2023 March 27 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

നാഷനല്‍ ഹെറാള്‍ഡ് കേസ്: ഡി.കെ ശിവകുമാറിനെ ഇ.ഡി ചോദ്യംചെയ്തു

ന്യൂഡല്‍ഹി: നാഷനല്‍ ഹെറാള്‍ഡുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ കര്‍ണാടക കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിനെ ഇ.ഡി ചോദ്യംചെയ്തു. ഡല്‍ഹി എ.പി.ജെ അബ്ദുല്‍ കലാം റോഡിലെ ഇ.ഡി ഓഫിസിലാണ് ശിവകുമാര്‍ ഹാജരായത്.

നിയമം പാലിക്കുന്ന പൗരന്‍ എന്ന നിലയിലാണ് ഹാജരായതെന്നും എന്തിനാണ് വിളിപ്പിച്ചതെന്ന് അറിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. മറ്റൊരു ദിവസം ഹാജരാവാമെന്ന് അഭ്യര്‍ഥിച്ചെങ്കിലും ഇന്ന് ഒക്ടോബര്‍ ഏഴിന് തന്നെ എത്തണമെന്ന് ഇ.ഡി ആവശ്യപ്പെടുകയായിരുന്നുവെന്നും ശിവകുമാര്‍ അറിയിച്ചു.

ഭാരത് ജോഡോ യാത്രക്കിടെയാണ് ശിവകുമാര്‍ ഡല്‍ഹിയിലേക്ക് തിരിച്ചത്. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ സപ്തംബര്‍ 19ന് ഡല്‍ഹിയില്‍ ശിവകുമാറിനെ ഇ.ഡി ചോദ്യംചെയ്തിരുന്നു.

നാഷനല്‍ ഹെറാള്‍ഡിന് കീഴിലുള്ള യങ് ഇന്ത്യക്ക് ശിവകുമാറും അദ്ദേഹത്തിന്റെ സഹോദരനും എം.പിയുമായ ഡി.കെ സുരേഷും വന്‍തുക സംഭാവന നല്‍കിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ ചോദ്യംചെയ്യല്‍. ഇതിന്റെ ഉറവിടവും മറ്റ് വിശദാംശങ്ങളുമാണ് ഇ.ഡി അന്വേഷിക്കുന്നത്. ഇതേ വിഷയവുമായി ബന്ധപ്പെട്ട് സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, പവന്‍കുമാര്‍ ബന്‍സല്‍, തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് ജെ ഗീത റെഡ്ഡി എന്നിവരെയും മറ്റു ചില പാര്‍ട്ടി നേതാക്കളെയും ചോദ്യംചെയ്തിരുന്നു.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.