2022 December 07 Wednesday
ലോകത്തില്‍ മാറ്റങ്ങള്‍ വരണമെന്ന് ഏവരും ആഗ്രഹിക്കുന്നു. എന്നാല്‍ സ്വയം മാറ്റത്തിനു വിധേയനവാന്‍ ആരും തയ്യാറല്ല താനും. ലിയോ ടോള്‍സ്റ്റോയ്

എ.ഐ.സി.സി പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ജി23 നേതാക്കളുടെ പിന്തുണ ഖാര്‍ഗെയ്ക്ക്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തിരുത്തല്‍വാദികളായ ജി23 നേതാക്കളുടെ പിന്തുണ മല്ലികാര്‍ജുന ഖാര്‍ഗെയ്ക്ക്. ആനന്ദ് ശര്‍മ, മനീഷ് തിവാരി, ദീപേന്ദര്‍ ഹൂഡെ, പ്രിഥ്വിരാജ് ചവാന്‍ തുടങ്ങിയവര്‍ പരസ്യ പിന്തുണയുമായി രംഗത്തെത്തി.

ആനന്ദ് ശര്‍മ, മനീഷ് തിവാരി എന്നിവര്‍ ഖാര്‍ഗെയുടെ പത്രികയില്‍ ഒപ്പിട്ടു. ദീപേന്ദര്‍ ഹൂഡെയും പത്രികയില്‍ ഒപ്പിട്ടുണ്ട്. ഹൈക്കമാന്‍ഡ് പിന്തുണയുള്ള സ്ഥാനാര്‍ഥിയെ തന്നെയാണ് ജി23 നേതാക്കളും പിന്തുണയ്ക്കുന്നത്.

ഖാര്‍ഗെയുടെ പത്രികയില്‍ എ.കെ ആന്റണിയടക്കം ഗാന്ധി കുടുംബവുമായി അടുത്ത് ബന്ധമുള്ളവര്‍ ഒപ്പുവെച്ചിട്ടുണ്ട്. ഇതോടെ ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ള ഔദ്യോഗിക സ്ഥാനാര്‍ഥിയെന്ന പരിവേഷമാണ് ഖാര്‍ഗേയ്ക്ക് ലഭിക്കുന്നത്. ഔദ്യോഗിക സ്ഥാനാര്‍ഥിയുണ്ടാവില്ലെന്നും ആര്‍ക്കും മത്സരിക്കാമെന്നുമാണ് സോണിയ ഗാന്ധി അറിയിച്ചതെങ്കിലും ഗാന്ധി കുടുംബത്തിന്റെ പിന്തുണയുള്ളവര്‍ക്ക് വോട്ട് നല്‍കുമെന്നാണ് കേരളത്തിലെ പ്രമുഖ നേതാക്കളുടെ ഉള്‍പ്പെടെ നിലപാട്.

ജി23 നേതാക്കളുടെ പിന്തുണ അവരില്‍ ഒരാളായിരുന്ന ശശി തരൂരിനല്ല എന്നാണ് വ്യക്തമാകുന്നത്. ജി 23 പ്രതിനിധിയായല്ല താന്‍ മത്സരിക്കുന്നതെന്ന് തരൂര്‍ നേരത്തെ പറഞ്ഞിരുന്നു. അവരുടെ പിന്തുണ തേടിയിട്ടുമില്ല. ജി 23 ഒരു സംഘടനയല്ല. ആ പദം മാധ്യമ സൃഷ്ടിയാണ്. കൊവിഡ് ലോക്ക്ഡൗണ്‍ കാലത്ത് ഡല്‍ഹിയിലുണ്ടായിരുന്ന 23 പേര്‍ ചേര്‍ന്ന് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ള ഒരു കത്തില്‍ ഒപ്പിട്ടു എന്ന സാംഗത്യമേ ജി 23നുള്ളൂ. പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് അല്ലാതെ തകര്‍ക്കുകയല്ല തന്റെ സ്ഥാനാര്‍ഥിത്വത്തിന്റെ ഉദ്ദേശ്യം. ജി 23 വരുന്നതിനും മുന്‍പ് 2014 മുതല്‍ മുന്നോട്ടുവെയ്ക്കുന്ന ചില പരിഷ്‌കാരങ്ങളുടെ വക്താവെന്ന നിലയിലാണ് തെരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഏതെങ്കിലും ഒരു ഗ്രൂപ്പിന്റെയല്ല, മുഴുവന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയും പിന്തുണയാണ് ഈ പോരാട്ടത്തില്‍ താന്‍ പ്രതീക്ഷിക്കുന്നതെന്നും ശശി തരൂര്‍ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾക്കും വീഡിയോകൾക്കും സബ്‌സ്ക്രൈബ് ചെയ്യുക

Advt.


കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ സുപ്രഭാതത്തിന്റേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

Comments are closed for this post.

Latest News