2024 February 26 Monday
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴയ്ക്ക് സാധ്യത

‘ഇത്തരം മനോഹര നിമിഷങ്ങള്‍ക്കായി ആയിരം മൈലുകള്‍ വേണമെങ്കിലും നടക്കാം’ ഹൃദയം തൊടുന്ന ചിത്രം പങ്കുവെച്ച് രാഹുല്‍

ന്യൂഡല്‍ഹി: ആള്‍ക്കൂട്ടത്തിനിടയില്‍ ഓടി വന്ന് കെട്ടിപ്പിടിക്കുമ്പോള്‍ ഒട്ടും പതറാതെ അസഹിഷ്ണുത കാണിക്കാതെ സ്വത സിദ്ധമായ ചിരിയോടെ അവരെ ചേര്‍ത്തു പിടിക്കുന്ന രാഹുല്‍. അരികു ചേര്‍ന്നു നടക്കുന്നവരില്‍ നിന്ന് കുഞ്ഞുങ്ങളെ വാങ്ങി തോളിലേറ്റുന്ന രാഹുല്‍. എത്തിപ്പിടിക്കാന്‍ ശ്രമിക്കുന്നവരിലേക്ക് നിലം തൊടുവോളം താഴ്ന്നു നില്‍ക്കുന്ന രാഹുല്‍. സന്തോഷക്കണ്ണീര്‍ തുടച്ചു മാറ്റുന്ന രാഹുല്‍..അവരെ അണച്ചു പിടിക്കുന്ന രാഹുല്‍..അങ്ങിനെ മനോഹരമായ ഒത്തിരി ചിത്രങ്ങളാണ് ഭാരത് ജോഡോ യാത്ര സമ്മാനിച്ചിരിക്കുന്നത്.ഓര്‍മയിലേക്ക് ചേര്‍ത്തുവെക്കാവുന്ന ഒരു പിടി നിമിഷങ്ങള്‍. ഇത്തരത്തിലൊരു നിമിഷം രാഹുല്‍ ഗാന്ധി തന്നെ പങ്കുവെച്ചിരിക്കുകയാണ്. തന്റെ ഔദ്യോഗിക പേജിലാണ് അദ്ദേഹം ചിത്രം പങ്കുവെച്ചിരിക്കുന്നത്. അഞ്ച് വയസ് തോന്നിക്കുന്ന ഒരു കുട്ടിയെ എടുത്ത് നില്‍ക്കുന്ന രാഹുലിന്റെ ചിത്രമാണ് ട്വിറ്ററില്‍ പങ്കുവെച്ചിരിക്കുന്നത്.

‘ഇതുപോലെയുള്ള നിമിഷങ്ങള്‍ക്കായി ആയിരം മൈല്‍ നടക്കാനും തയ്യാറാണ്’ എന്ന കുറിപ്പോടെയാണ് രാഹുല്‍ ഗാന്ധി ചിത്രം പങ്കുവെച്ചിരിക്കുന്നത്. രാഹുലിന്റെ കൈകളില്‍ അതിശയത്തോടെ ഇരിക്കുന്ന കുട്ടിയുടെ ചിത്രം ഇതിനോടകം തന്നെ നിരവധി പേര്‍ ഷെയര്‍ ചെയ്തുകഴിഞ്ഞു.

ഒരുമയുടെ ഇന്ത്യയെന്ന സ്വപ്‌നവുമായി രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ചുവടുവെക്കുമ്പോള്‍ ഒപ്പം നടക്കാനായി നൂറുകണക്കിന് ജനങ്ങളാണ് ജോഡോ യാത്രയില്‍ പങ്കുചേരുന്നത്. ജോഡോ യാത്രയുടെ കേരള പര്യടനം വിജയകരമാക്കുകയാണ് ജനങ്ങള്‍. സൂര്യനുദിക്കുന്നതിന് മുന്‍പ് തന്നെ പ്രിയ നേതാവിനായി ക്ഷമയോടെ വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുകയാണവര്‍. വയോധികര്‍ മുതല്‍ പല്ല് മുളക്കാത്ത ‘കുട്ടി’ താരങ്ങള്‍ വരെ ഇക്കൂട്ടത്തിലുണ്ട്.

കുട്ടികളുടെയും വിദ്യാര്‍ത്ഥികളുടെയും പ്രതിനിധ്യമാണ് ഭാരത് ജോഡോ യാത്രയുടെ മാറ്റുകൂട്ടുന്നത്.

മാര്‍ച്ചിനിടെ കോണ്‍ഗ്രസ് നേതാവ് ചേര്‍ത്തുപിടിച്ചപ്പോള്‍ മറ്റൊരു പെണ്‍കുട്ടി സന്തോഷത്തോടെ കണ്ണീര്‍ പൊഴിക്കുന്ന ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ ട്വിറ്റര്‍ ഹാന്‍ഡില്‍ വിഡിയോ ട്വീറ്റ് ചെയ്തുകൊണ്ട് ഇങ്ങനെ കുറിച്ചു, ‘അടിക്കുറിപ്പ് ആവശ്യമില്ല, സ്‌നേഹം മാത്രം’. 52കാരനായ രാഹുല്‍ മാര്‍ച്ചിനിടെ കുട്ടികളുമായി ഇടപഴകുന്നതിന്റെ നിരവധി ഫോട്ടോകള്‍ സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തിരുന്നു.

സെപ്റ്റംബര്‍ എട്ടിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍നിന്ന് ആരംഭിച്ച 3,570 കിലോമീറ്റര്‍ യാത്ര ജമ്മു കശ്മീരില്‍ സമാപിക്കും. 2024ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടി അടിത്തറ ഉയര്‍ത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമായാണ് യാത്രയൊരുക്കിയത്.

ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനം ഇന്ന് അവസാനിക്കും. മലപ്പുറം ജില്ലയിലാണ് പദയാത്രയുടെ ഇന്നത്തെ പര്യടനം. ഇന്ന് രാവിലെ നിലമ്പൂര്‍ ചുങ്കത്തറയില്‍ നിന്ന് ആരംഭിക്കുന്ന ഭാരത് ജോഡോ യാത്ര ഉച്ചയോടെ വഴിക്കടവ് മണിമൂളിയില്‍ സമാപിക്കും. തുടര്‍ന്ന് തമിഴ്‌നാട്ടിലേക്കും പിന്നാലെ കര്‍ണാടകയിലേക്കുമാണ് യാത്ര പ്രവേശിക്കുക.

പാലക്കാട്ടെ പര്യടനം പൂര്‍ത്തിയാക്കി ഈ മാസം 27 നാണ് ഭാരത് ജോഡോ യാത്ര മലപ്പുറം ജില്ലയിലെ പര്യടനം ആരംഭിച്ചത്. പുലാമന്തോളില്‍ നിന്ന് ആരംഭിച്ച് പാണ്ടിക്കാട്, വണ്ടൂര്‍, നിലമ്പൂര്‍ എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിനങ്ങളിലായി പദയാത്ര പര്യടനം നടത്തിയത്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.