2023 May 30 Tuesday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

ആകാശം കീഴടക്കി ഹിജാബിട്ട ഈ പെണ്‍കൊടി

ഹൈദരാബാദി പൈലറ്റ് സഈദ സല്‍വ ഫാത്തിമയുടെ കഥ

വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു കുഞ്ഞു പെണ്‍കുട്ടി ഒരു പരിപാടിക്കിടെ പറഞ്ഞതാണ്. എനിക്കൊരു പൈലറ്റാകണം. വലുപ്പത്തേക്കാള്‍ ഗൗരവമുണ്ടായിരുന്നു അന്ന് അവളുടെ വാക്കുകള്‍ക്ക്. അന്ന് അത് കേട്ടു നിന്നവര്‍ ആരും നിനച്ചു കാണില്ല അവളൊരിക്കല്‍ വിമാനം പറത്തുമെന്ന്.

ഒട്ടും സുഗമമായിരുന്നില്ല രണ്ട് സീറ്റുള്ള സെസ്‌ന കുഞ്ഞന്‍ വിമാനം പറത്തുന്നതില്‍ നിന്ന് ഭീമന്‍ യാത്രാ വിമാനം അനന്ത വിഹായസ്സിലേക്ക് പറത്തുന്നതു വരെയുള്ള സഈദ സല്‍വ ഫാത്തിമ എന്ന 34കാരിയുടെ യാത്ര. ഉയര്‍ന്നും താഴ്ന്നും ചാഞ്ഞും ചെരിഞ്ഞും വഴികളേറെ പിന്നിട്ടാണ് ഹിജാബിട്ട ഈ പെണ്‍കൊടി തന്റെ കിനാക്കളുടെ ആകാശം കീഴടക്കിയത്.

കിനാവ് കാണാന്‍ പഠിപ്പിച്ച് ബേക്കറിക്കാരന്‍ ഉപ്പ
വെറുമൊരു ബേക്കറി തൊഴിലാളിയുടെ മകള്‍. അവളെ സംബന്ധിച്ചിടത്തോളം പൈലറ്റ് എന്നത് ചുമ്മാ കാണാന്‍ പോലും സാധ്യമല്ലാത്തൊരു കിനാവായിരുന്നു. അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി നീങ്ങിയ ബാല്യം.കൗമാരം…എന്നിട്ടും ഒരു പൈപ്പു വെള്ളം പോലും വിദൂര സ്വപ്‌നമായിരുന്ന മൊഗല്‍പുരക്ക് സമീപത്തെ തെരുവിലിരുന്ന് അവള്‍ കിനാവു കണ്ടു. ചുട്ടുതിളക്കുന്ന ആകാശത്തിലേക്ക് കണ്ണിമവെട്ടാതെ നോക്കിനില്‍ക്കുന്ന അവളുടെ കുഞ്ഞുകണ്ണിലെ ആശകള്‍ക്ക് നിറം പകരാന്‍ പട്ടിണികൊണ്ട് വളഞ്ഞുപോയ നടുനിവര്‍ത്തി അവളുടെ ഉപ്പ കൂടെ നിന്നു. അങ്ങിനെ രാജ്യത്തെ വിരലിലെണ്ണാവുന്ന മുസ്‌ലിം വനിതാ കൊമേഴ്‌സ്യല്‍ പൈലറ്റുകളില്‍ ഒരാളായി ഫാത്തിമ.

തട്ടമഴിക്കാത്ത, നിലപാടുകളില്‍ വിട്ടു വീഴ്ച ചെയ്യാത്ത ‘അതിശയപ്പെണ്‍കുട്ടി’
തന്റെ നിലപാടുകളില്‍ എന്നും ഉറച്ചു നിന്നിരുന്നു ഫാത്തിമ. വസ്ത്രധാരണം ഉള്‍പെടെ വിശ്വാസങ്ങളില്‍ ഒന്നും അവര്‍ പഠനകാലത്തോ ജോലിയില്‍ കയറിയ ശേഷമോ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ഹിജാബിനെ വെറുപ്പിന്റെ ആവരണമായി ചിത്രീകരിക്കപ്പെടുന്ന കാലത്തും അവര്‍ ഹിജാബ് ധരിച്ചു കൊണ്ടു തന്നെ വിമാനം പറത്തി.

