ബംഗളൂരു: ഹിജാബ് ധരിച്ചെത്തുന്നവരെ മാര്‍ച്ച് ഒമ്പതിന് തുടങ്ങുന്ന പ്രീ യൂനിവേഴ്‌സിറ്റി പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് കര്‍ണാടക വിദ്യാഭ്യാസ മന്ത്രി ബി.സി. നാഗേഷ്.
കഴിഞ്ഞ വര്‍ഷത്തെപ്പോലെ യൂനിഫോം ധരിച്ചെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയെഴുതാമെന്നും ഹിജാബ് ധരിച്ചെത്തുന്നവരെ ഒരു കാരണവശാലും പരീക്ഷാ ഹാളില്‍ പ്രവേശിപ്പിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഇത്തവണയും വിദ്യാര്‍ഥികള്‍ യൂനിഫോം ധരിച്ച് പരീക്ഷ എഴുതണം. നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളും സര്‍ക്കാറും നിയമങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഹിജാബ് നിരോധനത്തിന് ശേഷം പരീക്ഷയെഴുതാനെത്തുന്ന മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
ഹിജാബ് ധരിച്ച് പഠനം നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടകയിലെ വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജി സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേസ് പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിന് സുപ്രിം കോടതിയില്‍ നടപടികള്‍ തുടരട്ടെയെന്നാണ് മന്ത്രി പ്രതികരിച്ചത്.
പരീക്ഷ അടുത്തതോടെ ഹിജാബ് ധരിച്ച് പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് വിദ്യാഭ്യാസ ഓഫിസുകളില്‍ ലഭിക്കുന്നത്. ദക്ഷിണ കന്നഡയിലെയും ഉഡുപ്പിയിലെയും ന്യൂനപക്ഷ മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ ഹിജാബ് ധരിച്ചാണ് കാമ്പസിലെത്തുന്നത്.
പരീക്ഷാ ഹാളിലും ഈ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ട് നിരവധി വിദ്യാര്‍ഥികള്‍ സമീപിക്കുന്നതായി ദക്ഷിണ കന്നഡയിലെ ഒരു വിദ്യാഭ്യാസ ഓഫിസിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ‘ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.
Comments are closed for this post.