2020 October 22 Thursday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

‘ഞങ്ങള്‍ ബാബരി തകര്‍ത്തു, അടുത്തത് മഥുരയും കാശിയും’- പള്ളി തകര്‍ത്തതു തന്നെയെന്ന് പരസ്യമായി പ്രഖ്യാപിച്ച് കോടതി വെറുതെ വിട്ട ജയ് ഭഗവാന്‍ ഗോയല്‍

ലഖ്നോ: ബാബരി മസ്ജിദജ് തകര്‍ത്തിന് തെളിവില്ലെന്ന സി.ബി.ഐ കോടതിയുടെ കണ്ടെത്തലിന് പിന്നാലെ പള്ളി തകര്‍ത്തത് തങ്ങള്‍ തന്നെയെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുന്‍ ശിവസേനാ നേതാവ്. ശിവസേനയുടെ ഉത്തരേന്ത്യാ മേധാവിയായിരുന്ന ജയ് ഭഗവാന്‍ ഗോയല്‍ ആണ് പ്രഖ്യാപനവുമായി രംഗത്തെത്തിയത്. തങ്ങളുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്നും അദ്ദേഹം വെല്ലുവിളിച്ചു. കോടതി വെറുതെ വിട്ട 32 പ്രതികളില്‍ ഒരാളാണ് ജയ് ഭഗവാന്‍ ഗോയല്‍. കോടതി വിധി വന്നപ്പോള്‍തന്നെ ജയ് ശ്രീറാം വിളികളുമായി ഗോയല്‍ ആഹ്ലാദപ്രകടനം തുടങ്ങിയിരുന്നു.

‘1992ല്‍ ബാബരി മസ്ജിദ് പൊളിച്ചത് ഞങ്ങള്‍ തന്നെയാണ്. അതിലൊരാളായിരുന്നു താന്‍. വിധിയെക്കുറിച്ച് ആശങ്കയില്ലായിരുന്നു. വധശിക്ഷ വിധിച്ചാലും സന്തോഷത്തോടെ സ്വീകരിക്കുമായിരുന്നു. ഞങ്ങളുടെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണ്’ – ഗോയല്‍ വെല്ലുവിളിച്ചു. കോടതി വിധി വന്നതിനുശേഷം സ്വകാര്യചാനലിന് നല്‍കിയ അഭിമുഖത്തിലാണ് പ്രതികരണം.

ഞങ്ങളുടെ ലക്ഷ്യം എല്ലായ്‌പ്പോഴും ബാബരി തകര്‍ക്കുക എന്നതായിരുന്നു. 1990 ലാണ് ഞങ്ങള്‍ ആദ്യം ഇതിന് ശ്രമിച്ചത്. എന്നാല്‍, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് വെടിയുതിര്‍ക്കുകയായിരുന്നു. പക്ഷേ, ഞങ്ങളുടെ പ്രതിബദ്ധതകൊണ്ട് 1992 ല്‍ അതില്‍ വിജയിച്ചു.

പള്ളി പൊളിച്ചത് ഞങ്ങളാണ്. അത് പൊളിച്ചില്ലായിരുന്നെങ്കില്‍ അവിടെ രാമക്ഷേത്രം നിര്‍മിക്കാന്‍ സാധിക്കുമായിരുന്നില്ല. സി.ബി.ഐ അപ്പീല്‍ പോവുന്നതില്‍ ആശങ്കയില്ലെന്നും ഗോയല്‍ പറഞ്ഞു.

കോടതിയെക്കാള്‍ വലുതല്ല സിബിഐ. രാമന്റെ അനുഗ്രഹത്താലാണ് ഞങ്ങളെ കോടതി കുറ്റവിമുക്തരാക്കിയത്. വധശിക്ഷയ്ക്കുപോലും ഞാന്‍ തയ്യാറായിരുന്നു. കാരണം ബാബരി തകര്‍ക്കുക എന്നത് എനിക്ക് അഭിമാനമാണ്. രാമക്ഷേത്രം നിര്‍മിക്കാന്‍ സുപ്രിംകോടതി ഉത്തരവിട്ടതിനാല്‍ ഞങ്ങളുടെ അടുത്ത ജോലി മഥുരയിലെയും കാശിയിലെയും പള്ളികള്‍ പൊളിക്കുകയെന്നതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശ്രീകൃഷ്ണന്റെ ജന്‍മസ്ഥലത്ത് ക്ഷേത്രം പൊളിച്ച് മുഗള്‍ ചക്രവര്‍ത്തി ഔറംഗസീബ് മഥുരയില്‍ മുസ്ലിം പള്ളി നിര്‍മിച്ചെന്നാരോപിച്ച് ഹിന്ദുത്വശക്തികള്‍ നേരത്തെ രംഗത്തുവന്നിരുന്നു.

Advt.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.