അതിശയപ്പെണ്‍കുട്ടി എന്നാണ് അവരെ ഉപ്പ വിളിക്കാറ്. ഏത് പ്രതിസന്ധിയും അസാമാന്യമായ ആര്‍ജ്ജവത്തോടെ കടന്നു പോവും അവള്‍. അരേയും അതിശയിപ്പിച്ചുകൊണ്ട്. അതുകൊണ്ടല്ലേ തീര്‍ത്തും ശൂന്യമായ ഒരിടത്തു നിന്ന് അവള്‍ ആകാശം കീഴടക്കുന്ന കിനാവുകള്‍ കണ്ടത്. കയ്യിലൊന്നുമില്ലാതെ മകളെ ‘വലിയ’ ആളാക്കുന്നതിനിറങ്ങി പുറപ്പെട്ടതിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ കേട്ടിട്ടുണ്ട്. ബന്ധുക്കളില്‍ നിന്നും അയല്‍ക്കാരില്‍ നിന്നുമെല്ലാം. എന്നാല്‍ ഒന്നും കാര്യത്തിലെടുക്കാതെ തന്റെ കൈപിടിച്ച് അവള്‍ മുന്നോട്ടു നടക്കുകയായിരുന്നു- ഉപ്പ പറയുന്നു.

ഒരിക്കല്‍ ഫീസ് അടക്കാനില്ലാത്തതിന്റെ പേരില്‍ പഠനം തന്നെ നിര്‍ത്തേണ്ട അവസ്ഥ വന്നിരുന്നു. മലക്‌പേട്ടിലെ നിയോ സ്‌കൂള്‍ ഐസയില്‍ പഠിക്കുമ്പോഴായിരുന്നു അത്. എന്നാല്‍ എവിടെ നിന്നോ മാലാഖയെ പോലെ ഒരാളെത്തി. അവളുടെ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അല്‍ഫിയ ഹുസൈന്‍. അവളുടെ രണ്ടു വര്‍ഷത്തെ പഠനച്ചെലവ് അവര്‍ ഏറ്റെടുത്തു- ഫാത്തിമയുടെ ഉപ്പ ഓര്‍ക്കുന്നു.

വീണ്ടും വഴിമുട്ടിയ പഠനം
നാല് സഹോദരങ്ങളില്‍ മൂത്തവളായിരുന്നു ഫാത്തിമ. നാട്ടിലെ ബേക്കറിയിലെ ജോലിയില്‍ നിന്നുള്ള അവളുടെ പിതാവിന്റെ വരുമാനം തുച്ഛമായിരുന്നു. എങ്ങിനെയൊക്കെയോ തട്ടിമുട്ടിയാണ് ഓരോ ദിനവും കടന്നു പോയിരുന്നത്. ഏറെ കഷ്ടപ്പെട്ടാണ് മകളുടെ ഫടനത്തിനുള്ള പണം പിതാവ് കണ്ടെത്തിയിരുന്നതും. മെഹ്ദിപട്ടണം സെന്റ് ആന്‍സ് ജൂനിയര്‍ കോളേജില്‍ ഇന്റര്‍മീഡിയറ്റ് കോഴ്‌സിന് പഠിക്കുമ്പോള്‍ വീണ്ടും പ്രതികൂല സാഹചര്യം അവളെ തേടിയെത്തി. മാസംതോറും കൃത്യമായി അടക്കാന്‍ കഴിയാതെ ഫീസ് കുടിശ്ശികയായി. വീണ്ടും പഠനം അവസാനിപ്പിക്കേണ്ട അവസ്ഥയായി.

ഒരു ദിവസം ഫീസ് അടക്കാത്തവരെയെല്ലാം ക്യൂവില്‍ നിര്‍ത്തി. കത്തുന്ന സൂര്യന് കീഴെ തന്റെ കിനാക്കളെല്ലാം കരിഞ്ഞു പോകുന്നല്ലോ എന്നൊരാധിയില്‍ നില്‍ക്കുമ്പോള്‍ വീണ്ടും ഒരു മാലാഖ സ്പര്‍ശം അവള്‍ക്കു മേല്‍ തണല്‍ വിരിച്ചു. അവിടുത്തെ ബോട്ടണി ടീച്ചര്‍ സംഗീത ക്യൂവില്‍ നിന്ന് അവളെ മാറ്റി നിര്‍ത്തി. അവളുടെ ഫീസ് കൊടുക്കാമെന്നേറ്റു. അവരെ ദൈവം അയച്ചതായിരുന്നു. തന്നെ പഠിപ്പിക്കാത്ത തനിക്ക് വ്യക്തിപരമായി ഒരു ബന്ധവുമില്ലാത്ത പ്രൊഫസറെ കുറിച്ച് ഫാത്തിമ പറയുന്നു.

