ഹൈദരാബാദ്: സ്വാതന്ത്ര്യത്തിന്റെ ആറ് പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ജാതി ബാധ വിട്ടൊഴിഞ്ഞിട്ടില്ല ഇന്ത്യയിൽ. ദലിതരുടെ കുടിവെള്ള ടാങ്കിൽ മലം കലർത്തിയിരിക്കുകയാണ് തമിഴ്‌നാട്ടിലെ ഒരു ഗ്രാമത്തിൽ. നൂറോളം ദലിത് കുടുംബങ്ങൾ വെള്ളം ഉപയോഗിക്കുന്ന 10000 ലിറ്ററിന്റെ ടാങ്കിൽ വലിയ അളവിൽ മലം കലർത്തിയിട്ടുണ്ട്. അടുത്ത കാലത്തായി ഇവരുടെ കുട്ടികൾക്ക് പലതരത്തിലുള്ള രോഗങ്ങൾ വന്നതിനെ തുടർന്ന് കുടിവെള്ളം പരിശോധിക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് ടാങ്കിൽ അഴുക്ക് കലർന്നത് ശ്രദ്ധയിൽ പെട്ടത്. കുറച്ചു ദിവസമായി വെള്ളത്തിന് മഞ്ഞനിറമായിരുന്നു. എന്നാൽ ഇത് ശ്രദ്ധിക്കാതെ കഴിഞ്ഞ ഒരാഴ്ചയോളമായി ഇവർ ഈ വെള്ളം തന്നെയാണത്രെ ഉപയോഗിച്ചിരുന്നത്. മുകളിൽ കയറി നോക്കിയപ്പോൾ ടാങ്കിന്റെ മൂടി തുറന്ന നിലയിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. എന്നാൽ സംശയിക്കത്തക്ക രീതിയിൽ സമീപത്തൊന്നും ആരേയും കണ്ടിട്ടില്ലെന്നും ഇവർ വ്യക്തമാക്കി.
സംഭവം അന്വേഷിച്ച് പോയ പൊലിസ് ഉദ്യോഗസ്ഥർക്ക് അതിഭീകരമായ അവസ്ഥയാണ് ഗ്രാമത്തിൽ കണ്ടെത്താൻ കഴിഞ്ഞത്. തൊട്ടു കൂടായ്മയും തീണ്ടിക്കൂടായ്മയും പുലർത്തുന്നവരാണ് ഗ്രാമവാസികൾ. ഗ്രാമത്തിലെ ചായക്കടയിൽ രണ്ടു തരം ഗ്ലാസാണ് ഉപയോഗിക്കുന്നത്. കടയുടമക്കെതിരെ കേസെടുത്തതായി പൊലിസ് വ്യക്തമാക്കി.
താഴ്ന്ന ജാതിയിൽ പെട്ടവരെ ഇവിടെ ക്ഷേത്രത്തിൽ കയറാൻ അനുവദിക്കുന്നില്ല. തന്റെ ജീവിതത്തിൽ ഇതുവരെ താൻ ക്ഷേത്രത്തിൽ കയറിയിട്ടില്ലെന്ന് 22 കാരിയായ വിദ്യാർത്ഥിനി പറയുന്നു. മാത്തമാറ്റിക്‌സ് ബിരുദധാരി കൂടിയാണ് ഇവർ. കഴിഞ്ഞ മൂന്നു തലമുറകളായി തങ്ങൾ ക്ഷേത്രത്തിൽ നിന്ന് അകറ്റി നിർത്തപ്പെടുകയാണെന്ന് അവർ കൂട്ടിച്ചേർത്തു.
Comments are closed for this post.