ഡല്‍ഹി: സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍.വി.രമണ ഇന്ന് വിരമിക്കും. രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തില്‍ മുഖ്യന്യായാധിപനായി ഒന്നരവര്‍ഷത്തെ സേവനത്തിന് ശേഷമാണ് പടിയിറക്കം. ജസ്റ്റിസ് യു.യു.ലളിത് ചീഫ് ജസ്റ്റിസായി നാളെ ചുമതലയേല്‍ക്കും.
സുപ്രധാനമായ അഞ്ചു കേസുകളാണ് വിടവാങ്ങല്‍ ദിനത്തില്‍ ചീഫ് ജസ്റ്റിസ് എന്‍.വി.രമണക്കു മുന്നിലെത്തുന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30ഓടെയാണ് ഇന്ന് പരിഗണിക്കുന്ന കേസുകളുടെ ലിസ്റ്റ് പുറത്തു വിട്ടത്. ജസ്റ്റിസ് എന്‍.വി രമണക്കൊപ്പം ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് സി.ടി രവികുമാര്‍ എന്നിവരടങ്ങുന്നതാണ് ബെഞ്ച്.
തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ടതാണ് ആദ്യത്തെ കേസ്. തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി നേതാവ് അശ്വിനി ഉപാധ്യായ ആണ് ഹരജി നല്‍കിയിട്ടുള്ളത്.
തെരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നല്‍കുന്ന വാഗ്ദാനങ്ങള്‍ വിലക്കാനാകില്ലെന്ന് സുപ്രിംകോടതി കഴിഞ്ഞ ദിവസം ഹരജി പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു. ധ്യതി പിടിച്ച് തീരുമാനമെടുക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. പൊതുപണം ചെലവഴിക്കുന്നത് ശരിയായ മാര്‍ഗത്തിലാണോ എന്നതിലാണ് ആശങ്കയെന്ന് അറിയിച്ച് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് എന്താണ് സൗജന്യക്ഷേമ പദ്ധതികള്‍ എന്ന് നിര്‍വചിക്കേണ്ടതുണ്ടന്നും ചൂണ്ടിക്കാട്ടിയിരുന്നു.
ഗോരഖ്പൂരില്‍ നിരവധി അക്രമസംഭവങ്ങള്‍ക്ക് കാരണമായ വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും മറ്റുള്ളവരെയും പ്രോസിക്യൂട്ട് ചെയ്യുന്നതിനുള്ള അനുമതി നിഷേധിച്ച ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ നടപടിക്കെതിരായതാണ് മറ്റൊരു ഹരജി. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പര്‍വേസ് പര്‍വാസ് ആണ് ഹരജിക്കാരന്‍. 2007 ലാണ് ഹരജിക്കാസ്പദമായ സംഭവം. കര്‍ണാടക ഖനന കേസും ഇന്ന് പരിഗണിക്കുന്നുണ്ട്. രാജസ്ഥാന്‍ ഖനനകേസ് ആണ് പരിഗണിക്കുന്ന മറ്റൊന്ന്.
സുപ്രിംകോടതിയിലെ ന്യായാധിപ കസേരയില്‍ എട്ടു വര്‍ഷം.അധ്യക്ഷനായും സഹജഡ്ജിയും 657 ബെഞ്ചുകള്‍. 174 വിധി ന്യായങ്ങള്‍…വിരമിക്കുന്നതിന്റെ തലേന്ന് പോലും ED കേസിലെ വിധി പുന പരിശോധിക്കാന്‍ നോട്ടിസ്, ബില്‍ക്കിസ് ബാനു കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരെ നോട്ടിസ്, പെഗാസസ് റിപ്പോര്‍ട്ട് ആശങ്ക ഉണ്ടാക്കുന്നതായി പ്രതികരണം എന്നിങ്ങനെ അവസാന മണിക്കൂറില്‍ പോലും നീതിയുടെ തീപ്പൊരി ശേഷിപ്പിച്ചാണ് എന്‍.വി.രമണ വിടവാങ്ങുന്നത്.
മാധ്യമപ്രവര്‍ത്തകനായാണ് അദ്ദേഹത്തിന്റെ തുടക്കം. 1979 കാലഘട്ടത്തില്‍ ഈനാട് പത്രത്തിന്റെ റിപ്പോര്‍ട്ടറായിരുന്നു. 2013ല്‍ ആന്ധ്രാപ്രദേശ് ഹൈക്കോടതി ജഡ്ജിയായ എന്‍.വി രമണ 2013ല്‍ ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയും 2014ല്‍ സുപ്രിംകോടതി ജഡ്ജി ആയും സ്ഥാനമേറ്റു.
ആന്ധ്രാപ്രദേശിലെ കൃഷ്ണാജില്ലയിലെ പൊന്നാവരം ഗ്രാമത്തിലെ കര്‍ഷകകുടുംബത്തിലാണ് ജനനം.
രാജ്യദ്രോഹകേസുകള്‍ വേട്ടയാടല്‍ ആയപ്പോള്‍ അതിര് നിശ്ചയിച്ച രമണ സീല്‍ഡ് കവര്‍ സംസ്‌കാരത്തെ സുപ്രിം കോടതിയുടെ പടിക്കു പുറത്ത് നിര്‍ത്തി. ഹരജി ഫയല്‍ ചെയ്യാതെ തന്നെ ഡല്‍ഹി ഷഹീന്‍ ബാഗിലെ പൊളിക്കല്‍ തടഞ്ഞ സിപിഎം നേതാവ് ബ്രിന്ദ കരാട്ടിന്റെ ആവശ്യവും അദ്ദേഹം പരിഗണിച്ചു.
എന്നാല്‍ ഹിജാബ്, പൗരത്വ ഭേദഗതി, ജമ്മു കാശ്മീര്‍ വിഭജനം തുടങ്ങിയ ദേശീയ പ്രാധാന്യമുള്ള അര്‍ഹിക്കുന്നവിഷയങ്ങളില്‍ സ്പര്‍ശിച്ചതേയില്ല എന്നതും ശ്രദ്ധേയമാണ്.
Comments are closed for this post.