2024 February 25 Sunday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

വിലക്കയറ്റം തടയാന്‍ കേന്ദ്രം; പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം; സണ്‍ ഫഌവര്‍ ഓയിലിന്റെ ഇറക്കുമതി തീരുവ എടുത്തു കളഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്തെ വിലക്കയറ്റം പിടിച്ചുനിര്‍ത്താനുള്ള നടപടികളുമായി കേന്ദ്ര സര്‍ക്കാര്‍. ജൂണ്‍ ഒന്ന് മുതല്‍ പഞ്ചസാര കയറ്റുമതിയില്‍ നിയന്ത്രണം. ഭക്ഷ്യ എണ്ണയുടെ വിലയും നിയന്ത്രിക്കും.
ആഭ്യന്തര വിലയിലെ കുതിച്ചുചാട്ടം തടയാന്‍ സര്‍ക്കാര്‍ ഇന്ത്യയില്‍ നിന്നുള്ള പഞ്ചസാര കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തുമെന്ന് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. ആറ് വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യ പഞ്ചസാര കയറ്റുമതി നിയന്ത്രിക്കുന്നത്. സോയാബീന്‍, സണ്‍ഫഌര്‍ എണ്ണ എന്നിവയുടെ ഇറക്കുമതി തീരുവ കേന്ദ്രം എടുത്തുകളഞ്ഞു. 20 ലക്ഷം മെട്രിക് ടണ്‍ വരെയുള്ള ഇറക്കുമതിക്ക് രണ്ടു വര്‍ഷത്തേക്കാണ് തീരുവ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന ഇളവ് 2024 മാര്‍ച്ച് 31വരെ തുടരും.

ലോകത്തിലെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദകരായ ഇന്ത്യക്ക് ഏറ്റവും കൂടുതല്‍ പഞ്ചസാര കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ്. ബ്രസീലാണ് ഒന്നാം സ്ഥാനത്ത്. ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാന്‍, ശ്രീലങ്ക, ബംഗ്ലാദേശ്, യുഎഇ, മലേഷ്യ, ആഫ്രിക്ക എന്നീ രാജ്യങ്ങളിലേക്കാണ് ഇന്ത്യ കൂടുതലായും പഞ്ചസാര കയറ്റുമതി ചെയ്യുന്നത്. ഈ സാമ്പത്തിക വര്‍ഷം ആരംഭിച്ച്, മെയ് 18 വരെ 75 ലക്ഷം ടണ്‍ പഞ്ചസാരയാണ് ഇന്ത്യ കയറ്റുമതി ചെയ്തത്.

നിലവില്‍ കിലോയ്ക്ക് ഏകദേശം 41.50 രൂപയാണ് രാജ്യത്തെ പഞ്ചസാരയുടെ ശരാശരി ചില്ലറ വില്‍പ്പന വില. വരും മാസങ്ങളില്‍ ഇത് 4043 രൂപയില്‍ എത്താനാണ് സാധ്യത. കഴിഞ്ഞ 5 വര്‍ഷത്തിനിടെ രാജ്യത്തെ പഞ്ചസാര ഉത്പാദനം വര്‍ധിപ്പിക്കാനും കയറ്റുമതി സുഗമമാക്കുന്നതിനുമായി ഏകദേശം 14,456 കോടി രൂപയാണ് സര്‍ക്കാര്‍ പഞ്ചസാര മില്ലുകള്‍ക്ക് അനുവദിച്ചത്.

   

ലോകത്ത് ഏറ്റവും കൂടുതല്‍ ഭക്ഷ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. രാജ്യത്ത് ഉപയോഗിക്കുന്ന ഭക്ഷ്യ എണ്ണയുടെ മൂന്നില്‍ രണ്ടുഭാഗവും ഇറക്കുമതി ചെയ്യുന്നതാണ്. കരിങ്കടല്‍ മേഖലയില്‍ നിന്നുള്ള സൂര്യകാന്തിയുടെ വിതരണത്തില്‍ ഉണ്ടായ കുത്തനെയുള്ള ഇടിവ് സണ്‍ഫഌര്‍ ഓയിലിന് പ്രാദേശിക വിപണി വില കൂടുതല്‍ ഉയര്‍ത്തി.

പാം ഓയില്‍, സോയാബീന്‍ എണ്ണ, സണ്‍ഫഌര്‍ ഓയില്‍ എന്നിവയുടെ അടിസ്ഥാന ഇറക്കുമതി നികുതി നേരത്തെതന്നെ എടുത്ത് കളഞ്ഞിരുന്നു. എന്നാല്‍ ഇവയ്ക്ക് കാര്‍ഷിക അടിസ്ഥാന വികസ സെസ് എന്നപേരില്‍ പിരിച്ചിരുന്ന അഞ്ചു ശതമാനം നികുതി നിലനിന്നിരുന്നു. പുതിയ ഉത്തരവോടെ ഇതും എടുത്ത് കളഞ്ഞിരിക്കുകയാണ്.

ഭക്ഷ്യ എണ്ണയ്ക്ക് സമീപകാലത്ത് ഇരട്ടിയോളം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തോടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതില്‍ സര്‍ക്കാരിനെ കൂടുതല്‍ ബുദ്ധിമുട്ടിലാക്കി.

ലോകത്തിലെ സൂര്യകാന്തി എണ്ണ ഉല്‍പാദനത്തിന്റെ 60% വും കയറ്റുമതിയുടെ 76% വും കരിങ്കടല്‍ മേഖലാ രാജ്യങ്ങളില്‍ നിന്നാണ്, അര്‍ജന്റീന, ബ്രസീല്‍,യുഎസ്എ എന്നിവയാണ് ഇന്ത്യയിലേക്കുള്ള പ്രധാന സോയാബീന്‍ എണ്ണ വിതരണക്കാര്‍. പാം ഓയിലിന്റെ പ്രധാന വിതരണക്കാരായ ഇന്‍ഡോനേഷ്യ അടുത്തിടെ കയറ്റുമതി നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇന്ത്യ സോയാബീന്‍ എണ്ണ കൂടുതല്‍ ഇറക്കുമതി ചെയ്തിരുന്നു.

നേരത്തെ വിപണിയില്‍ കുതിച്ചുയരുന്ന ഗോതമ്പ് വില നിയന്ത്രിക്കുന്നത്തിന്റെ ഭാഗമായി ഇന്ത്യ ഗോതമ്പു കയറ്റുമതി നിരോധിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഗോതമ്പ് ഉത്പാദക രാജ്യമാണ് ഇന്ത്യ.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.