ആകാശം തൊട്ട ദശാബ്ദക്കാലം
കുഞ്ഞന്‍ വിമാനത്തിലെ പരിശീലനപ്പറക്കില്‍ തുടങ്ങിയ ഈ യാത്ര ഒരു ദശാബ്ദം പിന്നിട്ടിരിക്കുന്നു. പൂര്‍ണമായും ഗ്ലാമറസ് ആയ ഈ തൊഴില്‍ പക്ഷേ അവരെ തൊഴിലെന്നതിനപ്പുറം മോഹിപ്പിച്ചിട്ടില്ല. സ്വപ്നതുല്യമായ വിദേശ ലക്ഷ്യസ്ഥാനങ്ങള്‍, രുചികരമായ ഭക്ഷണങ്ങള്‍ പണംകൊണ്ടും പ്രശസ്തി കൊണ്ടും പ്രമുഖരായ യാത്രക്കാര്‍…ആകര്‍ഷണങ്ങള്‍ ഏറെയാണ്. എന്നാല്‍ കാരിരുമ്പോളം ഉറപ്പായിരുന്നു അവരുട ഇച്ഛാശക്തിക്ക്. മുന്നില്‍ മിന്നിത്തെളിയുന്ന വര്‍ണശബളമായ ഒരു ലോകത്തിനും പിടികൊടുക്കാതെ അവര്‍ അവരായി നിന്നു. ഇങ്ങ് ഹൈദരാബാദിലെ പട്ടിണിത്തെരുവോരത്തു നിന്ന് താന്‍ പടുത്തുയര്‍ത്തിയ മൂല്യങ്ങള്‍ തനിമയൊട്ടും ചോരാതെ അങ്ങ് 30000 അടിക്കും മുകളില്‍ അനന്തവിഹായസ്സിലും ഉയര്‍ന്നു നില്‍ക്കാന്‍ മാത്രം കരുത്തുറ്റതായിരുന്നു.

‘ആകാശം എക്കാലവും എന്നെ ആകര്‍ഷിച്ചിരുന്നു. പൈലറ്റാകാന്‍ ഞാന്‍ എപ്പോഴും ആഗ്രഹിച്ചിരുന്നു, പക്ഷേ ഒരിക്കലും വിമാന ടിക്കറ്റ് വാങ്ങാന്‍ കഴിഞ്ഞില്ല. എന്റെ ആദ്യ വിമാനം കോക്ക്പിറ്റില്‍ നിന്നായിരുന്നു, യാത്രക്കാരുടെ സീറ്റില്‍ നിന്നല്ല’ വിനയം നിറഞ്ഞ ചിരിയോടെ അവര്‍ പറയുന്നു.

കൂടെ നില്‍ക്കുന്ന കുടുംബം

രണ്ടു കുഞ്ഞുങ്ങളുടെ മാതാവാണ് ഫാത്തിമ. ആറുമാസമാണ് ഇളയ മകള്‍ക്ക്. എന്നാലും ഒരിക്കല്‍ പോലും തന്റെ ജോലിയില്‍ അവര്‍ വീഴ്ച വരുത്തിയിട്ടില്ല. പറക്കുക എന്നത് വളരെ സീരിയസ് ആയ ജോലിയാണ്. വ്യക്തിപരമായ ഒരു വിഷമങ്ങളും നമുക്ക് അവിടെ കൊണ്ടു വരാന്‍ കഴിയില്ല. വീടോ കുഞ്ഞുങ്ങളോ ഒന്നും നമ്മുടെ ചിന്തകളില്‍ പോലുമുണ്ടാവില്ല. ഓരോ തവണയും, ഹൃദയസ്പര്‍ശിയായ അമ്മയുടെ കണ്ണുനീര്‍, മൂര്‍ച്ചയുള്ള സന്ദേശം അവളുടെ മനസ്സില്‍ പ്രതിധ്വനിക്കുകയും അവളെ കഠിനമായ വൈമാനികയാക്കി മാറ്റുകയും ചെയ്യുന്നു.

