2024 February 29 Thursday
രാജീവ് ഗാന്ധി വധക്കേസില്‍ ജയില്‍മോചിതനായ ശാന്തന്‍ മരിച്ചു

കൊവിഡ് മരുന്ന് പൂഴ്ത്തിവച്ചു; ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരെന്ന് ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മുന്‍ ക്രിക്കറ്റ് താരവും ബി.ജെ.പി എം.പിയുമായ ഗൗതം ഗംഭീറിന്റെ പേരിലുള്ള ഫൗണ്ടേഷന്‍ നിയമവിരുദ്ധമായ കൊവിഡ് മരുന്നുകള്‍ സംഭരിച്ചെന്ന് ഡല്‍ഹി ഹൈക്കോടതി. കൊവിഡ് മരുന്ന് പൂഴ്ത്തിവച്ച സംഭവത്തില്‍ ഗൗതം ഗംഭീര്‍ ഫൗണ്ടേഷന്‍ കുറ്റക്കാരെന്നും കോടതി കണ്ടെത്തി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ(ഡി.സി.ജി.ഐ)യാണ് ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഗൗതം ഗംഭീര്‍ ഫൗണ്ടേഷനെതിരായ ആരോപണം കോടതിയില്‍ ശരിവച്ചത്.

മരുന്നു പൂഴ്ത്തിവച്ചതിനെതിരെ ഫൗണ്ടേഷനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഡി.സി.ജി.ഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ ഒട്ടും അമാന്തമുണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മരുന്നു വിതരണക്കാര്‍ക്കും ഇതില്‍ പങ്കുണ്ടെന്നും അവര്‍ക്കെതിരെയും നടപടി വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. ആളുകള്‍ മരുന്നിന് ക്ഷാമം നേരിടുമ്പോള്‍ ഇത്തരത്തില്‍ ശേഖരിച്ചുവെക്കുന്നത് വലിയ തെറ്റാണെന്ന് കോടതി നിരീക്ഷിച്ചു.

കൊവിഡ് രോഗികള്‍ക്കു നല്‍കുന്ന ഫാബിഫ്ളു മരുന്നാണ് ഫൗണ്ടേഷന്‍ വലിയ തോതില്‍ ശേഖരിച്ചു പൂഴ്ത്തിവച്ചത്. സംഭവത്തില്‍ നേരത്തെ ഡി.സി.ജി.ഐ ഗംഭീര്‍ ഫൗണ്ടേഷന് ക്ലീന്‍ചിറ്റ് നല്‍കിയിരുന്നു. ഇതില്‍ ഡിസിജിഐയെ കടുത്ത സ്വരത്തില്‍ ശാസിച്ച കോടതി സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അധികൃതര്‍ പുതിയ അന്വേഷണ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചത്.

എ.എ.പി എം.എല്‍.എ പ്രവീണ്‍ കുമാറും സമാനമായ മറ്റൊരു കേസില്‍ കുറ്റക്കാരനാണെന്ന് ഡി.സി.ജി.ഐ കോടതിയെ അറിയിച്ചു.

കേസുകളില്‍ കൂടുതല്‍ അന്വേഷണം നടത്തി ആറ് ആഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ വാദംകേള്‍ക്കല്‍ ജൂലൈ 29ലേക്ക് നീട്ടിവച്ചിട്ടുണ്ട്.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.