ഡല്‍ഹി: സാധാരണക്കാര്‍ക്കു മേല്‍ ദുരന്തപ്പെയ്ത്തായി രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 87 പൈസയും ഡീസലിന് 85 പൈസയുമാണ് വര്‍ധിപ്പിച്ചത്. 10 ദിവസത്തിനിടെ പെട്രോളിന് 8 രൂപ 71 പൈസയും ഡീസലിന് 8 രൂപ 42 പൈസയുമാണ് കൂട്ടിയത്.
തിരുവനന്തപുരത്ത് പെട്രോളിന് 115 രൂപ 1 പൈസയും ഡീസലിന് 101 രൂപ 85 പൈസയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 113 രൂപ 2 പൈസയും ഡീസലിന് 99 രൂപ 98 പൈസയുമായി. കോഴിക്കോട് പെട്രോളിന് 113 രൂപ 16 പൈസയും ഡീസലിന് 100 രൂപ 14 പൈസയുമായി വര്‍ധിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധന വില വര്‍ധിപ്പിച്ചിരുന്നില്ല. തെരഞ്ഞെടുപ്പിന് പിന്നാലെ ഇന്ധനവില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഫലം വന്ന് ഒരാഴ്ച കഴിഞ്ഞതോടെയാണ് വില വര്‍ധന തുടങ്ങിയത്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ ഇന്ധനവില വര്‍ധനവിന് ഇപ്പോള്‍ ഇടവേളയില്ല.
അതേസമയം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് വിലയില്‍ കുറവുണ്ടായി. മൂന്നു ദിവസത്തിനിടെ 6 ശതമാനം വിലയിടിഞ്ഞു. കുറഞ്ഞ വിലയ്ക്ക് റഷ്യയില്‍ നിന്ന് ക്രൂഡ് ഓയില്‍ വാങ്ങുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. യുദ്ധത്തിന് മുന്‍പുള്ള വിലയ്ക്ക് ക്രൂഡ് ഓയില്‍ നല്‍കാമെന്നാണ് റഷ്യയുടെ വാഗ്ദാനം.
Comments are closed for this post.