‘എന്റെ രക്ഷിതാക്കളും ഭര്‍ത്താവും ഭര്‍ത്താവിന്റെ കുടംബവുമെല്ലാം ശക്തമായ പിന്തുണയാണ് എനിക്ക് നല്‍കുന്നത്. എതുകൊണ്ടാണ് എനിക്ക് എന്റെ സ്വപ്‌നം ജീവസ്സുറ്റതാക്കാന്‍ കഴിഞ്ഞത്. മതത്തിന്റെ പേരിലോ സ്ത്രീ എന്ന പേരിലോ ഒരു വിവേചനവും താന്‍ അനുഭവിച്ചിട്ടില്ലെന്നതാണ് തന്റെ ഭാഗ്യമെന്നും അവര്‍ വ്യക്തമാക്കുന്നു. ‘എന്റെ എയര്‍ലൈന്‍ നല്‍കിയ ഹിജാബാണ് ഞാന്‍ ധരിക്കുന്നത്. അവിടെ ഒരു പക്ഷപാതവുമില്ല’ ഫാത്തിമ പറയുന്നു.

ജീവിതത്തില്‍ ഇരുട്ടിലേക്ക് എറിയപ്പെട്ടപ്പോഴെല്ലാം ഒരു ഫീനിക്‌സ് പക്ഷിയെ പോലെ അവള്‍ ഉയിര്‍ത്തെണീറ്റു.
‘ദൈവത്തിന്റെ അനുഗ്രഹത്താല്‍ എന്റെ യാത്രയില്‍ ഞാന്‍ ഒരിക്കലും തനിച്ചായിരുന്നില്ല. എന്റെ ഈ യാത്രയില്‍ കൂടെനിന്നവരും സഹായിച്ചവരും അനവധിയാണ്’ ആദ്യമായി കോഴ്‌സിന് ചേരാന്‍ പണം തന്ന് സഹായച്ചവര്‍ മുതല്‍ 35 ലക്ഷം സ്‌കോളര്‍ഷിപ്പ് അനുവദിച്ച സര്‍ക്കാര്‍ വരെ.

‘എന്റെ മൂത്ത മകള്‍ മറിയം ഫാത്തിമ ഷക്കൈബ് ഒരു അനുഗ്രഹമാണ്, അവളുടെ ജനനത്തിന് തൊട്ടുപിന്നാലെ എനിക്ക് സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് ലഭിച്ചു. ഇനി എന്റെ പെണ്‍മക്കളെ പഠിപ്പിക്കുകയും ഹൈദരാബാദില്‍ എന്റെ വീട് പണിയുകയും ചെയ്യുക എന്നതാണ് ഇനി എന്റെ ലക്ഷ്യം’.

ഞാന്‍ സഹിച്ച വിഷമങ്ങള്‍ എന്റെ കുട്ടികള്‍ക്ക് വരാതിരിക്കാന്‍ ഞാന്‍ കൂടുതല്‍ കഠിനാധ്വാനം ചെയ്യും. കൂടാതെ, ബഞ്ചാരയിലോ ജൂബിലി ഹില്ലുകളിലോ ഉള്ള സ്ഥലങ്ങള്‍ക്കായി ഞാന്‍ ഒരിക്കലും ഓള്‍ഡ് സിറ്റി വിടുകയില്ല. ഇവിടെയാണ് ഞാന്‍ ഉള്‍പ്പെടുന്നത്. ഇവിടെയാണ് ഞാന്‍ നേട്ടം കൈവരിച്ചത്,’ ഫാത്തിമ പറയുന്നു. പ്രതിസന്ധികള്‍ ഏറെ നിറഞ്ഞതാണ് തന്റെ ജോലിയെന്ന് ഫാത്തിമക്കറിയാം. ഒരു കണ്ണിംവെട്ടുന്ന സമയം പോലും ശ്രദ്ധ കൈവിടാതെ ചെയ്യേണ്ടുന്ന ജോലി. എന്നാല്‍ അവളുടെ ഇപ്പോഴത്തെ ഏറ്റവും വലിയ വെല്ലുവിളി ആകാശത്തെ അവളുടെ കരിയറും ഭൂമിയിലെ കുടുംബവും സന്തുലിതമാക്കുക എന്നതാണ്.

 

 


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.