പുതുച്ചേരി: പുതുച്ചേരിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പി ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തുന്നതായി റിപ്പോര്‍ട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി പുതുച്ചേരി ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡന്റ് ആനന്ദ മദ്രാസ് ഹൈക്കോടതിയില്‍ ഹരജി നല്‍കി. വ്യക്തിവിവരങ്ങള്‍ ചോര്‍ത്തുകയും വാട്ട്‌സ് ആപ് നമ്പര്‍ ശേഖരിച്ച് പ്രചാരണ സന്ദേശമയക്കുകയും ചെയ്യുന്നുവെന്നാണ് ഹരജി.
പ്രാദേശിക ബി.ജെ.പി നേതാക്കള്‍ ആധാറില്‍നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചതായും പിന്നീട് ഓരോ മണ്ഡലങ്ങളിലും ബൂത്ത് ലെവല്‍ വാട്ട്‌സ് ആപ് ഗ്രൂപ്പുകള്‍ നിര്‍മ്മിച്ചതായും ഹരജിയില്‍ വ്യക്തമാക്കുന്നു. ബൂത്ത് അടിസ്ഥാനത്തില്‍ വോട്ടര്‍മാരെ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തനം. നിയമസഭ മണ്ഡലങ്ങളുടെ സന്ദേശങ്ങളും പ്രചാരണങ്ങളും പങ്കുവെക്കുന്നതിനാണ് ഇത്തരം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകള്‍ ഉപയോഗിക്കുന്നതെന്നും പരാതിക്കാരന്‍ പറയുന്നു.
ബി.ജെ.പി നേതാക്കള്‍ വോട്ടര്‍മാരെ ഫോണ്‍ വിളിച്ചതായും ഹരജിയിലുണ്ട്. പേര്, വോട്ടിങ് ബൂത്ത്, മണ്ഡലം തുടങ്ങിയ വിവരങ്ങളാണ് ഫോണിലൂടെ ആവശ്യപ്പെട്ടത്. ബി.ജെ.പി സ്ഥാനാര്‍ഥികള്‍ ഇത്തരത്തില്‍ വോട്ട് അഭ്യര്‍ഥിക്കുന്നത് തടയണമെന്നും സംഭവം അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്നും ഹരജിക്കാരന്‍ ആവശ്യപ്പെടുന്നു.
ഇത് ഗുരുതര കുറ്റമാണെന്നാണ് ഹരജി പരിഗണിക്കവെ മദ്രാസ് ഹൈക്കോടതി നിരീക്ഷിച്ചത്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. അന്വേഷണച്ചുമതല സൈബര്‍ സെല്ലിന് കൈമാറി തെരഞ്ഞെടുപ്പ് കമ്മീഷന് ഒഴിയാന്‍ സാധിക്കില്ലെന്നും കോടതി പറഞ്ഞു.
Comments are closed for this post.