അഹമ്മദാബാദ്: ഷാരൂഖ് ഖാന്റെ ‘പഠാന്‍’ സിനിമയുടെ പ്രമോഷനെതിരെ ബജ്‌റംഗ്ദള്‍ പ്രതിഷേധം. അഹമ്മദാബാദിലെ കര്‍ണാവതിയിലെ മാളില്‍ അതിക്രമിച്ച് കയറി ബോര്‍ഡുകള്‍ തല്ലിത്തകര്‍ത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
ജയ് ശ്രീ റാം വിളിച്ചുകൊണ്ടാണ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ മാളിലേക്ക് അതിക്രമിച്ചുകയറിയത്. മാള്‍ അധികൃതര്‍ ഇവരെ തടയാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ പോസ്റ്ററുകള്‍ നശിപ്പിക്കുകയും ചെയ്തു.
ബജ്‌റംഗ്ദള്‍ ഗുജറാത്ത് ഘടകത്തിന്റെ വെരിഫൈഡ് അല്ലാത്ത ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ അക്രമത്തിന്റെ രണ്ട് വീഡിയോകള്‍ പുറത്തുവിട്ടിട്ടുണ്ട്. ”ഇന്ന് കര്‍ണാവതിയില്‍ സനാതന ധര്‍മത്തിനെതിരായ പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് മള്‍ട്ടിപ്ലക്‌സിനു മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ബജ്‌റംഗ്ദള്‍ അതിനു മറുപടി നല്‍കും. ‘ധര്‍മ്മ’യുടെ ബഹുമാനാര്‍ത്ഥം ബജ്‌റംഗ് ദള്‍” എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.
ഷാരൂഖിനെ അധിക്ഷേപിച്ച പ്രവര്‍ത്തകര്‍ സിനിമ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും മാളിനു പുറത്ത് മാര്‍ച്ച് ചെയ്യുകയും ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം. ഗുജറാത്തില്‍ ഒരിടത്തും പഠാന്‍ സിനിമ പ്രദര്‍ശിപ്പിക്കാന്‍ ബജ്‌റംഗ്ദള്‍ അനുവദിക്കില്ലെന്നും ട്വീറ്റില്‍ പറയുന്നു.
#BoycottPathanMovie
कर्णावती में आज बजरंगीयो ने #पठान की धुलाई की, सनातन धर्म विरोधी @iamsrk और टुकड़े गैंग की @deepikapadukone की मूवी अब नही चलने देंगे।
मल्टीप्लेक्स में जाकर चेतावनी दी, मूवी रिलीज की तो #बजरंगदल अपना तेवर दिखाए गा।
धर्म के सम्मान में BajrangDal मैदान में। pic.twitter.com/cth0STQRbj— Bajrang Dal Gujarat (@Bajrangdal_Guj) January 4, 2023
ഷാരൂഖ് ഖാനും ദിപീക പദുക്കോണും നായികാനായകന്‍മാരായ പഠാനിലെ ‘ബേഷറം രംഗ്’ എന്ന ഗാനം പുറത്തുവന്നതോടെയാണ് സിനിമ വിവാദങ്ങളില്‍ ഇടംപിടിക്കുന്നത്. ഗാനരംഗത്തില്‍ ദീപിക അണിഞ്ഞ വസ്ത്രത്തിന്റെ നിറമാണ് വിമര്‍ശകരെ ചൊടിപ്പിച്ചത്. ചിത്രം ബഹിഷ്‌കരിക്കണമെന്ന് ആവശ്യമുയരുകയും താരങ്ങളുടെ കോലം കത്തിക്കുകയും ചെയ്തിരുന്നു. പിന്നീട് സിനിമയില്‍ മാറ്റങ്ങള്‍ വേണമെന്ന് സെന്‍സര്‍ ബോര്‍ഡും ആവശ്യപ്പെട്ടു. ഗാനരംഗങ്ങളില്‍ ഉള്‍പ്പെടെ ചില മാറ്റങ്ങള്‍ വരുത്താനും പുതുക്കിയ പതിപ്പ് സമര്‍പ്പിക്കാനും നിര്‍മാതാക്കളോട് നിര്‍ദേശിച്ചെന്ന് സെന്‍സര്‍ ബോര്‍ഡ് ചെയര്‍പെഴ്‌സണ്‍ പ്രസൂണ്‍ ജോഷി അറിയിച്ചിരുന്നു.
Comments are closed for this post.