2023 May 29 Monday
പോരാട്ടങ്ങളും യാതനകളും മനുഷ്യനെ പൂര്‍ണതയിലെത്തിക്കുന്നു. ഇന്ദിരാഗാന്ധി

സമരത്തിനെത്തിയ ഹരിയാനയിലെ യുവകര്‍ഷകന്‍ മരിച്ച നിലയില്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ പ്രതിഷേധത്തിനെത്തിയ ഹരിയാനയില്‍നിന്നുള്ള മുപ്പത്തിരണ്ടുകാരനായ കര്‍ഷകനെ മരിച്ച നിലയില്‍ കണ്ടെത്തി. ചൊവ്വാഴ്ച രാവിലെയാണ് അജയ് മോര്‍ എന്ന കര്‍ഷകനെ മരിച്ചനിലയില്‍ കണ്ടത്.

സിംഗു അതിര്‍ത്തിയില്‍ കൊടുംതണുപ്പിനെ അവഗണിച്ച് മറ്റു കര്‍ഷകര്‍ക്കൊപ്പം പത്തു ദിവസമായി സമരം ചെയ്യുകയായിരുന്നു അജയ്. ഹൈപ്പോതെര്‍മിയ (താഴ്ന്ന ശരീര താപനില) മൂലമാണ് അജയ് മരിച്ചതെന്നാണു കരുതുന്നത്. ഭാര്യയും മൂന്നു മക്കളും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്നതാണ് അജയിന്റെ കുടുംബം.

കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കഴിഞ്ഞ രണ്ടാവ്ചയായി സമരത്തിലാണ് രാജ്യത്തെ കര്‍ഷകര്‍. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ് ഭൂരിഭാഗവും. പ്രതിഷേധം ആരംഭിച്ചശേഷം അഞ്ചു മരണങ്ങളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ നിലപാടില്‍ മാറ്റം വരുത്തില്ലെന്ന കടുംപിടുത്തത്തിലാണ് കേന്ദ്രം. നിയമങ്ങളില്‍ ഭേദഗതി വരുത്താമെന്നാണ് കേന്ദ്ര നിലപാട്. അതേസമയം, ഭേദഗതി വരുത്തുകയാണ് പിന്‍വലിക്കുകയാണ് ചെയ്യേണ്ടതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കഴിഞ്ഞ രാത്രി ആഭ്യന്തരമന്ത്രി അമിത് ഷാ കര്‍ഷക സംഘടനാ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും വിജയിച്ചില്ല. ബുധനാഴ്ച കേന്ദ്ര സര്‍ക്കാരുമായി നടത്താനിരുന്ന ചര്‍ച്ച റദ്ദാക്കുകയും ചെയ്തു. ഉച്ചയ്ക്ക് നേതാക്കള്‍ യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ തീരുമാനിക്കും. പ്രതിപക്ഷ നേതാക്കള്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദിനെ കണ്ട് വിഷയത്തില്‍ ഇടപെടല്‍ ആവശ്യപ്പെടും.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.