2023 June 01 Thursday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

‘അധികാരം നഷ്ടപ്പെട്ട ഞാന്‍ കൂടുതല്‍ അപകടകാരി’ മുന്നറിയിപ്പുമായി ഇംറാന്‍ ഖാന്‍

ഇസ്‌ലാമാബാദ്: പ്രധാനമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതിന് പിന്നാലെ ഇനി താന്‍ കൂടുതല്‍ അപകടകാരിയാകുമെന്ന മുന്നറിയിപ്പുമായി ഇംറാന്‍ ഖാന്‍. അധികാരത്തിലുള്ള സമയത്ത് താന്‍ അപകടകാരിയായിരുന്നില്ല. എന്നാല്‍ ഇനി കൂടുതല്‍ അപകടകാരിയാകും എന്നായിരുന്നു ഇംറാന്റെ പ്രസ്താവന. പെഷവാറിലെ ഒരു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

തനിക്കെതിരെ അവിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന് മുന്‍പ് പാതിരാത്രിയില്‍ പാക് സുപ്രിംകോടതി ചേര്‍ന്നത് എന്തിനായിരുന്നുവെന്നും ഇംറാന്‍ ചോദിച്ചു. ‘പാതിരാത്രിയില്‍ കോടതി ചേര്‍ന്നതെന്തിനായിരുന്നു. ഞാനെന്തെങ്കിലും നിയമം ലംഘിച്ചിരുന്നോ’- ഇംറാന്‍ ചോദിച്ചു.

തനിക്കെതിരെ ഗൂഢാലോചന നടന്നു. കോടതി സ്വതന്ത്രമായി പ്രവര്‍ത്തിച്ചില്ല. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. എന്നിട്ടും എന്തൊക്കെയാണ് അന്ന് സംഭവിച്ചതെന്ന് ഇംറാന്‍ റാലിയില്‍ ചോദിച്ചു. തന്റെ രാഷ്ട്രീയ ജീവിതത്തില്‍ ഒരിക്കലും നിയമ വ്യവസ്ഥക്കെതിരെ തിരിയാന്‍ ജനങ്ങളെ പ്രേരിപ്പിച്ചിട്ടില്ലെന്നും ഇംറാന്‍ ഖാന്‍ പറഞ്ഞു.

ഇപ്പോള്‍ പാകിസ്താനിലുള്ളത് ഇറക്കുമതി സര്‍ക്കാരാണെന്ന് ഇംറാന്‍ ഖാന്‍ കുറ്റപ്പെടുത്തി. ഇറക്കുമതി സര്‍ക്കാറിനെ അംഗീകരിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പാകിസ്താനില്‍ ഇതിനു മുന്‍പ് നേതാക്കളെ പുറത്താക്കിയപ്പോഴെല്ലാം ജനങ്ങള്‍ ആഘോഷിച്ചിരുന്നുവെന്നും എന്നാല്‍ ഇത്തവണ ജനകീയ പ്രതിഷേധമാണ് നടന്നതെന്നും ഇംറാന്‍ പറഞ്ഞു. പുതിയ സര്‍ക്കാരിനെതിരെ നടത്തിയ പ്രകടനങ്ങളിലൂടെ ജനങ്ങള്‍, അവര്‍ക്ക് എന്താണ് ആവശ്യമെന്ന് വ്യക്തമാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഞായറാഴ്ച പാകിസ്താനില്‍ തന്നെ പിന്തുണച്ച് നടന്ന റാലികള്‍ സൂചിപ്പിച്ചാണ് ഇംറാന്റെ പരാമര്‍ശം.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.