2021 December 01 Wednesday
ചെയ്യേണ്ടത് ചെയ്യാതിരിക്കുന്നതും ചെയ്യരുതാത്തത് ചെയ്യുന്നതും ഒരുപോലെ തെറ്റാണ് -തിരുക്കുറള്‍

പള്ളികള്‍ നശിപ്പിച്ചും മുസ്‌ലിങ്ങളുടെ കടകള്‍ക്ക് തീയിട്ടും വീടുകള്‍ അക്രമിച്ചും ത്രിപുരയില്‍ സംഘ് പരിവാര്‍ വിളയാട്ടം തുടരുന്നു

അഗര്‍ത്തല: ത്രിപുരയില്‍ മുസ്‌ലിങ്ങള്‍ക്കെതിരായ അതിക്രമം വ്യാപകമായി തുടരുന്നു. കഴിഞ്ഞ ദിവസം വിശ്വഹിന്ദു പരിഷത്ത് നടത്തിയ റാലിക്കിടെയും വ്യാപക അക്രമമാണ് അരങ്ങേറിയത്. നിരവധി പള്ളികള്‍ നശിപ്പിച്ചതായും മുസ്‌ലിങ്ങളുടെ കടകള്‍ തിരഞ്ഞു പിടിച്ച് തീവെച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ബംഗ്ലാദേശിലെ ദുര്‍ഗാപൂജയ്ക്കിടെയുണ്ടായ സംഘര്‍ഷത്തില്‍ പ്രതിഷേധിച്ചാണ് ത്രിപുരയില്‍ വിശ്വ ഹിന്ദു പരിഷത്ത് റാലി നടത്തിയത്. ഏതാണ്ട് 3500ഓളം പേരാണ് പ്രതിഷേധ പരിപാടിയില്‍ ഉണ്ടായിരുന്നതെന്ന് പാനിസഗര്‍ സബ്ഡിവിഷനല്‍ ഓഫിസര്‍ പറയുന്നു. റാലിക്കിടെ ഒരു കൂട്ടം ആളുകള്‍ ചാംറ്റില്ല പ്രദേശത്തെ ഒരു പള്ളി കൊള്ളയടിച്ചു. സമീപത്തെ മൂന്ന് വീടുകളിലും കടകളിലും ഇവര്‍ കവര്‍ച്ച നടത്തി. രണ്ട് കടകള്‍ തീയിട്ടു- പൊലിസ് പറയുന്നു.

ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരുടെ വീടുകളും കടകളുമാണ് ആക്രമിക്കപ്പെട്ടത്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.

അഡ്വ.അബ്ദുല്‍ ബാസിത് ഖാന്‍ എന്നയാളുടെ വീടിന്റെ ദൃശ്യങ്ങള്‍ ഹിരിഷ് രാജ് ആനന്ദ് എന്ന ട്വിറ്റര്‍ ഉപഭോക്താവ് പങ്കുവെച്ചിട്ടുണ്ട്. ഖാന്റെ മുഴുവന്‍ ഫയലുകള്‍ കീറിയിട്ട നിലയിലാണ്. വീടുമുഴുവന്‍ വലിച്ചു വാരി അലങ്കോലമാക്കിയിരിക്കുന്നു. ലാപ്‌ടോപ്, ടിവി, കേബിള്‍ തുടങ്ങി എല്ലാം തച്ചുതകര്‍ക്കുകയും നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പി പറയുന്നത്. അക്രമങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയുടെ തിരക്കഥയാണെന്ന് സി.പി.എം ആരോപിച്ചു. പള്ളികള്‍ക്ക് സംരക്ഷണം ഏര്‍പെടുത്തിയിട്ടുണ്ടെന്നാണ് പൊലിസ് പറയുന്നത്.

ബംഗ്ലാദേശ് സംഭവത്തില്‍ പ്രതിഷേധിച്ച് ത്രിപുരയില്‍ മുസ്‌ലിം പള്ളികള്‍ക്കും വീടുകള്‍ക്കും നേരെ വ്യാപക ആക്രമണം അഴിച്ചു വിട്ട് ഹിന്ദു സംഘടനകള്‍ video

കഴിഞ്ഞ മൂന്ന് ദിവസമായി ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ പള്ളികള്‍ ആക്രമിക്കപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ നടപടി വേണമെന്നാവശ്യപ്പെട്ട് ത്രിപുര ജംഇയ്യത്തുല്‍ ഉലമ നേതാക്കള്‍ മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേവിന് നിവേദനം നല്‍കിയിരുന്നു.

ത്രിപുരയിലെ വിവിധ ഭാഗങ്ങളില്‍ ബംഗ്ലാദേശ് വിഷയത്തില്‍ പ്രതിഷേധം നടക്കുകയാണ്. ഗോമതി ജില്ലയിലെ ഉദയ്പൂരില്‍ വി.എച്ച്.പിയും ഹിന്ദു ജാഗരണ്‍ മഞ്ചും റാലി സംഘടിപ്പിച്ചിരുന്നു.

വീഡിയോ കടപ്പാട് മക്തൂബ് മീഡിയ


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.