2022 October 07 Friday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

ഇന്ത്യയെ ‘ഹിന്ദ്യ’യാക്കുന്നുവോ? ഇത്രമേൽ ഭാഷാവൈവിധ്യമുള്ള രാജ്യത്ത് ഹിന്ദിക്ക് മാത്രമായിട്ടെന്താണൊരു മഹത്വം

ഫര്‍സാന കെ

ഹിന്ദി ഭാഷയെ ചൊല്ലിയുള്ള വാവാദങ്ങൾ രാജ്യത്ത് വീണ്ടും പുകഞ്ഞു തുടങ്ങുകയാണ്. ഒരു രാജ്യം, ഒരു ഭാഷ എന്ന അജണ്ട മുൻനിർത്തി ആർ.എസ്.എസും ബി.ജെ.പിയും തന്നെയാണ് വീണ്ടും ഹിന്ദിവാദം ഉയർത്തുന്നത്. രാജ്യത്തെ ഏറ്റവും പ്രത്യേകതയുള്ള ഏറ്റവും മഹത്വപൂർണമായ ഭാഷയാണ് ഹിന്ദിയെന്ന് കഴിഞ്ഞ ദിവസം ഹിന്ദി ദിനത്തിൽ സൂറത്തിൽ നടന്ന അഖിലേന്ത്യാ ഔദ്യോഗിക ഭാഷാ സമ്മേളനത്തിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.

‘എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ ആഗ്രഹമുണ്ട്. ഹിന്ദിയും ഗുജറാത്തിയും, ഹിന്ദിയും തമിഴും, ഹിന്ദിയും മറാത്തിയും മത്സരാർത്ഥികളാണെന്ന് ചിലർ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നു. ഹിന്ദിക്ക് രാജ്യത്തെ മറ്റൊരു ഭാഷക്കും എതിരാളിയാകാൻ കഴിയില്ല. ഹിന്ദിയാണ് ഹിന്ദിയെന്ന് നിങ്ങൾ മനസ്സിലാക്കണം. രാജ്യത്തെ എല്ലാ ഭാഷകളുടെയും സുഹൃത്ത്’ ഇതായിരുന്നു അമിത് ഷായുടെ പരാമർശം.

വൈജാത്യമല്ല ഏകത്വം..ആർ.എസ്.എസ്- ബി.ജെ.പി രാഷ്ട്രീയ നിലപാട്

2019ൽ ഹിന്ദി ദിവസിന്റെ ഭാഗമായി നടന്ന ചടങ്ങിലും ഇതേ പ്രസ്താവന അമിത്ഷാ നടത്തിയിരുന്നു. ആവർത്തിച്ചു നൽകുന്ന സന്ദേശങ്ങളിലൂടെ ആർ.എസ്.എസിന്റെയും ബി.ജെ.പിയുടേയും രാഷ്ട്രീയ നിലപാട് വ്യക്തമാണ്. വൈജാത്യമല്ല, ഏകത്വമാണ് രാഷ്ട്രത്തിനാവശ്യമെന്ന അവരുടെ രാഷ്ട്രീയ നിലപാട്. ഇന്ത്യയെ പ്രതിനിധീകരിക്കാൻ ഹിന്ദി ഭാഷയ്ക്ക് സാധിക്കുമെന്നും ഏതെങ്കിലും ഒരു ഭാഷയ്ക്ക് ഇന്ത്യയെ ഒന്നിപ്പിച്ചു നിർത്താൻ സാധിക്കുമെങ്കിൽ അത് ഹിന്ദിക്കാണെന്നുമാണ് ഇവരുടെ വാദം.

രാജ്യത്ത് ഏറ്റവും കൂടുതൽ സംസാരിക്കുന്ന ഭാഷ എന്നതാണ് ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനു പിന്നിലെ കാരണമായി ആർ.എസ്.എസും ബി.ജെ.പിയും വ്യക്തമാക്കുന്നത്. എന്നാൽ, 2011ലെ സെൻസസ് പ്രകാരം 35 സംസ്ഥാനങ്ങളിൽ(കേന്ദ്രഭരണ പ്രദേശങ്ങൾ ഉൾപ്പെടെ) 12 എണ്ണത്തിൽ മാത്രമാണ് ഹിന്ദി ഭാഷ സംസാരിക്കുന്നത്.

