴ്ചകളുടെ നോവ്

   

പൊള്ളുന്ന സൂര്യനു കീഴെ കടല്‍ക്കരയില്‍ തിരയടിച്ചു പോയൊരു മണലില്‍ കൈകുത്തി തളര്‍ന്നിരുന്ന് പൊള്ളുന്നൊരു സ്ത്രീ. അവര്‍ക്കു പിറകില്‍ തങ്ങളുടെ ശേഷിപ്പുകള്‍ കുഞ്ഞു തോണിയിലേക്ക് കയറ്റുന്ന കുറച്ചാളുകള്‍. സ്വന്തം ജീവനും കൊണ്ട് ബംഗ്ലാദേശിന്റെ സുരക്ഷിതത്വത്തിലേക്ക് യാത്രപോകാനൊരുങ്ങുന്ന റോഹിങ്ക്യകളായിരുന്നു അത്. അഫഗാനില്‍ കൊല്ലപ്പെട്ട ദാനിഷിന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത ഒരു ദൃശ്യം. ഫീച്ചര്‍ ഫോട്ടഗ്രാഫിയില്‍ 2018ലെ പുലിസ്റ്റര്‍ പുരസ്‌ക്കാരം കരസ്ഥമാക്കിയ ചിത്രങ്ങളിലൊന്നാണിത്. അദനാന്‍ ആബിദി എന്ന ഇന്ത്യന്‍ ഫോട്ടോഗ്രാഫര്‍ കൂടിയുണ്ടായിരുന്നു ഈ പുരസ്‌ക്കാരം പങ്കിടാന്‍.

സുഹൃത്തുക്കളുടെ സഹായത്തോടെ വാങ്ങിയ കാമറയുമായാണ് ദാനിഷ് തന്റെ ഫോട്ടോഗ്രാഫര്‍ ആയിട്ടുള്ള ജീവിതം ആരംഭിച്ചത്. തന്റെ മുന്നിലുള്ള കാവ്ചകളുടെ വൈകാരികതയില്‍ വീണുപോകരുതെന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

‘ശബ്ദങ്ങളില്ലാതെ ജനങ്ങളുടെ കഥ പറയുന്നതായിരിക്കണം ഫോട്ടോകള്‍’ ദാനിഷ് പറഞ്ഞ വാക്കുകളാണിത്. ദാനിഷിന്റെ ഓരോ ചിത്രങ്ങളും അങ്ങിനെയായിരുന്നു. ജനജീവിതങ്ങളുടെ പച്ചയായ നേര്‍ക്കാഴ്ചകള്‍. ദുരന്ത ഭൂമിയിലെ നോവുകള്‍ അധികാരം മറച്ചു പിടിച്ച സത്യങ്ങളിലേക്ക് മിന്നിയ ഫഌഷുകള്‍. ബംഗ്ലാദേശിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥി ക്യാംപുകളില്‍ മൂന്നാഴ്ച ചെലവഴിച്ചു അദ്ദേഹം.

ഇന്ത്യന്‍ കൊവിഡ് കാലത്തിന്‍രെ നേര്‍ക്കാഴ്ചകള്‍ ലോകത്തിനു മുന്നില്‍ തുറന്നു കാട്ടി അദ്ദേഹത്തിന്റെ ചിത്രങ്ങള്‍. ഡല്‍ഹിയിലെ ഒരു ശ്മശാനത്തില്‍ മൃതദേഹങ്ങള്‍ കത്തിക്കുന്നതിന്റെ ചിത്രമായിരുന്നു അത്. ലോക്കഡൗണ്‍ കാലത്തെ അതിഥി തൊഴിലാളികളുടെ നടത്തവും അദ്ദേഹത്തിന്റെ ഒരു ശ്രദ്ധേയ ചിത്രമായിരുന്നു. ഡല്‍ഹി വംശഹത്യക്കിടെ ഒരു യുവാവിനെ ആള്‍ക്കൂട്ടം വളഞ്ഞിട്ടാക്രമിക്കുന്ന ചിത്രവും ലോകം കണ്ടു. സി.എ.എ പ്രതിഷേധക്കാര്‍ക്കു നേരെ ചതോക്കു ചൂണ്ടി നില്‍ക്കുന്ന യുവാവിന്‍രെ ചിത്രവും ദാനിഷിന്റെ കാമറകള്‍ ഒപ്പിയെടുത്തത് തന്നെ.

അഫ്ഗാനിസ്താനിലെ സ്പിന്‍ ബോല്‍ഡാകില്‍ നടന്ന ഏറ്റുമുട്ടലിലാണ് അദ്ദേഹം കൊല്ലപ്പെട്ടത്. അഫ്ഗാനിസ്താനില്‍ യുഎസ് സൈന്യം പിന്മാറിയ ശേഷമുള്ള സ്ഥിതിഗതികള്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയതായിരുന്നു റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ കൂടിയായ ദാനിഷ് സിദ്ദീഖി.

ഡല്‍ഹി ജാമിഅ മില്ലിയ്യ സര്‍വകലാശാലയില്‍നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ സിദ്ദീഖി ജാമിഅയില്‍ തന്നെ മാധ്യമപഠനത്തിന് ചേര്‍ന്നു. ടെലിവിഷന്‍ ന്യൂസ് കറസ്‌പോണ്ടന്റ് ആയാണ് മാധ്യമപ്രവര്‍ത്തനം ആരംഭിച്ചത്. 2010ല്‍ റോയിട്ടേഴ്‌സിലെ ചീഫ് ഫോട്ടോഗ്രാഫറുടെ ഇന്റേണ്‍ ആയി ഫോട്ടോഗ്രാഫി മേഖലയിലേക്ക് കടന്നു. 2016-17 മൊസൂള്‍ യുദ്ധം, 2015ലെ നേപ്പാള്‍ ഭൂകമ്പം,, ഹോങ്കോങ് പ്രതിഷേധം തുടങ്ങി അദ്ദേഹത്തിന്റെ കാമറക്കണ്ണുകള്‍ ഒപ്പിയെടുത്ത സംഭവങ്ങള്‍ നിരവധി.

ഡല്‍ഹി വംശഹത്യക്കിടെ ഇദ്ദേഹം പകര്‍ത്തിയ ഒരു ചിത്രം 2020ലെ ഏറ്റവും മികച്ച ചിത്രമായി റോയിട്ടേഴ്‌സ് തെരഞ്ഞെടുത്തിട്ടുണ്ട്. റോയിട്ടേഴ്‌സ് പിക്‌ചേഴ്‌സ് ടീം ഇന്ത്യയുടെ മേധാവിയായിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.