
രക്ഷിതാക്കളുടെ പ്രതിഷേധത്തിനൊടുവില്‍ പിന്‍വലിച്ചു
അഞ്ചാം ക്ലാസ് മുതല്‍ പത്തു വരെയുള്ള കുട്ടികളെ കൊണ്ടാണ് കത്തെഴുതിപ്പിച്ചത്
അഹമ്മദാബാദ്: സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിച്ചുകൊണ്ട് ഗുജറാത്തിലെ സ്കൂളില്‍ വിദ്യാര്‍ത്ഥികളെക്കൊണ്ട് സ്കൂള്‍ അധികൃതര്‍ കത്തയപ്പിച്ചു. അഹമദാബാദിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. എന്നാല്‍ രക്ഷിതാക്കളുടെ പ്രതിഷേധത്തെത്തുടര്‍ന്ന് സ്കൂള്‍ അധികൃതര്‍ക്ക് കത്ത് പിന്‍വലിക്കേണ്ടി വന്നു.
അഞ്ച് മുതല്‍ പത്ത് വരെയുള്ള ക്ലാസിലെ കുട്ടികളെക്കൊണ്ട് പ്രധാനമന്ത്രിക്ക് പോസ്റ്റ്കാര്‍ഡ് അയപ്പിക്കുകയായിരുന്നു സ്കൂള്‍ അധികൃതര്‍.
‘അഭിനന്ദനങ്ങള്‍. ഇന്ത്യയിലെ ഒരു പൗരനായ ഞാന്‍ സി.എ.എ നടപ്പിലാക്കിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു. ഞാനും എന്റെ കുടുംബവും ആക്ടിനെ പിന്തുണക്കുന്നു’. ഇങ്ങനെയാണ് കത്തില്‍ എഴുതിയിരിക്കുന്നത്.
രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് സ്കൂള്‍ മാനേജ്മെന്റ് മാപ്പു പറയുകയും കത്ത് പിന്‍വലിക്കുകയുമായിരുന്നു. അധ്യാപകര്‍ തയ്യാറാക്കിയ എഴുത്ത് സ്കൂള്‍ അധികൃതര്‍ കുട്ടികളെ പകര്‍ത്തിയെഴുതിച്ച് പ്രധാനമന്ത്രിയുടെ അഡ്രസ്സിലേക്ക് അയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
‘എന്റെ മകള്‍ ആറാം ക്ലാസിലാണ് പഠിക്കുന്നത്. സ്കൂളിലെ അധ്യാപകര്‍ ക്ലാസിലെ മുഴുവന്‍ കുട്ടികളോടും പ്രധാനമന്ത്രിക്ക് സി.എ.എ വിഷയത്തില്‍ കത്തയക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മകളെ നിര്‍ബന്ധപൂര്‍വ്വം കത്തയപ്പിക്കുകയായിരുന്നുവെന്ന് അവള് പറഞ്ഞു. അത് ഞങ്ങള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ല’, ഒരു രക്ഷിതാവ് പറഞ്ഞു.
പരീക്ഷയ്ക്ക് തയ്യാറെടുത്തുകൊണ്ടിരിക്കുകയാണ് പത്താം ക്ലാസിലെ വിദ്യാര്‍ഥികള്‍. അവരേയും കത്തെഴുതാന്‍ നിര്‍ബന്ധിച്ചു. എതിര്‍ത്തവരെ ഇന്റേണല്‍ മാര്‍ക്ക് നല്‍കില്ലെന്ന് ഭീഷണിപ്പെടുത്തി. മറ്റൊരു രക്ഷിതാവ് പറഞ്ഞു. രക്ഷിതാക്കളുടെ അനുമതിയില്ലാതെ വീട്ടിലെ വിലാസത്തില്‍ കത്തെഴുതിക്കുന്നതിലൂടെ ഇവരെന്താണ് ലക്ഷമിടുന്നതെന്നും അദ്ദേഹം ചോദിച്ചു. കുട്ടികളെയും കത്തയ്ക്കാന്‍ നിര്‍ബന്ധിച്ചതായി ആരോപണമുണ്ട്.
Comments are closed for this post.