ഭോജ്പുരി, രാജസ്ഥാനി, ഹിന്ദി, ഛത്തീസ്ഗഡ് അടക്കം 56 ഭാഷകൾ ഹിന്ദിയുടെ കുടക്കീഴിലാണ് വരിക. അതായത് 43 ശതമാനം പേർ ഹിന്ദി സംസാരിക്കുന്നുവെന്ന് അവകാശപ്പെടുന്നെങ്കിലും അതിൽ 26 ശതമാനം പേരുടെ മാതൃഭാഷ മാത്രമാണ് ഹിന്ദി. ഇനി ഭൂരിഭാഗം പേരും സംസാരിക്കുന്നുവെന്നതിന്റെ പേരിൽ മാത്രം ദേശീയഭാഷാ പദവി നൽകുന്നത് ജനാധിപത്യവിരുദ്ധമാണ്.

ഭാഷാ വൈവിധ്യങ്ങളുടെ ഇന്ത്യ
2011ലെ സെൻസസ് പ്രകാരം ഇന്ത്യൻ ഭരണഘടന അംഗീകരിച്ച 22 ഭാഷകളാണ് 96.71 ശതമാനം ജനങ്ങളും സംസാരിക്കുന്നത്. അസമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി, കന്നഡ, കശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുങ്ക്, ഉർദു, ബോഡോ, ശാന്താലി, മൈഥിലി, ഡോഗ്രി എന്നിങ്ങനെ ഇംഗ്ലീഷിനു പുറമേ 22 ഔദ്യോഗിക ഭാഷകളും 122 പ്രധാന ഭാഷാ വകഭേദങ്ങളും ഉൾപ്പെടെ ആയിരക്കണക്കിനു ഭാഷകൾ ഇന്ത്യയിൽ സംസാരിക്കുന്നു. 22 ഭാഷകൾ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 52.8 കോടി വരുന്ന, ജനസംഖ്യയുടെ 43.6 ശതമാനം പേരുടെ മാതൃഭാഷ ഹിന്ദിയാണെന്നാണ് കണക്ക്.

വൈജാത്യം മാത്രമല്ല ഭാഷകളുടെ മരണം കൂടിയാണ് ഈ ഏകത്വം

ഇന്ത്യയിൽ മതിയായ പരിചരണം കിട്ടാതെ വംശനാശം സംഭവിച്ചുപോയത് 220 ഭാഷകളാണ്. 197 ഇന്ത്യൻ ഭാഷകൾ ഉടനടി ഇല്ലാതാകുമെന്ന് യുനെസ്‌കോ മുന്നറിയിപ്പ് നൽകുന്നു. ഭാഷാ ഏകതാവാദം ഈ ഭാഷകൾക്ക് ദോഷകരമല്ലേ? ഇത്രത്തോളം വൈജാത്യമുള്ള ഭാഷാസംസ്‌കാരത്തിന് എങ്ങനെയാണ് ഹിന്ദി ബദലാകുക? മാത്രമല്ല, ദേവനാഗിരി ലിപിയിലെഴുതിയ ഹിന്ദിക്ക് എങ്ങനെയാണ് ഇത്രയും വകഭേദങ്ങളുള്ള ഭാഷാസംസ്‌കാരത്തെ ഒന്നിപ്പിച്ച് നിർത്താനാകുകയെന്ന ചോദ്യത്തിനും ഹിന്ദി വാദക്കാർക്ക് ഉത്തരമില്ല.

പ്രതിഷേധം കത്തിയ ഹിന്ദി ഭാഷാ വാദം

ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കാനുള്ള പിന്നീടുള്ള നീക്കങ്ങൾ തെക്കൻ സംസ്ഥാനങ്ങളിൽ, പ്രത്യേകിച്ച് തമിഴ്‌നാട്ടിൽ വലിയ പ്രക്ഷോഭങ്ങൾക്കാണ് കാരണമായത്. 1960കളിൽ നടന്ന ഹിന്ദിവിരുദ്ധ പ്രക്ഷോഭം ദ്രാവിഡ രാഷ്ട്രീയത്തിന്റെ ആധിപത്യം തമിഴ്‌നാട്ടിൽ സ്ഥാപിക്കുന്നതിനും സഹായകമായി. ഭൂരിപക്ഷ വാദത്തിനെതിരേയുള്ള അണ്ണാദുരൈയുടെ വാചകം ഇന്നും പരാമർശിക്കാറുണ്ട്. ഏറ്റവും കൂടുതൽ ആളുകൾ സംസാരിക്കുന്ന ഭാഷ ദേശീയ ഭാഷയാകുകയാണെങ്കിൽ ഏറ്റവും കൂടുതലുള്ള കാക്കയാവണം ദേശീയ പക്ഷിയെന്നായിരുന്നു ഡി.എം.കെ നേതാവ് സി.എൻ. അണ്ണാദുരൈ പറഞ്ഞത്.

1968ലെ ഹിന്ദി വി​രുദ്ധ പ്രക്ഷോഭം

ആത്യന്തികമായി ഇന്ത്യയിലെ അധികാര രാഷ്ട്രീയത്തിന്റെ ഘടനയിൽനിന്ന് ഭാഷയെ വേർപെടുത്തണമെന്നതായിരുന്നു പെരിയാറുടെ വാദം. തുടർന്നു നടന്ന വലിയ പ്രക്ഷോഭങ്ങൾക്കു നേരേ വെടിവയ്പുണ്ടായി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി എഴുപതിലധികം പേർ കൊല്ലപ്പെട്ടു.

ശക്തമായ പ്രതിഷേധങ്ങളാണ് അമിത് ഷായുടെ പ്രസ്താവനക്കെതിരേയും നടക്കുന്നത്. സോഷ്യൽ മീഡിയ വഴിയാണ് കൂടുതലും.ദക്ഷിണേന്ത്യയിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കളും കോൺഗ്രസ്, സി.പി.എം, സി.പി.ഐ, ഡി.എം.കെ, ജെ.ഡി(എസ്) തുടങ്ങിയ രാഷ്ട്രീയപ്പാർട്ടികളും ശക്തമായി രംഗത്തു വരുന്നുണ്ട്.

ഭാഷ എന്നാൽ വെറും ഭാഷയല്ല

ഭാഷ എന്നത് കേവലമായ ആശയവിനിമയോപാധി മാത്രമല്ല, ഒരു ജനതയുടെ പാരമ്പര്യത്തിന്റെയും സാംസ്‌കാരികസ്വത്വത്തിന്റെയും ശബ്ദം കൂടിയാണ്. ബഹുത്വമാണ്, വൈവിധ്യമാണ് മഹത്തായ ഇന്ത്യൻ ദേശീയതയുടെ ചൈതന്യം. വ്യത്യസ്തഭാഷയും സംസ്‌കാരവുമുള്ള നാടുകളടങ്ങിയ ഇന്ത്യ നാനാത്വത്തിൽ ഏകത്വം എന്ന അച്ചുതണ്ടിലാണ് ചുറ്റുന്നത്. ഇതരഭാഷകളുടെ സ്വത്വം ഇല്ലായ്മ ചെയ്ത് ഒരു പ്രത്യേക ഭാഷയ്ക്ക് അധീശത്വം കൽപ്പിക്കുന്നത് ശരിയായരീതിയല്ല. ഭാഷാപ്രശ്‌നം പലതവണ കലാപങ്ങൾക്ക് കാരണമായിട്ടുണ്ടെന്നത് ഓർക്കാതെയല്ല വീണ്ടും ആ വിവാദം കുത്തിപ്പൊക്കുന്നതെന്നതും ആശങ്കയുളവാക്കുന്നതാണ്.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.